റഫറി പോരെന്ന് ഫ്രഞ്ച് പരിശീലകൻ, കളിക്കാഞ്ഞിട്ടാണ് തോറ്റതെന്ന് ചെർക്കി

ലോകകപ്പ് സെമിഫൈനലിൽ സ്പെയിനിനോട് ഏറ്റുവാങ്ങിയ തോൽവിക്ക് പിന്നാലെ ഫ്രഞ്ച് ക്യാമ്പിൽ ഭിന്നത. സാങ്കേതികവും തന്ത്രപരവുമായ പിഴവുകൾ കാരണം ഞങ്ങൾ നന്നായി കളിച്ചില്ലെന്ന് നായകൻ കിലിയൻ എംബാപ്പെ ഉൾപ്പെടെയുള്ളവർ സമ്മതിക്കുമ്പോഴും, പരാജയത്തിന്റെ ഉത്തരവാദികളെച്ചൊല്ലി പരിശീലകനും യുവതാരവും ഇരുധ്രുവങ്ങളിലാണ്. പരിശീലകൻ ദിദിയർ ദെഷാംപ്സ് റഫറിയെ കുറ്റപ്പെടുത്തുമ്പോൾ, റഫറിയെ പറയുന്നതിൽ കാര്യമില്ലെന്നും സ്വന്തം പിഴവുകൾ കൊണ്ടാണ് തോറ്റതെന്നുമാണ് മധ്യനിര താരം റയാൻ ചെർക്കിയുടെ പരസ്യ പ്രതികരണം.

മത്സരത്തിൽ സ്പെയിന് അനുകൂലമായി പെനൽറ്റി അനുവദിച്ചതുൾപ്പെടെ, കളി നിയന്ത്രിച്ച സാൽവഡോറൻ റഫറി ഇവാൻ ബാർട്ടന്റെ പല തീരുമാനങ്ങളും ഫ്രഞ്ച് നിരയെ പ്രകോപിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ദെഷാംപ്സ് കടുത്ത ഭാഷയിൽ രംഗത്തെത്തിയത്. "ഞാനൊരു ചോദ്യം ചോദിക്കാം, ഒരു ലോകകപ്പ് സെമിഫൈനൽ പോലൊരു വലിയ മത്സരം നിയന്ത്രിക്കാൻ ആവശ്യമായ യോഗ്യത ഈ റഫറിക്കുണ്ടോ?" എന്നായിരുന്നു മത്സരശേഷം മാധ്യമങ്ങളോട് ദെഷാംപ്സ് ചോദിച്ചത്.

എന്നാൽ പരിശീലകന്റെ ഈ റഫറി പ്രയോഗത്തെ പൂർണ്ണമായും തള്ളിക്കളയുന്നതായിരുന്നു റയാൻ ചെർക്കിയുടെ വാക്കുകൾ. റഫറിയെ പ്രതിക്കൂട്ടിൽ നിർത്തി രക്ഷപ്പെടാൻ കഴിയില്ലെന്ന് താരം വ്യക്തമാക്കി. "കടുത്ത നിരാശയാണ് ഈ മത്സരഫലം സമ്മാനിച്ചിരിക്കുന്നത്. എന്നാൽ ഇന്ന് ഞങ്ങൾ ഞങ്ങളോട് തന്നെയാണ് തോറ്റത്. അത് റഫറി കാരണവുമല്ല, സ്പെയിൻ നമ്മളേക്കാൾ മികച്ചതായതുകൊടുമല്ല. ഈ ടൂർണമെന്റിൽ എല്ലാ ടീമുകൾക്കും ഞങ്ങളെ ഭയമായിരുന്നു എന്ന് നിങ്ങൾക്കറിയാം. എന്നാൽ ഞങ്ങളെ ടൂർണമെന്റിൽ നിന്ന് പുറത്താക്കാൻ കെൽപ്പുള്ള ഒരേയൊരു ടീം ഞങ്ങൾ മാത്രമായിരുന്നു, മൈതാനത്ത് ഞങ്ങൾ അത് ചെയ്യുകയും ചെയ്തു" - ചെർക്കി തുറന്നടിച്ചു.

തന്ത്രപരമായും സാങ്കേതികമായും കളിക്കളത്തിലെ നീക്കങ്ങളിൽ ടീം പൂർണ്ണമായും പിന്നിലായിപ്പോയെന്ന് ചെർക്കി കൂട്ടിച്ചേർത്തു. സ്പാനിഷ് മധ്യനിരയുടെ ത്രയങ്ങളായ റോഡ്രി, ഡാനി ഓൽമോ, ഫാബിയൻ റൂയിസ് എന്നിവർക്ക് മുന്നിൽ ഫ്രാൻസിന്റെ റാബിയോട്ട് - ചൗമേനി സഖ്യം നിഷ്പ്രഭമായത് പരാജയത്തിന്റെ ആക്കം കൂട്ടി.

എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫ്രാൻസിനെ തകർത്തുവിട്ടാണ് സ്പെയിൻ 2026 ലോകകപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന അർജന്റീന - ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെയായിരിക്കും ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ സ്പെയിൻ നേരിടുക. തോൽവിയോടെ കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായ ഫ്രാൻസിന് ഇനി മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്സ് ഫൈനലിൽ കളിക്കേണ്ടി വരും.

Tags:    
News Summary - Rift in French Camp: Didchier Deschamps Blames Referee While Rayan Cherki Blames Internal Failures for World Cup Exit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.