ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ വിജയങ്ങളുമായി ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. രണ്ടാംപാദ മത്സരങ്ങളിൽ ബാഴ്സ 7-2ന് ന്യൂകാസിൽ യുനൈറ്റഡിനെയും ലിവർപൂൾ 4-0ത്തിന് ഗലാറ്റസറായിയെയും ബയേൺ 4-1ന് അത്‍ലാന്റയെയും തോൽപിച്ചു.
രണ്ടാം പാദത്തിൽ ടോട്ടൻഹാം 3-2ന് വിജയിച്ചെങ്കിലും അഗ്രഗേറ്റ് സ്കോറിൽ 7-5ന് മുന്നിലെത്തി അത്‌ലറ്റികോ മഡ്രിഡും അവസാന എട്ടിൽ കടന്നു. 2025-2026 സീസണിലെ പ്രീക്വാർട്ടർ മത്സരങ്ങളിൽ ഇരുപാദങ്ങളിലുമായി ആകെ പിറന്നത് 68 ഗോളുകളാണ്. 1959-60ന് ശേഷം റെക്കോഡാണിത്.
നൂകാമ്പിലും തകർന്ന് ന്യൂകാസിൽ
ഇരുപാദങ്ങളിലുമായി 8-3 എന്ന വമ്പൻ അഗ്രഗേറ്റ് സ്കോറോടെയാണ് ന്യൂകാസിലിനെതിരെ ബാഴ്‌സയുടെ മുന്നേറ്റം. ബാഴ്സയുടെ തട്ടകമായ നൂകാമ്പിൽ നടന്ന രണ്ടാം പാദ കളിയുടെ ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ രണ്ട് ടീമും ഒപ്പത്തിനൊപ്പം പോരാടുന്ന കാഴ്ചയാണ് കണ്ടത്. ആറാം മിനിറ്റിൽ റഫീഞ്ഞയിലൂടെ ബാഴ്‌സ ലീഡെടുത്തു.
എന്നാൽ 15ാം മിനിറ്റിൽ ആന്റണി എലങ്കയിലൂടെ ഇംഗ്ലീഷ് ക്ലബ് തിരിച്ചടിച്ചു. മൂന്ന് മിനിറ്റിനിപ്പുറം 18ാം മിനിറ്റിൽ മാർക് ബെർണൽ ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും എലങ്കയിലൂടെ ന്യൂകാസിൽ വീണ്ടും സമനില പിടിച്ചു.
ആദ്യ പകുതിയുടെ അധികസമയത്ത് ലാമിൻ യമാൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെ ബാഴ്‌സ 3-2ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ ന്യൂകാസിൽ പ്രതിരോധത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ബാഴ്‌സലോണ കാഴ്ചവെച്ചത്. 51ാം മിനിറ്റിൽ ഫെർമിൻ ലോപ്പസ് ലീഡ് രണ്ടാക്കി ഉയർത്തി. 56', 61' മിനിറ്റുകളിൽ റോബർട്ട് ലെവൻഡോസ്‌കി ഇരട്ട ഗോളുകൾ കൂടി നേടി. 72ാം മിനിറ്റിൽ റഫീഞ്ഞ തന്റെ രണ്ടാം ഗോളും നേടിയതോടെ ബാഴ്‌സയുടെ ഗോൾപട്ടിക ഏഴിലെത്തി.
ആൻഫീൽഡിൽ ചെമ്പടയോട്ടം
ടർക്കിഷ് ക്ലബിനോട് ആദ്യ പാദത്തിലേറ്റ അപ്രതീക്ഷിത തോൽവിക്ക് ആൻഫീൽഡിൽ മധുരപ്രതികാരം ചെയ്ത് ലിവർപൂൾ. 1-0ന് പിന്നിലായിരുന്ന ലിവർപൂൾ, രണ്ടാം പാദത്തിലെ തകർപ്പൻ പ്രകടനത്തോടെ 4-1 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് ക്വാർട്ടർ പ്രവേശം ഉറപ്പാക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ചെമ്പടക്ക് 25ാം മിനിറ്റിൽ തന്നെ ഫലം ലഭിച്ചു. അലക്സിസ് മാക് അലിസ്റ്റർ നൽകിയ കൃത്യമായ പാസ് സ്വീകരിച്ച് ഡൊമിനിക് സൊബോസ്ലായി പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ മുഹമ്മദ് സലാഹിന് ലഭിച്ച പെനാൽറ്റി ഗലാറ്റസറായി ഗോൾകീപ്പർ തടഞ്ഞത് അവർക്ക് നേരിയ ആശ്വാസം നൽകിയെങ്കിലും രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിവർപൂൾ സംഹാരരൂപം പുറത്തെടുത്തു. വെറും 11 മിനിറ്റുകൾക്കുള്ളിലാണ് അവർ ഗലാറ്റസറായിയുടെ പ്രതിരോധക്കോട്ട തകർത്തത്. 51ാം മിനിറ്റിൽ ഹ്യൂഗോ എകിറ്റികെ ലിവർപൂളിനായി രണ്ടാം ഗോൾ നേടി. രണ്ടു മിനിറ്റിനുശേഷം റയാൻ ഗ്രാവൻബർച്ച് ലീഡ് മൂന്നാക്കി ഉയർത്തി. 62ാം മിനിറ്റിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന്റെ ക്ഷീണം തീർത്ത് സൂപ്പർ താരം മുഹമ്മദ് സലാഹ് കൂടി ഗോൾ നേടിയതോടെ ലിവർപൂളിന്റെ വിജയം പൂർണമായി.
ബയേൺ അറീന
അത്‍ലാന്റക്കെതിരെ ആദ്യ പാദത്തിൽ 6-1ന്റെ കൂറ്റൻ ജയം നേടിയ ബയേൺ രണ്ടാം പാദത്തിലും ആധിപത്യം തുടർന്നു. സ്വന്തം തട്ടകമായ അലയൻസ് അറീനയിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് (4-1) ബയേൺ ഇറ്റലിക്കാരെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഹാരി കെയ്ൻ (25 പെനാൽറ്റി, 54) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ലെന്നറ്റ് കാൾ (56), ലൂയീസ് ഡയസ് (70) എന്നിവരും ജർമൻ ക്ലബിനായി ഓരോ ഗോൾ വീതം നേടി. അത്‍ലാന്റക്കായി ലാസർ സമർദ്ദിച്ചാണ് (85) ആശ്വാസ ഗോൾ കണ്ടെത്തിയത്.
ആദ്യ പാദത്തിലെ വൻ ലീഡ് ടോട്ടൻഹാമിനെതിരെ അത്‌ലറ്റികോക്ക് തുണയായി. സ്വന്തം മൈതാനത്ത് ടോട്ടൻഹാം 3-2ന് വിജയിച്ചെങ്കിലും അഗ്രിഗേറ്റ് സ്കോറിൽ 7-5ന് സ്പാനിഷ് ക്ലബ് ക്വാർട്ടറിലേക്ക് മുന്നേറുകയായിരുന്നു. ടോട്ടൻഹാമിനായി സാവി സിമ്മൺസ് (52, 90 പെനാൽറ്റി) രണ്ടും റാൻഡൽ കോളോ മുവാനി (30) ഒരു ഗോളും നേടി. അത്‌ലറ്റികോക്കായി ഹൂലിയൻ അൽവാരസ് (47), ഡേവിഡ് ഹാൻകോ (75) എന്നിവർ വലകുലുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.