എന്തിനാണ് സൂര്യയെ ഇനിയും പരീക്ഷിക്കുന്നത്?; സഞ്ജുവിന്റെ റെക്കോഡ് നിങ്ങൾ കാണുന്നില്ലേ​​?; രോഷത്തോടെ ആരാധകർ

വിശാഖപട്ടണം: ട്വന്റി 20യിലെ ലോക ഒന്നാം നമ്പർ ബാറ്ററാണ് ഇന്ത്യയുടെ വെടിക്കെട്ട് വീരൻ സൂര്യകുമാർ യാദവ്. എന്നാൽ, ഏകദിനത്തിൽ തൊട്ടതെല്ലാം പിഴക്കുകയാണ് താരത്തിന്. 22 ഏകദിനങ്ങളിൽ ഇന്ത്യക്കായി ഇറങ്ങിയ സൂര്യക്ക് ഇതുവരെ നേടാനായത് 433 റൺസാണ്. 25.47 ആണ് ശരാശരി. കഴിഞ്ഞ 10 ഏകദിനങ്ങളിൽ രണ്ടക്കം കടക്കാനായത് മൂന്ന് മത്സരങ്ങളിൽ മാത്രം. അതിൽ തന്നെ പുറത്താകാതെ 34 റൺസ് നേടിയതാണ് ഉയർന്ന സ്കോർ. അവസാനം കളിച്ച 10 ഏകദിനങ്ങളില്‍ 0,0,14,31,4, 6,34*,4,8,9 എന്നിങ്ങനെയാണ് പ്രകടനം. 13.75 ശരാശരിയില്‍ 110 റണ്‍സ് മാത്രമാണ് ഇതിൽ നേടിയത്.

ആസ്ട്രേലിയക്കെതിരെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നേരിട്ട ആദ്യ പന്തിൽ പുറത്തായതിന് പിന്നാലെ സൂര്യകുമാര്‍ യാദവിനെ ഏകദിന ടീമിൽനിന്ന് മാറ്റണമെന്നും സഞ്ജു സാംസണെ പോലുള്ള താരങ്ങൾക്ക് അവസരം നൽകണമെന്നുമുള്ള ആവശ്യവുമായി ക്രിക്കറ്റ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ രംഗത്തുവന്നിരിക്കുകയാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് സൂര്യ പുറത്തായത്. 11 മത്സരങ്ങളിൽ 66 റൺസ് ശരാശരിയിൽ 330 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് ആരാധകർ മലയാളി താരത്തിനായി മുറവിളി കൂട്ടുന്നത്. 104.76 സ്​ട്രൈക്ക് റേറ്റുള്ള താരം പരിക്കേറ്റ് ടീമിന് പുറത്തായ ശ്രേയസ് അയ്യർക്ക് പകരക്കാരനായി ടീമിലെത്തുമെന്ന് പ്രതീക്ഷി​ച്ചെങ്കിലും ശ്രേയസിന് പകരക്കാരനെ വേണ്ടെന്നായിരുന്നു ബി.സി.സി.ഐ തീരുമാനം.

ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആകാശ് ചോപ്ര അടക്കമുള്ളവർ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. ജനുവരിയിൽ ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലാണ് സഞ്ജു ഇന്ത്യൻ ടീമിനായി അവസാനം കളിച്ചത്. അവിടെനിന്ന് പരിക്കേറ്റ് മടങ്ങിയ താരത്തിന് പരിക്ക് ഭേദമായിട്ടും ടീമിൽ മടങ്ങിയെത്താനായിട്ടില്ല.

രണ്ടാം ഏകദിനത്തിൽ ഇന്ത്യ 26 ഓവറില്‍ വെറും 117 റൺസിന് പുറത്താവുകയും ആസ്ട്രേലിയ പതിനൊന്നാം ഓവറിൽ ഒറ്റ വിക്കറ്റും നഷ്ടമാകാതെ ലക്ഷ്യം മറികടക്കുകയും ചെയ്തിരുന്നു. 31 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയാണ് ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ (പുറത്താവാതെ 29), രവീന്ദ്ര ജദേജ (16), രോഹിത് ശര്‍മ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ഇന്ത്യൻ താരങ്ങള്‍.

സന്ദർശകർക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ സീന്‍ അബോട്ട് മൂന്നും നതാന്‍ എല്ലിസ് രണ്ടും വിക്കറ്റെടുത്തു. ട്രാവിസ് ഹെഡ് (30 പന്തില്‍ 51), മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ 66) എന്നിവരുടെ അപരാജിത അർധ സെഞ്ച്വറികളാണ് ആസ്​ട്രേലിയക്ക് അനായാസ ജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി. നിര്‍ണായകമായ മൂന്നാം ഏകദിനം ബുധനാ​ഴ്ച ചെന്നൈയില്‍ നടക്കും.

Tags:    
News Summary - Why still testing Surya?; Don't you see Sanju's record?; Fans in angry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT