'ഒന്നും തീരുമാനിച്ചിട്ടില്ല'; സാന്റോസിലെ ഭാവിയിൽ മൗനം വെടിഞ്ഞ് നെയ്മർ

സാവോ പോളോ: ബ്രസീൽ ഇതിഹാസ താരം നെയ്മർ ജൂനിയർ ക്ലബ്ബ് ഫുട്ബാളിൽ നിന്ന് പൂർണ്ണമായും വിരമിക്കാനൊരുങ്ങുന്നതായി സൂചന. ബ്രസീലിയൻ ക്ലബ്ബായ സാന്റോസുമായുള്ള നിലവിലെ കരാർ അവസാനിച്ചതിന് ശേഷം ഫുട്ബാളിൽ തുടരുമോ എന്ന കാര്യത്തിൽ താൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് നെയ്മർ വ്യക്തമാക്കി. 2026ലെ ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ മുപ്പത്തിനാലുകാരനായ താരം അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചിരുന്നു.

നിലവിൽ തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിലാണ് നെയ്മർ കളിക്കുന്നത്. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ക്ലബ്ബിനെ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ് താരമിപ്പോൾ. ഈ വർഷം അവസാനത്തോടെയാണ് സാന്റോസുമായുള്ള കരാർ അവസാനിക്കുന്നത്. ഇതിന് ശേഷം ക്ലബ്ബ് ഫുട്ബാളിൽ തുടരുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല.

"എത്ര കാലം കൂടി ഞാൻ കളിക്കുമെന്ന് എനിക്കറിയില്ല. ഫുട്ബാൾ നിർത്തുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല, എന്നാൽ എത്ര കാലം മുന്നോട്ട് പോകുമെന്നും എനിക്കറിയില്ല," നെയ്മർ ജൂനിയർ ഇൻസ്റ്റിറ്റ്യൂട്ട് ലേലത്തിൽ പങ്കെടുക്കവെ തന്റെ യൂട്യൂബ് ചാനലിലൂടെ താരം പ്രതികരിച്ചു.

"ഡിസംബർ വരെ എനിക്ക് സാന്റോസുമായി കരാറുണ്ട്. അത് പൂർത്തിയാക്കാനും, സാന്റോസിന്റെ ജേഴ്സിയോട് പരമാവധി നീതി പുലർത്താനുമാണ് ഞാൻ ഉദ്ദേശിക്കുന്നത്. കരാർ അവസാനിച്ചതിന് ശേഷം ക്ലബ്ബിൽ തുടരണോ, അതോ കളി നിർത്തണോ എന്ന കാര്യങ്ങളെക്കുറിച്ച് അപ്പോൾ ചിന്തിക്കും. ഡിസംബർ വരെ ഇനിയും സമയമുണ്ട്, അതുകൊണ്ട് ഓരോ കാര്യങ്ങളും അതിന്റെ സമയത്ത് നടക്കട്ടെ," നെയ്മർ കൂട്ടിച്ചേർത്തു.

മൂന്ന് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു നെയ്മർ 2026 ലോകകപ്പിനായി ബ്രസീൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ, പരിക്കുകൾ കാരണം ടൂർണമെന്റിൽ രണ്ട് മത്സരങ്ങളിൽ നിന്നായി വെറും 37 മിനിറ്റ് മാത്രമാണ് താരത്തിന് കളിക്കാനായത്. പ്രീ ക്വാർട്ടറിൽ നോർവേയോട് 2-1ന് തോറ്റ് ബ്രസീൽ പുറത്തായപ്പോൾ, ഒരു പെനാൽറ്റി ഗോളിലൂടെ മാത്രമാണ് നെയ്മറിന് സ്കോർബോർഡിൽ ഇടം നേടാനായത്. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡുമായാണ് നെയ്മർ ദേശീയ ജേഴ്സി അഴിച്ചുവെച്ചത്.

ലോകകപ്പിലെ നിരാശകൾക്കിടയിലും തന്റെ കരിയറിലെ നേട്ടങ്ങളിൽ താൻ തികഞ്ഞ സംതൃപ്തനാണെന്ന് നെയ്മർ പറയുന്നു. ശാരീരികമായി താൻ ഇപ്പോൾ കൂടുതൽ കരുത്തനാണെന്നും അദ്ദേഹം വ്യക്തമാക്കി.

"കളിക്കളത്തിൽ ശാരീരികമായി എനിക്കിപ്പോൾ കൂടുതൽ മികച്ച അവസ്ഥയാണ് അനുഭവപ്പെടുന്നത്. അതാണ് ഏറ്റവും പ്രധാനവും. കരിയറിന്റെ അവസാനഘട്ടത്തിലാണെങ്കിലും ഇനിയും മെച്ചപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതുവരെ ലഭിച്ച നേട്ടങ്ങളിൽ ഞാൻ സംതൃപ്തനാണ്. ദൈവം എനിക്ക് നൽകിയ എല്ലാറ്റിനും ഞാൻ നന്ദി പറയുന്നു. എന്റെ ഫുട്ബോൾ കരിയറിനെക്കുറിച്ച് എനിക്ക് യാതൊരു പരാതികളുമില്ല," നെയ്മർ വ്യക്തമാക്കി.

Tags:    
News Summary - Neymar Hints at Club Football Retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.