ബെൻഫിക്കക്കെതിരെ റയൽ താരം വിനീഷ്യസ് ജൂനിയറുടെ ഗോളാഘോഷം
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് പ്ലേഓഫിൽ കളിയുണർന്നപ്പോൾ ജയത്തോടെ പി.എസ്.ജിയും റയൽ മഡ്രിഡും. എതിർ താരത്തിനെതിരെ റയൽ താരം വിനീഷ്യസ് ജൂനിയർ വംശീയാധിക്ഷേപ പരാതി ഉന്നയിച്ച കളിയിൽ ഏകപക്ഷീയമായ ഒറ്റ ഗോളിനാണ് റയൽ ബെൻഫിക്കയെ വീഴ്ത്തിയത്. രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് പി.എസ്.ജി മാനം കാത്തപ്പോൾ തുർക്കിയ ടീം ഗലത്സരായ് രണ്ടിനെതിരെ അഞ്ചു ഗോളടിച്ച് ഇറ്റാലിയൻ അതികായരായ യുവന്റസിനെ മടക്കി. ബൊറൂസിയ ഡോർട്മുണ്ട് എതിരില്ലാത്ത രണ്ട് ഗോളിന് അറ്റ്ലാന്റയെയും തോൽപിച്ചു.
15 തവണ ചാമ്പ്യന്മാരായ റയൽ പോർച്ചുഗീസ് ടീമായ ബെൻഫിക്കയുമായി മുഖാമുഖം നിന്ന കളിയിൽ വിനീഷ്യസ് റഫറിക്ക് മുന്നിൽ വംശീയാധിക്ഷേപ പരാതിയുമായി എത്തിയത് ഏറെ നേരം കളി തടസ്സപ്പെടുത്തി. അവസരങ്ങൾ പലത് നഷ്ടപ്പെടുത്തിയതിനൊടുവിൽ ഗോളടിച്ച വിനീഷ്യസ് നടത്തിയ ഗോളാഘോഷത്തിനിടെ ബെൻഫിക്കയുടെ അർജന്റീന താരം ജിയാൻലൂക പ്രെസ്റ്റിയാനി വംശീയമായി അധിക്ഷേപിച്ചെന്നായിരുന്നു പരാതി. ഇതേ ചൊല്ലി 10 മിനിറ്റ് നേരം കളി മുടങ്ങി. ബെൻഫിക്ക കോച്ച് മൊറീഞ്ഞോക്ക് ചുവപ്പ് കാർഡും ലഭിച്ചു. ഏറെനേരത്തെ ചർച്ചകൾക്കൊടുവിൽ ആർക്കെതിരെയും നടപടിയെടുക്കാതെ കളി പുനരാരംഭിച്ചു.
പി.എസ്.ജി -മൊണാക്കോ മത്സരത്തിൽ കാൽമണിക്കൂറിനിടെ രണ്ടു മനോഹര ഗോളുകളുമായി മൊണാക്കോ മുന്നിലെത്തിയത് കളി തീപിടിപ്പിച്ചു. ആദ്യ വിസിൽ മുഴങ്ങി ഒന്നാം മിനിറ്റിൽ തന്നെ മൊണാക്കോയുടെ യു.എസ് താരം ഫൊലാറിൻ ബലോഗൺ വല കുലുക്കി. താരം തന്നെ വൈകാതെ ലീഡുയർത്തി. എന്നാൽ, കളി കനപ്പിച്ച പി.എസ്.ജിക്കായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ വിറ്റിഞ്ഞക്കായില്ല. അരമണിക്കൂർ പൂർത്തിയാകാനരികെ ലഭിച്ച അർധാവസരം ലക്ഷ്യത്തിലെത്തിച്ച് ഇളമുറ താരം ഡൂവെ വരാനിരിക്കുന്നതിന്റെ സൂചന നൽകി. അഷ്റഫ് ഹകീമി വീണ്ടും വല കുലുക്കി കളി ഒപ്പമെത്തിച്ചു. അതിനിടെ, 10 ചേരായി ചുരുങ്ങിയ മൊണാക്കോ വലയിൽ ഒരുവട്ടം കൂടി ഗോളടിച്ച് ഡൂവെ പി.എസ്.ജിക്ക് കാത്തിരുന്ന ജയം സമ്മാനിച്ചു.
ഇസ്റ്റംബുളിൽ സ്വന്തം മൈതാനത്ത് ആദ്യ പകുതിയിൽ 1-2ന് പിറകിൽ നിന്ന ശേഷം ഗോൾമേളവുമായി ഗളത്സരായ് ഇറ്റാലിയൻ ടീം യുവന്റസിന് സമ്മാനിച്ചത് ഞെട്ടിക്കുന്ന തോൽവി. രണ്ടിനെതിരെ അഞ്ചു ഗോളിനായിരുന്നു ജയം. ഇതോടെ അടുത്തയാഴ്ച യുവന്റസിന്റെ മൈതാനത്ത് മൂന്ന് ഗോൾ ലീഡുമായാകും തുർക്കിയ ടീം രണ്ടാം പാദം കളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.