ന്യൂയോൺ (സ്വിറ്റ്സർലൻഡ്): ലോകകപ്പ് ഉൾപ്പെടെ പ്രധാന ടൂർണമെന്റുകളുടെ വാണിജ്യാവകാശം സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ പരാജയപ്പെട്ട പദ്ധതിക്കെതിരെ യൂറോപ്യൻ ഫുട്ബാൾ സംഘടനയായ യുവേഫ നിയമനടപടിക്ക്. ഇതുമായി ബന്ധപ്പെട്ട യാതൊരു തെളിവുകളും നശിപ്പിക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു. ഫിഫ ഫോർവേഡ് എന്റർപ്രൈസ് പദ്ധതിയുമായി ബന്ധപ്പെട്ട് നിയമനടപടികൾ ഗൗരവമായി ആലോചിക്കുന്നതായി യുവേഫ അഭിഭാഷകർ ഫിഫയെ അറിയിച്ചു.
വിവരങ്ങളും ഇലക്ട്രോണിക് സന്ദേശങ്ങളും തെളിവുകളായി സൂക്ഷിക്കേണ്ട 18 ഫിഫ എക്സിക്യൂട്ടിവുകളുടെ പേരുകൾ കത്തിൽ പരാമർശിച്ചിട്ടുണ്ട്. ‘‘ഈ നോട്ടീസ് ലഭിച്ചതിന് ശേഷമോ, അല്ലെങ്കിൽ നിയമനടപടികൾ ഉണ്ടാകുമെന്ന് മുൻകൂട്ടി പ്രതീക്ഷിച്ച തീയതിക്ക് ശേഷമോ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ ഒളിപ്പിക്കുകയോ ചെയ്താൽ അത് തെളിവുകൾ നശിപ്പിക്കുന്നതിന് തുല്യമായി കണക്കാക്കും’’- കത്തിൽ പറയുന്നു.
ജോഷ്വ കുഷ്നറുടെ ന്യൂയോർക്കിലെ ഇൻവെസ്റ്റ്‌മെന്റ് കമ്പനി ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് 4.2 ബില്യൺ ഡോളർ സമാഹരിക്കാനുള്ള ഇൻഫാന്റിനോയുടെ രഹസ്യ പദ്ധതി ശനിയാഴ്ചയാണ് ഉപേക്ഷിച്ചത്. രഹസ്യ പദ്ധതി വിവരം പുറത്തുവന്നതോടെ ആഗോളതലത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. യുവേഫക്ക് പുറമെ ഏഷ്യൻ, മധ്യ-വടക്കെ അമേരിക്കൻ ഫുട്ബാൾ ഫെഡറേഷനുകളും ശക്തമായ നിലപാടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.