ആനപ്പാറയുടെ കുതിപ്പിന് പിന്നിൽ ഏഴുവർഷത്തെ കഠിനാധ്വാനം
കൽപറ്റ: പരിമിതികൾ നിറഞ്ഞ സ്കൂൾ ഗ്രൗണ്ട്. പരിശീലനത്തിനായി കിലോമീറ്ററുകൾ നീളുന്ന യാത്ര. എന്നിട്ടും ട്രാക്കിൽ സ്വർണത്തിളക്കവുമായി ആനപ്പാറയിലെ കായികതാരങ്ങൾ. അമ്പലവയൽ ജി.എച്ച്.എസ്.എസ് ആനപ്പാറയിലെ കായികാധ്യാപകൻ ഷിജിൽ തിരൂരിന്റെ പരിശീലന മികവാണ് ജില്ല റവന്യൂ സ്കൂൾ കായികമേളയിൽ ശ്രദ്ധേയമാകുന്നത്.
മലപ്പുറം സ്വദേശിയായ ഷിജിൽ കഴിഞ്ഞ ഏഴുവർഷമായി ആനപ്പാറ സ്കൂളിലെ കായികാധ്യാപകനായി പ്രവർത്തിച്ചുവരികയാണ്. ഇത്തവണ ജില്ല റവന്യൂ സ്കൂൾ കായികമേളയിൽ സ്കൂളിൽനിന്ന് 16 കുട്ടികളാണ് മത്സരത്തിനിറങ്ങിയത്. ഇതിൽ 15 കുട്ടികളും സ്വർണമെഡൽ നേടി മികച്ച നേട്ടം കൈവരിച്ചു.
100 മീറ്റർ മുതൽ 3000 മീറ്റർ വരെയുള്ള വിവിധ ട്രാക്ക് ഇനങ്ങളിൽ ആനപ്പാറയിലെ കുട്ടികൾ മത്സരിച്ചു. കായികപരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങൾ പരിമിതമായ സ്കൂൾ ഗ്രൗണ്ടാണ് ആനപ്പാറയിലേത്.
എന്നാൽ, ഈ പരിമിതികൾ കുട്ടികളുടെ കായികസ്വപ്നങ്ങൾക്ക് തടസ്സമാകാൻ ഷിജിൽ അനുവദിച്ചില്ല. പരിശീലനത്തിനായി ആഴ്ചയിൽ 40 കിലോമീറ്ററോളം സഞ്ചരിച്ച് കുട്ടികളുമായി ജില്ല സ്റ്റേഡിയത്തിലെത്തിയാണ് പരിശീലനം നടത്തുന്നത്. യാത്രാക്ലേശങ്ങളും സൗകര്യക്കുറവുകളും മറികടന്ന് കുട്ടികൾക്ക് മികച്ച പരിശീലനം നൽകാനുള്ള അദ്ദേഹത്തിന്റെ ആത്മാർഥതയാണ് നേട്ടത്തിന് പിന്നിൽ. പരിമിതികൾക്കിടയിലും മികച്ച കായികതാരങ്ങളെ വാർത്തെടുക്കാമെന്ന് തെളിയിക്കുകയാണ് ഷിജിൽ തിരൂരും ആനപ്പാറ സ്കൂളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.