അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫൻറിനോയും
വാഷിങ്ടൺ: ലോകകപ്പ് ഫുട്ബാളിലേക്ക് നാളുകൾ എണ്ണികാത്തിരിക്കെ അമേരിക്കയിലെ വേദികൾ മാറ്റുമെന്ന ഭീഷണി തുടർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിപക്ഷമായ ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള നഗരങ്ങളിലെ ലോകകപ്പ് വേദികളുടെ പേരിലാണ് പ്രസിഡന്റ് ട്രംപ് സുരക്ഷയുടെ പേരിൽ വേദിമാറ്റ മുന്നറിയിപ്പ് ആവർത്തിക്കുന്നത്.
ട്രംപിനെതിരെ കടുത്ത എതിർപ്പുള്ള ബോസ്റ്റൺ നഗരത്തിലെ ലോകകപ്പ് വേദിയാണ് പ്രസിഡന്റിനെ ഇപ്പോൾ കലിപ്പിലെത്തിച്ചത്. ബോസ്റ്റൺ സുരക്ഷിതമല്ലെന്ന് തോന്നിയാൽ ഫിഫയോട് വേദിമാറ്റാൻ ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കി.
ട്രംപിനെതിരെ അമേരിക്ക കണ്ട വലിയ പ്രക്ഷോഭങ്ങളിലൊന്നായ ‘നോ കിങ് മാർച്ച്’ പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രം ബോസ്റ്റൺ തലസ്ഥാനമായ മസാച്യൂസെറ്റ്സ് ആണെന്നതാണ് ട്രംപിനെ ഇപ്പോൾ കലിതുള്ളിക്കുന്നത്. ശനിയാഴ്ച ഇവിടെ നടന്ന കൂറ്റൻ പ്രതിഷേധത്തിൽ ഒരു ലക്ഷത്തോളം പേരാണ് അണിനിരന്നത്. ട്രംപ് ഏകാധിപതി ചമയേണ്ടെന്നും, അമേരിക്കക്ക് രാജാവല്ല, പ്രസിഡന്റാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് 50 സംസ്ഥാനങ്ങളിലായി 2500 പ്രതിഷേധം അരങ്ങേറിയതിന്റെ കലിപ്പിലാണ് പ്രധാന കേന്ദ്രമായ ബോസ്റ്റണിനെതിരെ സുരക്ഷാ ഭീഷണിയുമായി വീണ്ടും ട്രംപ് രംഗത്തെത്തിയത്.
ഏതെങ്കിലും നഗരം സുരക്ഷിതമല്ലെന്ന് തോന്നിയാൽ ഫിഫ പ്രസിഡന്റിനെ വിളിച്ച് ലോകകപ്പ് വേദി മാറ്റാൻ ആവശ്യപ്പെടുമെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടായി ട്രംപ് പറഞ്ഞു. ഏതാനും ആഴ്ചകൾ മുമ്പും ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലെ ലോകകപ്പ് വേദി ആവശ്യമായാൽ മാറ്റുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഫിഫ വൈസ് പ്രസിഡന്റ് ശക്തമായ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.
ഏറ്റവും ഒടുവിൽ ശനിയാഴ്ചത്തെ മാർച്ചിനു പിന്നാലെയും പ്രസിഡന്റ് ഇക്കാര്യം ആവർത്തിച്ചു. ‘ആരുടെയെങ്കിലും ജോലി മോശമായാലോ, വേദിയുടെ സുരക്ഷയിൽ പ്രശ്നമുണ്ടെന്നോ തോന്നിയാൽ ഫിഫ പ്രസിഡന്റ് ജിയാനിയെ (ഇൻഫാന്റിനോ) ഞാൻ വിളിക്കും. ‘നമുക്ക് ഇത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാം’ എന്ന് ഞാൻ ആവശ്യപ്പെട്ടാൽ അദ്ദേഹം അത് ചെയ്യും. അവർക്കത് ഇഷ്ടമുള്ള കാര്യമല്ല. പക്ഷേ, എനിക്കുവേണ്ടി അത് ചെയ്യും. ഇപ്പേൾ അതിനുള്ള ശരിയായ സമയം കൂടിയാണ്’ -ട്രംപ് പറഞ്ഞു.
ബോസ്റ്റൺ മേയറും ഡെമോക്രാറ്റ് നേതാവുമായ മൈകൽ വുവിനെയും ട്രംപ് അധിക്ഷേപിച്ചു. ബുദ്ധിമാനാണെങ്കിലും, തീവ്ര ഇടതുപക്ഷക്കാനാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ‘ബോസ്റ്റണിലെ ജനങ്ങളെ എനിക്കിഷ്ടമാണ്. മത്സര ടിക്കറ്റുകളും വിറ്റുകഴിഞ്ഞുവെന്നറിയാം. എന്നാൽ, നിങ്ങളുടെ മേയർ ശരിയല്ല’ -ട്രംപ് പറഞ്ഞു.
എന്നാൽ, പ്രസിഡന്റിന്റെ ഭീഷണിക്ക് മറുപടിയുമായി ബോസ്റ്റൺ മേയർ രംഗത്തെത്തി. ഫിഫയും ആതിഥേയ നഗരവും തമ്മിലാണ് ധാരണയെന്നും, കാരണങ്ങളൊന്നുമില്ലാതെ വേദി റദ്ദാക്കിയാൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
‘കാര്യങ്ങളെല്ലാം കരാറിന്റെ അടിസ്ഥാനത്തിലാണ്. അതിനാൽ വൈറ്റ് ഹൗസിൽ താമസിക്കുന്ന ഒരാൾക്ക് പോലും അത് മാറ്റാൻ കഴിയില്ല.’.
നാടകവും അതിരുകടന്ന നിയന്ത്രണങ്ങളും ഭീഷണികളും വിദ്വേഷങ്ങളും അജണ്ടയാക്കുന്ന വ്യക്തികൾക്കും സമൂഹത്തിനിടയിലുമാണ് കാലമെന്നും അദ്ദേഹം പ്രതികരിച്ചു.
ശനിയാഴ്ചത്തെ ട്രംപിന്റെ പ്രസ്താവന വിവാദമായതിനു പിന്നാലെ ഫിഫ വിശദീകരണ കുറിപ്പിറക്കി. ആതിഥേയ നഗരത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും, ഫിഫ എക്സിക്യൂട്ടീവിന് പങ്കില്ലെന്നുമായിരുന്നു ഫിഫയുടെ വിശദീകരണം.
ജൂൺ 11ന് ആരംഭിക്കുന്ന ലോകകപ്പിലേക്ക് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ട്രംപിന്റെ നിലപാട് ഫിഫക്കാണ് തലവേദനയാവുന്നത്. അമേരിക്കയിലെ രാഷ്ട്രീയ യുദ്ധത്തിൽ ആരെയും പിണക്കാത്ത നിഷ്പക്ഷ സമീപനമാണ് നിലവിൽ ഫിഫയുടേത്. എന്നാൽ, ലോകകപ്പ് വേദി സംബന്ധിച്ച ട്രംപിന്റെ ഭീഷണിക്ക് ഫിഫ വൈസ് പ്രസിഡന്റ് നേരത്തെ തന്നെ ശക്തമായ മറുപടി നൽകിയിരുന്നു.
അമേരിക്ക, മെക്സികോ, കാനഡ രാജ്യങ്ങളിലായി നടക്കുന്ന 2026 ലോകകപ്പിന്റെ 11 വേദികളാണ് അമേരിക്കയിലുള്ളത്. ട്രംപിന്റെ ഭീഷണിക്കിരയാകുന്ന ബോസ്റ്റണിലെ മസാച്യൂസെറ്റ്സ് ഗില്ലറ്റ് സ്റ്റേഡിയമാണ് ലോകകപ്പിന്റെ വേദികളിൽ ഒന്ന്. എൻ.എഫ്.എൽ ക്ലബ് ന്യൂ ഇംഗ്ലണ്ട് പാട്രിയോട്ട്സ്, എം.എൽ.എസ് ക്ലബ് ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ ടീമുകളുടെ ഹോം ഗ്രൗണ്ടാണ് ഈ സ്റ്റേഡിയം. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചു ക്വാർട്ടർ ഫൈനലും ഉൾപ്പെടെ ഏഴ് മത്സരങ്ങളുടെ വേദിയാണ് ഇവിടം.
അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിലെ പ്രശ്നങ്ങളുടെ പേരിൽ പകപോക്കൽപോലെ ഡെമോക്രാറ്റ് മേധാവിത്വമുള്ള മേഖലകളിലെ വേദികൾക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കുമ്പോൾ ആരാധകരും ആശങ്കയിലാണ്. മാച്ച് ടിക്കറ്റുകളും ഹോട്ടലുകളും വിമാന ടിക്കറ്റും വരെ ബുക്ക് ചെയ്ത കാത്തിരിക്കുന്നവർക്കാണ് വേദി ചാഞ്ചാടുമെന്ന ആധി പ്രശ്നം സൃഷ്ടിക്കുന്നത്.
എന്നാൽ, ഫിഫ വേദിയിൽ തൊടാൻ ഡോണൾഡ് ട്രംപിനെന്നല്ല ഒരു അമേരിക്കൻ പ്രസിഡൻറിനും സാധ്യമല്ലെന്നതാണ് സത്യം. വർഷങ്ങൾ നീണ്ടു നിൽക്കുന്ന ബിഡ് നടപടികളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് വേദികൾ സംബന്ധിച്ച് ഫിഫ അന്തിമ തീരുമാനത്തിലെത്തുന്നത്. ഫിഫയും ആതിഥേയ നഗര ഭരണാധികാരികളും തമ്മിലാണ് വേദിയുടെ കരാർ. രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ ഇതിൽ മാറ്റത്തിനിറങ്ങിയാൽ കോടതിയിലാണ് അവസാനിക്കുകയെന്നും നിയമ വിദഗ്ധർ പറയന്നു. മാച്ച് ടിക്കറ്റും കാണികളുടെ പ്രയാസങ്ങളും മുതൽ സ്പോൺസർഷിപ്പ് കരാർ, ലോജിസ്റ്റിക്സ്, മറ്റു തയ്യാറെടുപ്പുകൾ എന്നിങ്ങനെ സങ്കീർണതകൾ ഏറെയാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ ട്രംപ് ഭീഷണി ഉയർത്തിയതിനു പിന്നാലെ ഫിഫ വൈസ് പ്രസിഡന്റ് വിക്ടർ മൊണ്ടാഗ്ലിയാനി രംഗത്തെത്തിയിരുന്നു.
‘ഇത് ഫിഫയുടെ ടൂർണമെന്റാണ്. ഫിഫയുടെ അധികാരപരിധിയിലാണ്. തീരുമാനങ്ങളും ഫിഫയുടേതാണ്. നിലവിലെ ലോകനേതാക്കളോട് എല്ലാ ബഹുമാനവും നിലനിർത്തികൊണ്ട് പറയട്ടേ, ഫുട്ബാൾ അവരേക്കാൾ വലുതാണ്. അവരുടെ ഭരണകൂടത്തെയും സർക്കാറിനെയും മുദ്രാവാക്യങ്ങളെയും ഫുട്ബാൾ അതിജീവിക്കും.
അതാണ് ഫുട്ബാളിന്റെ ഭംഗി. ഏതൊരു വ്യക്തിയേക്കാളും രാജ്യത്തെക്കാളും വലുതാണ് ഫുട്ബാൾ’ -അമേരിക്കൻ ഫുട്ബാൾ ഫെഡറേഷൻ കൂടി ഉൾകൊള്ളുന്ന കോൺകകാഫ് പ്രസിഡന്റ് കൂടിയായ വിക്ടർ മൊൻറഗ്ലിയാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.