സിഡ്നി: അഡ്ലെയ്ഡിൽ ഇംഗ്ലണ്ടിനെതിരെ നാണംകെട്ട തോൽവിയുമായി മടങ്ങിയ ഇന്ത്യൻ നിരയിലെ വയസ്സൻ പടയിൽ പലർക്കും അടുത്ത വർഷത്തോടെ ടീമിൽ ഇടമുണ്ടായേക്കില്ലെന്ന് സൂചന. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയവരെ ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന.
ട്വന്റി20യിൽ അശ്വിനും കാർത്തികിനും ഇനി ദേശീയ ജഴ്സിയിൽ ഇടം ലഭിച്ചേക്കില്ല. എന്നാൽ, ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന വിരാട് കോഹ്ലിയെയും ക്യാപ്റ്റൻ രോഹിതിനെയും അത്രയെളുപ്പം മാറ്റിനിർത്താനാകില്ല. സ്വന്തം ഭാവി തീരുമാനിക്കാൻ ഇരുവർക്കും അവസരം നൽകും. രണ്ടു വർഷം കഴിഞ്ഞ് അടുത്ത ലോകകപ്പിന് വേദിയുണരുമ്പോൾ ഒരു ബ്രാൻഡ് ന്യൂ ഇന്ത്യയാകും അങ്കം കുറിക്കാനെത്തുകയെന്നാണ് നിലവിലെ സൂചനകൾ.
''ബി.സി.സി.ഐ ഒരാളോടും വിരമിക്കാൻ ആവശ്യപ്പെടാറില്ല. അത് വ്യക്തിയുടെ തീരുമാനമാണ്. എന്നാൽ, 2023ൽ ട്വന്റി20 മത്സരങ്ങൾ കുറവായതിനാൽ മുൻനിര താരങ്ങളെ ഏകദിന, ടെസ്റ്റ് മത്സരങ്ങൾക്ക് മാത്രമാകും പരിഗണിക്കുക''- ഒരു ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.
അശ്വിൻ ഈ ലോകകപ്പിൽ ഒരു ടീമിനും കാര്യമായ എതിരാളിയായിരുന്നില്ല. ആറു വിക്കറ്റ് പിറന്നതിൽ മൂന്നും സിംബാബ്വെക്കെതിരെയായിരുന്നു. മറുവശത്ത്, ഓഫ് സ്പിന്നർ വാഷിങ്ടൺ സുന്ദർ കൂടുതൽ കരുത്തോടെ പന്തെറിയുന്നുമുണ്ട്. വിക്കറ്റ് കീപറായി കാർത്തികിനു പകരം ഋഷഭ് പന്ത് ലോകകപ്പിലെ അവസാന മത്സരങ്ങളിൽ കളിച്ചതാണ്. ഓരോ ഫോർമാറ്റിലും ഇന്ത്യക്ക് കരുത്തുള്ള പകരക്കാരുണ്ടായിട്ടും ആരെയും മാറ്റിനിർത്താനാകാത്ത സാഹചര്യമാണ് തോൽവി ചോദിച്ചു വാങ്ങിയതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.