ഡാളസ്: ലോകകപ്പ് സെമിഫൈനലിൽ സ്പെയിനോടേറ്റ പരാജയത്തിന് പിന്നാലെ ഫ്രഞ്ച് ഫുട്ബോളിൽ വൻ അഴിച്ചുപണി. നീണ്ട നാളത്തെ വിജയകരമായ സേവനത്തിന് ശേഷം ഫ്രാൻസ് ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ദിദിയർ ദെഷാംപ്‌സ് ഒഴിയും. ലൂസേഴ്‌സ് ഫൈനൽ ആയിരിക്കും പരിശീലകനായി തന്റെ അവസാന മത്സരം എന്ന് ദെഷാംപ്‌സ് അറിയിച്ചു കഴിഞ്ഞു. 1998 ൽ ലോകകപ്പ് നേടിയപ്പോൾ ഫ്രഞ്ച് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന ദെഷാംപ്‌സിനൊപ്പം കളിച്ച ഫ്രഞ്ച് ടീമിന്റെ മധ്യനിരയിലെ കുന്തമുനയായ സിനദിൻ സിദാൻ ഫ്രാൻസ് ടീം മുഖ്യപരിശീലകൻ ആകും. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഫ്രഞ്ച് സ്പാനിഷ് മാധ്യമങ്ങളുടെ റിപോർട്ടുകൾ പ്രകാരം ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷനുമായി സിദാൻ ധാരണയായി.
കളിക്കാരനായും പരിശീലകനായും ഫ്രാൻസിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച അപൂർവ്വ നേട്ടത്തിന് ഉടമയാണ് ദിദിയർ ദെഷാംപ്‌സ്. 1998-ൽ ഫ്രാൻസ് ആദ്യമായി ലോകകപ്പ് ഉയർത്തുമ്പോൾ താരം എന്ന നിലയിൽ ടീമിനെ നയിച്ച അദ്ദേഹം, 2018-ൽ പരിശീലകനായി ഫ്രാൻസിന് രണ്ടാം ലോകകപ്പ് കിരീടവും സമ്മാനിച്ചു. 2018, 2022 ലോകകപ്പുകളിൽ തുടർച്ചയായി ഫ്രാൻസിനെ ഫൈനലിലേക്ക് നയിച്ചതും ദെഷാംപ്സിന്റെ തന്ത്രങ്ങളായിരുന്നു.
കാത്തിരുന്ന ദൗത്യവുമായി സിദാൻ
ദെഷാംപ്സിന് പകരക്കാരനായി എത്തുന്ന സിനദിൻ സിദാനും 1998-ൽ ഫ്രാൻസിനൊപ്പം ലോകകപ്പ് കിരീടം ചൂടിയ ഇതിഹാസമാണ്. 2006 ലോകകപ്പിൽ ഫ്രാൻസിനെ ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സിദാന്റെ കരിയറിലെ അവസാന മത്സരം കൂടിയായിരുന്നു അത്.
2021-ൽ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം സിദാൻ മറ്റൊരു ടീമിന്റെയും ചുമതലയേറ്റിരുന്നില്ല. ലോകകപ്പിന് മുന്നോടിയായി അമേരിക്കൻ ദേശീയ ടീമിന്റെ പരിശീലകനാകാൻ വൻ ഓഫർ വന്നിരുന്നെങ്കിലും ഫ്രാൻസ് ദേശീയ ടീമിനെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യമുള്ളതിനാൽ സിദാൻ അത് നിരസിക്കുകയായിരുന്നു.
"ദേശീയ ടീമിന്റെ പരിശീലകനാകുക എന്നത് തന്റെ വലിയൊരു ആഗ്രഹമാണെന്നും എന്നെങ്കിലും ഒരുനാൾ അത് സംഭവിക്കുമെന്നും" കഴിഞ്ഞ വർഷം ഒരു ചടങ്ങിൽ സിദാൻ വ്യക്തമാക്കിയിരുന്നു. റയൽ മാഡ്രിഡിനെ തുടർച്ചയായ മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്കും ആകെ 11 പ്രധാന ട്രോഫികളിലേക്കും നയിച്ച സിദാന്റെ പരിശീലക മികവ് ഫ്രഞ്ച് പടയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.