മുംബൈ: ഏകദിനത്തിൽ ഓപ്പണിങ്ങിൽ വ്യത്യസ്ത കുട്ടുകെട്ടുകളും ബാറ്റിങ്ങിൽ പല താരങ്ങളെയും പരീക്ഷിക്കുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനു മുന്നറിയിപ്പുമായി മുൻ പേസർ സഹീർ ഖാൻ.
ഇത്തരത്തിലുള്ള മാറ്റങ്ങൾ ടീമിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ഭാവിയിൽ ഗംഭീറിനുതന്നെ തിരിച്ചടിയാകുമെന്നും സഹീർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20, ഏകദിന പരമ്പരകളിലെ പരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സഹതാരത്തിന്‍റെ വിമർശനം. ട്വന്‍റി20യിൽ മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്തിരുന്നത്. എന്നാൽ, ഏകദിന പരമ്പരയിൽ ആദ്യ മത്സരത്തിൽ യുവതാരം യശസ്വി ജയ്സ്വാളും നായകൻ രോഹിത് ശർമയുമാണ് ഓപ്പൺ ചെയ്തത്.
കോഹ്ലിക്ക് പരിക്കേറ്റതോടെ ശ്രേയസ് അയ്യർ ടീമിലെത്തിയപ്പോൾ ശുഭ്മൻ ഗിൽ മൂന്നാം നമ്പറിലേക്ക് മാറി. രണ്ടാം ഏകദിനത്തിൽ കോഹ്ലി തിരിച്ചെത്തിയതോടെ ഗില്ലും രോഹിത്തുമാണ് ഓപ്പൺ ചെയ്തത്. ജയ്സ്വാൾ ടീമിന് പുറത്തായി. ഏകദിനത്തിൽ 50 ശരാശരിയുള്ള ശ്രേയസ്സിനെ ടീമിന് പുറത്തിരുത്തുന്നതും വിമർശനത്തിനിടയാക്കും. ടീമിനുള്ളിൽ ബാറ്റിങ് ഓർഡറുകളിൽ വരുത്തുന്ന മാറ്റങ്ങൾ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാകണമെന്നും അല്ലെങ്കിൽ ടീമിലെ താരങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും സഹീർ പറഞ്ഞു. ഗംഭീറിന്‍റെ തന്ത്രങ്ങൾ ഫലിക്കണമെങ്കിൽ താരങ്ങൾ, സെലക്ടർമാർ, നായകൻ, പരിശീലകൻ എന്നിവർക്കിടയിൽ കൃത്യമായ ധാരണയുണ്ടാകണമെന്നും മുൻ ഇടങ്കൈയൻ പേസർ ചൂണ്ടിക്കാട്ടി.
ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ചാമ്പ്യൻസ് ട്രോഫിക്കുള്ള അന്തിമ ഇലവന്‍റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ട്വന്‍റി20 പരമ്പരക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയതും രോഹിത് ഫോമിലേക്ക് തിരിച്ചെത്തിയതുമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.