അർജന്റീനക്കെതിരെ വമ്പൻ അഴിച്ചുപണികളുമായി തുഷേൽ; ഇംഗ്ലണ്ട് നിരയിൽ മൂന്ന് മാറ്റം

അറ്റ്‌ലാന്റ: അർജന്റീനക്കെതിരായ നിർണായക ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന ഇംഗ്ലണ്ട് ടീമിൽ വമ്പൻ മാറ്റങ്ങൾ. ഫുൾ ബാക്ക് പൊസിഷനുകളിലും വലതുവിങ്ങിലും നിർണായക മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ തോമസ് തുഷേൽ അർജന്റീനയെ നേരിടാൻ കളമൊരുക്കിയിരിക്കുന്നത്. എസ്‌റി കോൻസ, നിക്കോ ഒറെയ്‌ലി, നോണി മഡുവെക്കെ എന്നിവരെ ഒഴിവാക്കി റീസ് ജെയിംസ്, ജെഡ് സ്പെൻസ്, മോർഗൻ റോജേഴ്സ് എന്നിവരെ തുഷൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി.

നോർവേയ്‌ക്കെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ വിജയഗോളിന് വഴിതെളിച്ച ലോങ് റേഞ്ച് ഷോട്ടിന് പിന്നിൽ റോജേഴ്സിന്റെ മികവായിരുന്നു. തുഷലിന്റെ പ്രിയതാരമായ റോജേഴ്സ് ഏത് പൊസിഷനിലും കളിക്കാൻ കെൽപ്പുള്ളവനാണ്.

പ്രതിരോധനിരയിലും തുഷൽ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ഘാനയ്‌ക്കെതിരായ മത്സരത്തിനിടെ ഹാംസ്ട്രിങ് പരിക്കേറ്റ റീസ് ജെയിംസ് പൂർണ കായികക്ഷമത വീണ്ടെടുത്ത് തിരിച്ചെത്തി. എസ്‌റി കോൻസയ്ക്ക് പകരക്കാരനായി റൈറ്റ് ബാക്കിൽ ജെയിംസ് സ്ഥാനം പിടിച്ചപ്പോൾ, നിക്കോ ഒറെയ്‌ലിക്ക് പകരം ജെഡ് സ്പെൻസ് ലെഫ്റ്റ് ബാക്ക് പൊസിഷനിലും ഇടംനേടി. മുൻപും കടുത്ത തീരുമാനങ്ങളെടുക്കാൻ മടിക്കാത്ത തുഷൽ, ഇത്തവണയും തന്റെ തന്ത്രങ്ങളിൽ പൂർണ വിശ്വാസമാണർപ്പിക്കുന്നത്.

ഇംഗ്ലണ്ട് ആദ്യ ഇലവൻ (4-2-3-1):

പിക്ഫോർഡ് (ഗോൾകീപ്പർ); റീസ് ജെയിംസ്, സ്റ്റോൺസ്, ഗുയി, സ്പെൻസ് (പ്രതിരോധം); റൈസ്, ആൻഡേഴ്സൺ (മധ്യനിര); റോജേഴ്സ്, ബെല്ലിങ്ഹാം, ഗോർഡൻ (അറ്റാക്കിങ് മിഡ്ഫീൽഡ്); ഹാരി കെയ്ൻ (സ്ട്രൈക്കർ).

Tags:    
News Summary - England's Bold Selection: Tuchel Makes Key Changes for Argentina Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.