കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ
മുംബൈ: മാസങ്ങൾ അരങ്ങുവാണ അനിശ്ചിതത്വം കളി മുടക്കുമെന്ന് തോന്നിച്ച കാത്തിരിപ്പിന് വിട നൽകി ഇന്ത്യൻ സൂപ്പർ ലീഗിൽ പൊടിപാറും പോരാട്ടങ്ങൾക്ക് ഇന്ന് കിക്കോഫ്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും വാണിജ്യ പങ്കാളികളായ ഫുട്ബാൾ സ്പോർട്സ് ഡിവലപ്മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) തമ്മിലെ തീരാപ്രശ്നങ്ങൾ അവസാനിപ്പിച്ച് കൊൽക്കത്ത വിവേകാനന്ദ യുവ ഭാരതി മൈതാനത്താണ് ഇന്ന് പന്തുരുളുന്നത്.
ഉദ്ഘാടന മത്സരത്തിൽ ചാമ്പ്യന്മാരായ മോഹൻ ബഗാനെതിരെ മഞ്ഞപ്പടയാണ് മാറ്റുരക്കുക. ഇന്റർ കാശി കൂടി ആദ്യമായി ബൂട്ടുകെട്ടുന്ന ലീഗിൽ 14 ടീമുകളുണ്ട്. കളികളുടെ എണ്ണത്തിൽ കാര്യമായി കത്രികവീണ ഇത്തവണ 91 മത്സരങ്ങളാണ് മൊത്തം നടക്കുക. കഴിഞ്ഞ തവണ ഓരോ ടീമിനും 24 മത്സരങ്ങളുണ്ടായിരുന്നിടത്ത് ഇത്തവണ 13 എണ്ണം മാത്രമാകും.
കളികളുടെ സംപ്രേഷണ മൂല്യത്തിലുമുണ്ട് കുത്തനെ ഇടിവ്. കഴിഞ്ഞ തവണ ഒരു കളിക്ക് 1.69 കോടി വിലയിട്ടത് പുതിയ സീസണിലെത്തുമ്പോൾ 9.5 ലക്ഷമായി ചുരുങ്ങി. ഫാൻകോഡ് കളിയുടെ സംപ്രേഷണാവകാശം ഏറ്റെടുത്തത് 8.62 കോടിക്കാണ്.
സമ്മാനത്തുകയിലുമുണ്ട് റെക്കോഡ് തകർച്ച. 15.5 കോടി കഴിഞ്ഞ വർഷം നൽകിയിരുന്നത് ഇത്തവണ അഞ്ചു കോടിയായി. ഷീൽഡ് ജേതാക്കൾക്ക് 3.5 കോടിയും റണ്ണേഴ്സ് 1.5 കോടിയും സ്വന്തമാക്കും.
സാമ്പത്തിക ബാധ്യത പെരുത്തതോടെ ടീമുകൾ ഗണ്യമായി ശമ്പളം വെട്ടിക്കുറച്ചിരുന്നു. എഫ്.സി ഗോവ, ബംഗളൂരു തുടങ്ങി ഒട്ടുമിക്ക ടീമുകളും വേതനം കുറച്ചവയിൽ പെടും. മിക്ക ടീമുകളിലെയും വിദേശിപ്പട കൂടൊഴിഞ്ഞതും ശ്രദ്ധേയം.
ടീമുകൾ
ബെംഗളൂരു, ചെന്നൈയിൻ , എസ്.സി ഡൽഹി, ഈസ്റ്റ് ബംഗാൾ ,എഫ്.സി ഗോവ, ഇന്റർ കാശി , ജംഷഡ്പൂർ, കേരള ബ്ലാസ്റ്റേഴ്സ് , മുഹമ്മദൻ, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി , നോർത്ത് ഈസ്റ്റ് യുണൈറ്റഡ് , ഒഡീഷ, പഞ്ചാബ്.
ഫാൻകോഡിനാണ് സംപ്രേഷണാവകാശം. സോണി സ്പോർട്സിലും കളി തത്സമയം ലഭ്യമായേക്കും. വൈകുന്നേരം 7.30നും അഞ്ചു മണിക്കുമാണ് മത്സരങ്ങൾ.
ഗോൾകീപ്പർമാർ: സചിൻ സുരേഷ്, അർഷ് ശൈഖ്, അൽസാബിത്ത് സുലൈമാൻ. പ്രതിരോധം: നവോച സിങ്, ഐബൻബ ഡോഹ്ലിങ്, ഹോർമിപാം റുയിവ, സന്ദീപ് സിങ്, മുഹമ്മദ് സഹീഫ്, ബികാഷ് യുംനം, സുമിത് ശർമ, ജഗന്നാഥ് ജയൻ, ഉമർ ബാഹ്. മധ്യനിര: വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, നിഹാൽ സുധീഷ്, റൗളിൻ ബോർജസ്, ഫ്രെഡി ലാലൻമാവ്മ, എബിനാസ് യേശുദാസൻ, സലാഹുദ്ദീൻ അദ്നാൻ, ലൂയിസ് മത്യാസ് ഹെർണാണ്ടസ്, മർലോൺ റൂസ് ട്രൂജിലോ. മുന്നേറ്റനിര: കൊറൗ സിങ്, ലാൽതൻമാവിയ റെന്ത്ലി, മുഹമ്മദ് അജ്സൽ, എം.എസ്. ശ്രീകുട്ടൻ, വിക്ടർ ബെർതോമ്യു, കെവിൻ യോക്ക് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.