സംസ്ഥാന ജൂനിയർ അത്‍ലറ്റിക്സ് മീറ്റിൽ അണ്ടർ 20 പെൺ. ഹൈജംപിൽ സ്വർണം നേടിയ ഇ.ജെ. സോണിയ (തൃശൂർ)
ജൂനിയർ അത്‍ലറ്റിക്സിൽ പാലക്കാടൻ മുന്നേറ്റം; രണ്ടാം ദിനത്തിൽ ആറ് പുതിയ മീറ്റ് റെക്കോഡുകൾ
കൊല്ലം: 70മത് സംസ്ഥാന ജൂനിയർ അത്‍ലറ്റിക്സ് മീറ്റിൽ മുന്നേറ്റം തുടർന്ന് പാലക്കാട്. ആറ് പുതിയ മീറ്റ് റെക്കോഡുകൾ പിറന്ന രണ്ടാം ദിനത്തിൽ മത്സരങ്ങൾ പൂർത്തിയായപ്പോൾ 200 പോയന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ് പാലക്കാട്. എട്ട് സ്വർണവും 10 വെള്ളിയും ഒമ്പത് വെങ്കലവും ആണ് ഇതുവരെയുള്ള പാലക്കാടിന്റെ നേട്ടം.
191 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള മലപ്പുറം ശക്തമായ മത്സരമാണ് ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ട് നടത്തുന്നത്. 150 പോയന്റ് നേടി തിരുവനന്തപുരം ആണ് മൂന്നാമത്. അണ്ടർ 20 വനിത പോൾവാൾട്ടിൽ ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനവുമായി പുതിയ സംസ്ഥാന മീറ്റ് റെക്കോഡ് കുറിച്ച എറണാകുളത്തിന്റെ ജീന ബേസിൽ രണ്ടാം ദിനത്തിലെ താരമായി. 3.60 മീറ്ററിന്റെ റെക്കോഡ് തിരുത്തി 3.85 മീറ്റർ എന്ന പുതിയ ഉയരമാണ് ജീന ബേസിൽ കുറിച്ചത്.
അണ്ടർ 15 ബോയ്സ് 80 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരത്തിന്റെ ഗൗരേഷ് ബിനോയ് 10.89 സെക്കൻഡ് തിരുത്തി 10.57 സെക്കൻഡിന്റെ പുതിയ ദൂരം കുറിച്ചു. വെള്ളി നേടിയ പാലക്കാടിന്റെ ആർ. വൈഭവ് ദേവും നിലവിലെ റെക്കോഡിന് മുകളിലുള്ള സമയത്തിലാണ് ഫിനിഷ് ചെയ്തത്. 10.81 സെക്കൻഡ് ആണ് വൈഭവിന്റെ സമയം.
അണ്ടർ 20 ബോയ്സ് 110 മീറ്റർ ഹർഡിൽസിൽ മലപ്പുറത്തിന്റെ ഫസലുൽ ഹഖ് 13.82 സെക്കൻഡിൽ പുതിയ റെക്കോഡിട്ടു. അണ്ടർ 18 ഗേൾസ് ഹെപ്റ്റാത്തലണിൽ ആലപ്പുഴയുടെ അനാമിക അജേഷ് പുതിയ മീറ്റ് റെക്കോഡ് കുറിച്ചപ്പോൾ വെള്ളി നേടിയ ഇടുക്കിയുടെ അഭിയ ആൻ ജിജിയും നിലവിലെ റെക്കോഡിന് മുകളിൽ പ്രകടനം നടത്തി. അണ്ടർ 18 വനിത 4 X 100 മീറ്റർ റിലേയിൽ കണ്ണൂർ സംഘവും പുതിയ റെക്കോഡ് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.