ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിലേക്കുള്ള കാത്തിരിപ്പ് മൂന്നുമാസത്തിലെത്തിയതോടെ, വൻകരയിലെ ആരാധകർക്കായി സൂപ്പർ ഫാൻ മത്സരവുമായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ. 2024 ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പിലേക്ക് ഇനിയുള്ളത് 91 ദിവസം മാത്രം.
ആകാംക്ഷയുടെ ദിനങ്ങൾ അരികിലെത്തവെ, വൻകരയിലെ ഫുട്ബാൾ ആരാധകർക്ക് ഏറ്റവും മികച്ച ആരാധകനിമിഷം ഒപ്പിയെടുത്ത് എ.എഫ്.സി മത്സരത്തിൽ പങ്കാളിയാകാനുള്ള അവസരം ഒരുക്കുകയാണ് സംഘാടകർ. തങ്ങളുടെ ഇഷ്ട ടീമിനുള്ള പിന്തുണക്കുന്ന ആരാധക ആവേശത്തിന്റെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ എ.എഫ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് ഏഷ്യയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും ആരാധകർക്ക് മത്സരത്തിൽ പങ്കാളിയാകാവുന്നതാണ്.
തങ്ങളുടെ ടീമിനോടും ഫുട്ബാളിനോടുമുള്ള ആവേശം പ്രകടമാക്കുന്ന വിഡിയോ പങ്കുവെച്ച് ആർക്കും പങ്കാളിയാകാം. ഒക്ടേബർ 26വരെയാണ് വിഡിയോ അപ്ലോഡ് ചെയ്യാനുള്ള കാലാവധി. തുടർന്ന് എ.എഫ്.സിയുടെ വിദഗ്ധ ജഡ്ജിങ് പാനൽ തിരഞ്ഞെടുക്കുന്ന 48 വിഡിയോകൾ സൂപ്പർ ഫാൻ മത്സരത്തിന്റെ അവസാനഘട്ടത്തിൽ ഇടംനേടും. ഒാരോ രാജ്യത്തിന്റെയും രണ്ട് വിഡിയോ എന്ന നിലയിലാണ് വോട്ടിങ്ങിന് പരിഗണിക്കുന്നത്.
നവംബർ ഏഴിന് തുടങ്ങി 24വരെ നീളുന്ന കാലയളവിൽ ആരാധകർക്ക് വോട്ടുചെയ്ത് ഇഷ്ടമുള്ള വിഡിയോ തിരഞ്ഞെടുക്കാം. ഏറ്റവും കൂടുതൽ വോട്ട് നേടുന്ന വിഡിയോ ഉടമയെ േഗ്ലാബൽ വിന്നർ ആയി പ്രഖ്യാപിക്കും.
സൂപ്പർ ഫാൻ വിജയികൾക്കും വോട്ടെടുപ്പ്-ക്വിസ് മത്സരത്തിലെ വിജയികൾക്കുമായി ഏഷ്യൻ കപ്പ് മാച്ച് ടിക്കറ്റുകൾ ഉൾപ്പെടെയാണ് സമ്മാനം. േഗ്ലാബൽ വിന്നർക്ക് രണ്ടു ഗ്രൂപ് റൗണ്ട് മാച്ച് ടിക്കറ്റും ദോഹയിലേക്കും തിരികെയുമുള്ള വിമാന ടിക്കറ്റ്, നാലുദിവസത്തെ ഹോട്ടൽ താമസം എന്നിവ സമ്മാനമായി നൽകും.
വോട്ടിങ്ങിലും ക്വിസ് മത്സരത്തിലും വിജയികളാകുന്ന പത്തുപേർക്കായി വ്യത്യസ്ത സമ്മാനങ്ങൾ കാത്തിരിക്കുന്നു. ഒന്നാം സമ്മാനം ഫൈനലിനുള്ള മാച്ച് ടിക്കറ്റും വിമാന, താമസ സൗകര്യങ്ങളും. മാച്ച് ബാൾ ഉൾപ്പെടെ വിവിധ സമ്മാനങ്ങൾ തുടർ സ്ഥാനങ്ങളിലുള്ളവർക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.