അറ്റ്‌ലാന്റ : ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായി തുടരുന്നു. ആദ്യ പകുതി പിന്നിടുമ്പോൾ ഇരുടീമുകളും ഗോളടിക്കാനാവാതെ കടുത്ത പ്രതിരോധത്തിലാണ്. അറ്റ്‌ലാന്റയിലെ മെഴ്‌സിഡീസ് ബെൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തുടക്കം മുതൽ ഇരുടീമുകളും പരുക്കൻ കളിയാണ് പുറത്തെടുത്തത്. ആദ്യപകുതിയിൽ മാത്രം 20 ലധികം തവണയാണ് റഫറിക്ക് ഫൗളിനായി വിസിലൂതേണ്ടി വന്നത്. 12 തവണ അർജന്‍റീന ഫൗൾ ചെയ്തപ്പോൾ ഏഴ് തവണ ഇംഗ്ലണ്ടും ഫൗൾ പുറത്തെടുത്തു. 37 -ാം മിനിറ്റിൽ മെസ്സിയെ ഫൗൾ ചെയ്തതിന് ഇംഗ്ലണ്ടിന്‍റെ എലിയറ്റ് ആൻഡേഴ്സണും 42-ാം മിനിറ്റിൽ അർജന്‍റീന പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനസിനും യെല്ലോ കാർഡ് ലഭിച്ചു.
ഇംഗ്ലണ്ട് പരിശീലകൻ തോമസ് തുഷേൽ പതിവിൽ കവിഞ്ഞ അഴിച്ചുപണികളുമായാണ് ഇന്നിറങ്ങിയത്. മധ്യനിരയിൽ ഡെക്ലൻ റൈസിനൊപ്പം എലിയറ്റ് ആൻഡേഴ്സനെയും മോർഗൻ റോജേഴ്സിനെയും അണിനിരത്തി മധ്യനിരയിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അർജന്റീനയാകട്ടെ തങ്ങളുടെ പഴയ തട്ടകത്തിൽ തന്നെ ഉറച്ചുനിൽക്കുന്നു. ഡി പോളിന് പകരം ജിയുലിയാനോ സിമിയോണിയെ വിങ്ങിൽ ഇറക്കി അറ്റാക്കിങ് ട്രാൻസിഷൻ വർധിപ്പിക്കാനുള്ള സ്കലോണിയുടെ നീക്കം തുടക്കം മുതൽ തന്നെ വ്യക്തമായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും തങ്ങളുടെ സാന്നിധ്യം അറിയിച്ചു. പത്താം മിനിറ്റിൽ മോർഗൻ റോജേഴ്സ് കോർണർ നേടിയെടുത്തെങ്കിലും ഇംഗ്ലണ്ടിന് അത് മുതലാക്കാനായില്ല. ഇരുപതാം മിനിറ്റിൽ ഹാരി കെയ്ൻ വഴി ഇംഗ്ലണ്ട് നടത്തിയ നീക്കം അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തകർപ്പൻ സേവിലൂടെ വിഫലമാക്കി.
നാല്പതാം മിനിറ്റിൽ മെസ്സിയുടെ വകയായിരുന്നു കളിയിലെ ഏറ്റവും മികച്ച നിമിഷം. ഫ്രീകിക്ക് പെട്ടെന്ന് എടുത്ത് ലിയാൻഡ്രോ പരേഡസിൽ നിന്ന് പന്ത് തിരിച്ചുവാങ്ങിയ മെസ്സി ഇംഗ്ലീഷ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി. എന്നാൽ മെസ്സിയുടെ ആദ്യ ഷോട്ട് ഹാരി കെയ്ൻ ബ്ലോക്ക് ചെയ്തു. പന്ത് ലഭിച്ച എൻസോ ഫെർണാണ്ടസ് തൊടുത്ത തകർപ്പൻ ഷോട്ട് ഇംഗ്ലീഷ് പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.