മുംബൈ: ഐ.പി.എൽ 2025 സീസണിലെ അവസാന മത്സരവും പൂർത്തിയാക്കിയതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് ടീമിന് നന്ദി പറഞ്ഞ് യുവതാരം യസശ്വി ജയ്സ്വാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് പലവിധ അഭ്യൂഹങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരം ആറു വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും ജയിച്ചത്. 14 മത്സരവും പൂർത്തിയാക്കിയ രാജസ്ഥാൻ 10 തോൽവിയും നാലു ജയവുമായി എട്ടു പോയന്‍റുമായി ഒമ്പതാം സ്ഥാനത്താണ്.
ടീം നിരാശപ്പെടുത്തിയെങ്കിലും ജയ്സ്വാൾ ബാറ്റിങ്ങിൽ ഇത്തവണയും തിളങ്ങി. 559 റൺസ് നേടി രാജസ്ഥാന്‍റെ റൺവേട്ടക്കാരിൽ ഒന്നാമനായി. 159 ആണ് സ്ട്രൈക്ക് റേറ്റ്. രാജസ്ഥാൻ ടീമിന് നന്ദി പറയുന്ന ജയ്സ്വാളിന്‍റെ കുറിപ്പിൽ, ടീമിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെന്നും താരം തുറന്നുപറയുന്നുണ്ട്. ‘രാജസ്ഥാൻ റോയൽസ്, എല്ലാത്തിനും നന്ദി. ഞങ്ങൾ പ്രതീക്ഷിച്ച സീസണായില്ല, പക്ഷേ ഞങ്ങൾ ഒരുമിച്ചുള്ള യാത്രക്ക് നന്ദി. അടുത്ത വെല്ലുവിളിയിലേക്ക്, ഭാവി എന്തായാലും വൈ.ബി.ജെ 64’ -ജയ്സ്വാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഈ കുറിപ്പിലെ ചില വാക്കുകളാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്.
താരം രാജസ്ഥാനുമായി വേർപിരിയുകയാണെന്നതിന്‍റെ സൂചനയാണിതെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ആറു വർഷമായി താരം രാജസ്ഥാൻ ടീമിനൊപ്പമാണ്. തീരുമാനം പുനപരിശോധിക്കണമെന്നും ടീം വിടരുതെന്നും രാജസ്ഥാൻ ആരാധകർ താരത്തോട് അഭ്യർഥിച്ചു. അടുത്ത സീസണിൽ ജയ്സ്വാൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം പോകുമെന്നും ടീമിന്‍റെ ക്യാപ്റ്റനാകുമെന്നും ഒരുവിഭാഗം ആരാധകർ പ്രതികരിച്ചു. പലരും കെ.കെ.ആറിലേക്ക് താരത്തെ സ്വാഗതം ചെയ്ത് കുറിപ്പിനു താഴെ കമന്‍റിടുകയും ചെയ്തു.
പിന്നാലെ താരം കുറിപ്പിൽ ചെറിയ മാറ്റം വരുത്തി. കുറിപ്പിലെ അടുത്ത വെല്ലുവിളിയിലേക്ക് എന്ന് കഴിഞ്ഞ ഇന്ത്യയുടെ പതാക ചേർക്കുകയും മനോഹര യാത്ര തുടരും എന്നാക്കിമാറ്റി. നേരത്തെ തന്നെ രാജസ്ഥാൻ ക്യാമ്പിൽ ഭിന്നതയുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. നായകൻ സഞ്ജുവും പരിശീലകൻ രാഹുൽ ദ്രാവിഡും തമ്മിൽ തർക്കമുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ദ്രാവിഡ് തന്നെ ഇതെല്ലും നിഷേധിച്ച് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.