നെയ്മറില്ലാത്ത ഹിലാലിനോടും തോറ്റ് മുംബൈ സിറ്റി (2-0)

മുംബൈ: എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ നവി മുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഹോം മാച്ചിലും മുംബൈ സിറ്റി എഫ്.സിക്ക് സൗദി അറേബ്യൻ ടീമായ അൽ ഹിലാലിനോട് പരാജയം. ഏക പക്ഷീയമായ രണ്ടു ഗോളുകൾക്കാണ് മുംബൈയെ സൗദിപ്പട തോൽപിച്ചത്. 62ാം മിനിറ്റിൽ മൈക്കൾ ഡെൽഗാഡോയും 85ാം മിനിറ്റിൽ അലക്സാണ്ടർ മിത്രോവിച്ചുമാണ് വലകുലുക്കിയത്.

പരിക്കു കാരണം നെയ്മർ എത്തിയില്ലെങ്കിലും താരനിബിഡമായ ഹിലാലിനെ സ്വന്തം മണ്ണിൽ പ്രതിരോധം തീർത്ത് പിടിച്ചുനിർത്താനായത് മുംബൈക്ക് ആശ്വാസം. റിയാദിൽ അൽ ഹിലാലിനെതിരെ നടന്ന എവേ മത്സരത്തിൽ ആറു ഗോളുകളാണ് മുംബൈ വഴങ്ങിയത്. ഡി ഗ്രൂപ്പിൽ നാലു കളികളിൽ നിന്നായി അൽ ഹിലാൽ 10 പോയന്റ് നേടി ഒന്നാമതാണ്. നാലിലും പരാജിതരായ മുംബൈ പട്ടികയിൽ അവസാനവും.

രാഹുല്‍ ബെക്കെ, മെഹ്താബ്, ടിരി, ഗ്രിഫിത്ത്സ് കൂട്ടുകെട്ടിലെ പ്രതിരോധവും സാലെം, മിത്രോവിച്, മുഹമ്മദ് അൽബുറെയ്ക് സംഘത്തിന്റെ മുന്നേറ്റ നിരയും തമ്മിലെ പോരിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ലല്ലിയാന്‍സുല ചാങ്തെയും ഗ്രെഗ് സ്റ്റിവാര്‍ട്ടും ആദ്യം മുതലേ സൗദി പടയുടെ ഗോൾമുഖത്തേക്ക് പലകുറി പാഞ്ഞുകയറിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. 24ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സാലെം നല്‍കിയ പാസില്‍ വലതു പോസ്റ്റ് ലക്ഷ്യമാക്കി നെവെസ് തൊടുത്ത പന്ത് മുംബൈ ഗോളി ലാച്ചെന്‍പ സേവ് ചെയ്തു. 37ാം മിനിറ്റില്‍ സാലെം തൊടുത്ത പന്തും ലാച്ചെന്‍പ തട്ടിയകറ്റി. 58ാം മിനിറ്റിൽ അൽ ഹിലാലിന്റെ ഇടത് പോസ്റ്റിലേക്ക് തട്ടിവിട്ട പന്തും ലാച്ചെൻപ ചാടി സേവ് ചെയ്തു.

54ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് മെഹ്താബ് സിങ് പുറത്തായതോടെ മുംബൈയുടെ താളം പിഴച്ചു. ചാങ്തെയും സ്റ്റിവാര്‍ട്ടിനെയും പിൻവലിച്ചതോടെ മുംബൈയുടെ ആക്രമണ മുനയൊടിഞ്ഞു. 62ാം മിനിറ്റിൽ ഇടത് വിങ്ങിൽനിന്ന് മുഹമ്മദ് അൽബുറെയ്ക് നൽകിയ പന്തിൽ മൈക്കൾ ഡെൽഗാഡോ തലവെച്ച് മുംബൈയുടെ വലയിലാക്കുകയായിരുന്നു (1-0). 82ാം മിനിറ്റിൽ ഇടത് വിങ്ങിൽനിന്ന് മാൽകം ഉയർത്തിനൽകിയ പന്തിൽ തലവെച്ച് മിത്രോവിച്ചും ഗോളാക്കി (2-0).

നെയ്മറെ പ്രതീക്ഷിച്ചു ടിക്കറ്റെടുത്തവരടക്കം 30,023 കാണികളാണ് മത്സരത്തിനെത്തിയത്. കാണികളുടെ ആധിക്യം പ്രതീക്ഷിച്ച് പുണെ ബാലേവാടി സ്റ്റേഡിയത്തിൽനിന്ന് ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലേക്ക് കളി മാറ്റുകയായിരുന്നു. പുണെ‍യാണ് മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ട്.

Tags:    
News Summary - AFC CHAMPIONS LEAGUE: AL HILAL BEATS 10-MAN MUMBAI CITY FC 2-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.