എം. ശ്രീശങ്കർ
ഏഷ്യൻ ഗെയിംസിൽ ശ്രീശങ്കറിന് വെള്ളി; നാലാം റൗണ്ടിൽ വില്ലനായി പരിക്ക്
നഗോയ: പരിക്കും നിർഭാഗ്യവും ഇത്തവണയും ശ്രീശങ്കറിന്റെ സ്വർണം തട്ടിത്തെറിപ്പിച്ചു. രണ്ട് കോമൺ വെൽത്ത് ഗെയിംസിലും കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും നേടിയ ലോങ്ജംപിലെ വെള്ളി മെഡലുകൾ ജപ്പാനിലെ ഐച്ചി നഗോയയിൽ സ്വർണമാക്കിമാറ്റാനുള്ള പാലക്കാടിന്റെ പൊൻതാരം എം. ശ്രീശങ്കറിന്റെ മോഹങ്ങൾ ജപ്പാനിൽ പെയ്ത മഴയിൽ നനഞ്ഞുപോയി. ഒടുവിൽ 8.07 മീറ്റർ ദൂരവുമായി ഇത്തവണയും വെള്ളിയുമായി മടക്കം.
ചൈനയുടെ യുഹോ ഷിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ലോങ്ജംപിൽ നാലാം ശ്രമത്തിനിടെയാണ് എം. ശ്രീശങ്കറിന് അടിതെറ്റി പരിക്കേൽക്കുന്നത്. ഇതോടെ, അവസാന രണ്ട് ശ്രമങ്ങളും ഉപേക്ഷിച്ചു. രണ്ടാം ശ്രമത്തിനിടെ താണ്ടിയ 8.07 മീറ്റർ എന്ന ദൂരവുമായാണ് ശ്രീശങ്കർ വെള്ളിയുറപ്പിച്ചത്. 2022 ഹാങ്ഷുവിലും ശ്രീശങ്കറിന് വെള്ളിയായിരുന്നു. ബെർമിങ്ഹാം, ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലും നേട്ടം വെള്ളിയിലൊതുങ്ങി. 8.17 മീറ്റർ ചാടിയാണ് ചൈനക്കാരൻ യുഹാവോ സ്വർണമണിഞ്ഞത്.
ഐച്ചി നഗോയയിൽ ഒമ്പതാം ദിനമായ തിങ്കളാഴ്ച നാല് വെള്ളിയും നാല് വെങ്കലവുമായി എട്ട് മെഡൽ കൂടി ഇന്ത്യ നേടി. 400 മീറ്റർ ഹർഡിൽസിൽ പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് തിരുത്തി വിദ്യ രാംരാജ് താരമായി. 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലമണിഞ്ഞാണ് നാലു പതിറ്റാണ്ടിന്റെ റെക്കോഡ് തിരുത്തിയത്.
പുരുഷ 1500 മീറ്ററിൽ ഗുൽവീർ സിങ്ങും, ജാവലിൻ ത്രോയിൽ യഷ് വീർ സിങ്ങും, ഷൂട്ടിങ് 25 മീറ്റർ പിസ്റ്റളിൽ ഇഷ സിങ്ങും വെള്ളി നേടി. വനിതാ 5000 മീറ്ററിൽ പാരുൾ ചൗധരി, ജാവലിൻ ത്രോയിൽ രോഹിത് യാവ്, ഖുറാഷിൽ പിങ്കി ബൽഹാറ എന്നിവർ വെങ്കലം നേടി. ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 45ലെത്തി (നാല് സ്വർണം, 20 വെള്ളി, 21 വെങ്കലം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.