ആൻഫീൽഡിൽ ലിവർപൂൾ തരിപ്പണം! നോട്ടിങ്ഹാമിന്‍റെ ജയം മൂന്നു ഗോളിന്; ചെൽസിക്കും ക്രിസ്റ്റൽ പാലസിനും ജയം

ലണ്ടൻ: പ്രീമിയർ ലീഗിൽ ലിവർപൂളിന്‍റെ കഷ്ടകാലം തുടരുന്നു! സ്വന്തം തട്ടകമായ ആൻഫീൽഡിൽ ചെമ്പടയെ പോയന്‍റ് പട്ടികയിൽ ഏറെ പിന്നിലുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് നാണംകെടുത്തി.

മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചാമ്പ്യന്മാരെ തകർത്തത്. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോടും ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ലിവർപൂൾ തോറ്റമ്പിയത്. നോട്ടിങ്ഹാമിനായി മുറീലോ, നിക്കോളോ സാവോണ, മോർഗൻ ഗിബ്സ് വൈറ്റ് എന്നിവരാണ് വലകുലുക്കിയത്. സീസണിൽ ലിവർപൂളിന്‍റെ ആറാം തോൽവിയാണിത്. നിലവിൽ 12 മത്സരങ്ങളിൽനിന്ന് 18 പോയന്‍റുമായി പട്ടികയിൽ 11ാം സ്ഥാനത്താണ് ആർനെ സ്ലോട്ടിന്‍റെ സംഘം.

ആൻഫീൽഡിൽ ലിവർപൂളിന് തൊട്ടതെല്ലാം പിഴക്കുന്നതാണ് കണ്ടത്. പന്തടക്കത്തിൽ ബഹുദൂരം മുന്നിൽനിന്നിട്ടും നോട്ടിങ്ഹാം പ്രതിരോധം മറികടക്കാൻ ലിവർപൂളിന്‍റെ പേരുകേട്ട താരങ്ങൾക്കായില്ല. 33ാം മിനിറ്റിൽ മുറില്ലോയാണ് സന്ദർശകർക്ക് ആദ്യം ലീഡ് നേടികൊടുത്തത്. ഗോൾ മടക്കാനുള്ള ആതിഥേയരുടെ നീക്കങ്ങളൊന്നും ഫലംകണ്ടില്ല. 1-0 എന്ന സ്കോറിനാണ് ഇടവേളക്കു പിരിഞ്ഞത്. രണ്ടാം പകുതി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ നോട്ടിങ്ഹാം ലിവർപൂളിനെ ഞെട്ടിച്ചു. 46ാം മിനിറ്റിൽ നെക്കോ വില്യംസിന്‍റെ അസിസ്റ്റിൽ നിക്കോളോ സാവോണ ലീഡ് ഇരട്ടിയാക്കി.

ഫെഡറിക്കോ കിയേസ, ആൻഡി റോബർട്ട്സൺ, ഫോർവേഡ് ഹ്യൂഗോ എകിറ്റികെ എന്നിവരെ കളത്തിലിറക്കിയെങ്കിലും ലിവർപൂളിന് നോട്ടിങ്ഹാം പ്രതിരോധം മറികടക്കാനായില്ല. 78ാം മിനിറ്റിൽ മോർഗൻ ഗിബ്സ് വൈറ്റ് കൂടി ഗോൾ നേടിയതോടെ ചെമ്പടയുടെ തോൽവി ഉറപ്പിച്ചു.

മറ്റൊരു മത്സരത്തിൽ പെഡ്രോ നെറ്റോയും എൻസോ ഫെർണാണ്ടസും വല കുലുക്കിയ ദിനത്തിൽ ബേൺലിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെൽസി മുട്ടുകുത്തിച്ചത്. കളിയുടെ ഇരു പകുതികളിലായാണ് ഗോളുകൾ പിറന്നത്. ഇതോടെ, ചെറിയ ഇടവേളയിലെങ്കിലും പോയിന്റ് പട്ടികയിൽ ചെൽസി രണ്ടാം സ്ഥാനത്തേക്ക് കയറി. കരുത്തരായ ബാഴ്സലോണ, ആഴ്സനൽ എന്നിവക്കെതിരെ വരുംദിനങ്ങളിൽ കടുത്ത പോരാട്ടം വരാനിരിക്കെ ടീമിന് ആത്മവിശ്വാസം പകരുന്നതാണ് വിജയം. ചൊവ്വാഴ്ച സ്വന്തം മൈതാനത്താണ് ബാഴ്സയുമായി ചാമ്പ്യൻസ് ലീഗ് പോരാട്ടം. നവംബർ 30ന് ഗണ്ണേഴ്സിനെയും നേരിടും.

മറ്റു മത്സരങ്ങളിൽ ബ്രൈറ്റൺ 2-1ന് ബ്രെന്‍റ്ഫോർഡിനെയും ഫുൾഹാം 1-0ത്തിന് സണ്ടർലാൻഡിനെയും ക്രിസ്റ്റൽ പാലസ് 2-0ത്തിന് വൂൾവ്സിനെയും തോൽപിച്ചു. ബേൺമൗത്ത്-വെസ്റ്റ്ഹാം മത്സരം രണ്ടുഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Tags:    
News Summary - English Premier League: Liverpool 0-3 Nottingham Forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.