തകർപ്പൻ ജയവുമായി റയലിന്‍റെ കുതിപ്പ്; ബ്രഗയെ വീഴ്ത്തി പ്രീ ക്വാർട്ടറിൽ (3-0)

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സി മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിന് തകർപ്പൻ ജയം. പോർചുഗീസ് ക്ലബ് സ്പോർട്ടിങ് ബ്രഗയെ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് റയൽ തോൽപിച്ചത്. ജയത്തോടെ ആഞ്ചലോട്ടിയും സംഘവും പ്രീ ക്വാർട്ടർ ഉറപ്പിച്ചു.

തുടർച്ചയായ 26ാം സീസണിലാണ് റയൽ ചാമ്പ്യൻസ് ലീഗിന്‍റെ അവസാന പതിനാറിലേക്ക് യോഗ്യത നേടുന്നത്. ബ്രഹീം ഡയസ് (27ാം മിനിറ്റിൽ), ബ്രസീൽ താരങ്ങളായ വിനീഷ്യസ് ജൂനിയർ (58ാം മിനിറ്റിൽ), റോഡ്രിഗോ സിൽവ (61ാം മിനിറ്റിൽ) എന്നിവരാണ് റയലിനായി വലകുലുക്കിയത്. മത്സരത്തിന്‍റെ ആറാം മിനിറ്റിൽ തന്നെ ബ്രഗക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. അൽവാരോ ജാലോയുടെ കിക്ക് റയൽ ഗോളി ആൻഡ്രി ലൂനിൻ തട്ടിയകറ്റി.

ബോക്സിന്‍റെ ഇടതു പാർശ്വത്തിലേക്ക് പന്തുമായി ഓടിക്കയറി റോഡ്രിഗോ നൽകിയ ഒരു കട്ട് പാസ് ഡയസ് മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. ലൂകാസ് വാസ്കെസാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. വാസ്കെസ് ബോക്സിന്‍റെ വലതു വിങ്ങിൽനിന്ന് നൽകിയ പന്ത് സ്വീകരിച്ച വിനീഷ്യസ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് ഗോളിയെയും നിസ്സഹായനാക്കി വലകുലുക്കി.

മൂന്നു മിനിറ്റിനകം മൂന്നാമത്തെ ഗോളും ബ്രഗയുടെ വലയിലെത്തി. വിനീഷ്യസ് നൽകിയ പന്ത് റോഡ്രിഗോ ഗോളിക്കു മുകളിലൂടെ വലയിലേക്ക് മനോഹരമായി കോരിയിട്ടു. സ്വന്തം തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവിൽ ചാമ്പ്യൻസ് ലീഗിൽ കളിച്ച അവസാന ഒമ്പത് മത്സരങ്ങളിലും റയൽ തോൽവി അറിഞ്ഞിട്ടില്ല. ഷോൾഡറിന് പരിക്കേറ്റ ജൂഡ് ബെല്ലിങ്ഹാമിനെ ബെഞ്ചിലിരുത്തിയാണ് ആഞ്ചലോട്ടി ടീമിനെ കളത്തിലിറക്കിയത്.

ക്ലബിലെത്തിയശേഷം ആദ്യമായാണ് താരമില്ലാതെ റയൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്നത്. മത്സരത്തിൽ 52 ശതമാനവും പന്ത് കൈവശം വെച്ചത് ബ്രഗയായിരുന്നു. കളിച്ച നാലു മത്സരങ്ങളും ജയിച്ച റയൽ 12 പോയന്‍റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. ഏഴു പോയന്‍റുള്ള നാപ്പോളിയാണ് രണ്ടാമത്.

Tags:    
News Summary - Champions League: Real Madrid beat Sporting Braga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.