കളിയാരാധകരെ സ്വീകരിക്കാനൊരുങ്ങി അബൂസംറ അതിർത്തി

ദോഹ: കരാതിർത്തി കടന്നെത്തുന്ന ആരാധകരെ സ്വീകരിക്കാൻ ഒരുങ്ങി അബൂസംറ അതിർത്തി. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി, ഒരേ സമയം കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ സജ്ജമായ അതിർത്തിപ്രദേശം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി സന്ദർശിച്ചു. സൗദി അറേബ്യ വഴിയെത്തുന്ന ആരാധകരെ സ്വീകരിക്കാന്‍ ഖത്തറിന്റെ കര അതിര്‍ത്തിയായ അബൂസംറ ലാന്‍ഡ് ക്രോസിങ്ങില്‍ പുരോഗമിക്കുന്ന ഒരുക്കങ്ങളും അതിര്‍ത്തി ചെക് പോസ്റ്റ് വിപുലീകരണ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി പരിശോധിച്ചു. ആരാധകരെയും അതിഥികളെയും സന്ദര്‍ശകരെയും സ്വീകരിക്കാനുള്ള ഹാളുകള്‍, അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം പ്രധാനമന്ത്രി സന്ദര്‍ശിച്ചു. അബൂ സംറ അതിര്‍ത്തിയിലെ സുരക്ഷാ, സേഫ്ടി നടപടികളും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു.

മുതിർന്ന ഉദ്യോഗസ്ഥ സംഘവും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ലോകകപ്പ് തിരക്ക് മുന്നിൽക്കണ്ട് ഇരട്ടിയിലേറെ ശേഷിയോടെയാണ് അബൂസംറ അതിർത്തി നവീകരിക്കുന്നത്. നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നതോടെ യാത്രക്കാർ കടന്നുപോകുന്ന ശേഷി രണ്ടിരട്ടിയോളം വർധിക്കുമെന്ന് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ പ്രസിഡന്റ് ഡോ. എൻജി. സഅദ് ബിൻ അഹമ്മദ് അൽ മുഹന്നദി അറിയിച്ചു. നിലവിലെ ഒമ്പത് പാതകളിൽ നിന്നും 24 ആയി ഉയരും. ഖത്തർ ലോകകപ്പ് കാലത്തെ സഞ്ചാരം മാത്രമല്ല, പിന്നീടുള്ള നാളുകളിൽ അയൽ രാജ്യങ്ങളുമായി ചരക്ക്, വാണിജ്യ മേഖലകളിലെ ശക്തമായ ഇടപാടുകൾക്കും അതിർത്തിയിലെ വിപുലീകരണ പ്രവർത്തനങ്ങൾ ഗുണം ചെയ്യുമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ചെയർമാൻ അഹമ്മദ് അബ്ദുല്ല അൽ ജമാൽ പറഞ്ഞു. 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അതിർത്തിയിലെ പാസഞ്ചർ ടെർമിനൽ നിർമാണം പൂർത്തിയാക്കിയത്. ഒരു മണിക്കൂറിൽ ഖത്തറിലേക്ക് പ്രവേശിക്കുന്നവരും പുറത്തേക്ക് പോകുന്നവരുമായി 4000 പേരെ കൈകാര്യം ചെയ്യാൻ കഴിയും.  

Tags:    
News Summary - Abu Zamra border ready to receive World Cup fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.