രോഹിത്തിനെയും രഹാനെയെയും ദുബെയെയും പുറത്താക്കിയ ‘മിടുക്കൻ’! കശ്മീരിന്‍റെ ആറടി നാലിഞ്ചുകാരൻ ബൗളറെ അറിയാം...

മുംബൈ: ബാറ്റിങ് പഠിക്കാനായി ഇടവേളക്കുശേഷം രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാനെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് കാലിടറി. മുംബൈക്കായി കളിക്കാനിറങ്ങിയ താരത്തിന് മൂന്നു റൺസ് മാത്രമാണ് എടുക്കാനായത്. ജമ്മു കശ്മീർ പേസർ ഉമർ നസീർ മിന്‍റെ പന്തിലാണ് താരം പുറത്തായത്.

മത്സരത്തിൽ അജിങ്ക്യ രഹാനെ, ശിവം ദുബെ, ഹാർദിക് താമോർ എന്നിവരുടെ വിക്കറ്റുകളും നേടി ഉജ്ജ്വലമായ സ്പെല്ലാണ് കശ്മീരിന്‍റെ ആറടി നാലിഞ്ചുകാരൻ ബൗളർ എറിഞ്ഞത്. 31കാരന്‍റെ പേസിനും ബൗൺസിനും മുന്നിൽ മുംബൈ ബാറ്റർമാർ പതറുന്ന കാഴ്ചയാണ് കണ്ടത്. കശ്മീരിനായി കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി മുംബൈയെ പ്രതിരോധത്തിലാക്കിയതോടെ അവരുടെ ഇന്നിങ്സ് 33.2 ഓവറിൽ 120 റൺസിൽ അവസാനിച്ചു. ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ മറുപടി ബാറ്റിങ്ങിൽ കശ്മീർ ഏഴു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തിട്ടുണ്ട്. കശ്മീരിന് 54 റൺസിന് ലീഡ്.

മത്സരത്തിൽ 11 ഓവറുകൾ പന്തെറിഞ്ഞ മിർ 41 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ രോഹിത് ബാറ്റിങ്ങിൽ പരാജയപ്പെട്ടതോടെ താരത്തിനെതിരെ വിമർശനം ശക്തമായിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റിൽനിന്ന് രോഹിത് സ്വയം മാറി നിൽക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി. പിന്നാലെയാണ് സീനിയർ താരങ്ങൾ ഉൾപ്പെടെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഒഴിഞ്ഞുമാറുന്നത് ചർച്ചയായത്. ഒടുവിൽ ബി.സി.സി.ഐ തന്നെ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിർദേശവുമായി രംഗത്തുവരികയായിരുന്നു.

കശ്മീരിനായി ഏറെ നാളായി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന താരമാണ് ഉമർ നസീർ. താരത്തിന്‍റെ ഷോട്ട് പിച്ച് പന്തിലാണ് രോഹിത് ക്യാച്ച് നൽകി പുറത്തായത്. 12 റൺസെടുത്ത രഹാനെയെ ക്ലീൻ ബൗൾഡാക്കി. ദുബെ റണ്ണൊന്നും എടുക്കാതെയാണ് മടങ്ങിയത്. 2013ലാണ് ഉമർ നസീർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 57 മത്സരങ്ങളിൽനിന്നായി ഇതുവരെ 138 വിക്കറ്റുകളാണ് നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ 54 വിക്കറ്റുകളും ട്വന്‍റി20 ക്രിക്കറ്റിൽ 32 വിക്കറ്റുകളും വീഴ്ത്തി.

പുൽവാമ സ്വദേശിയായ ഈ ആറടി നാലിഞ്ചുകാരൻ 2018-19 ദിയോധർ ട്രോഫിക്കുള്ള ഇന്ത്യൻ സി സ്ക്വാഡിൽ ഇടം നേടിയിരുന്നെങ്കിലും ദേശീയ ടീമിലേക്ക് ഇതുവരെ വിളിയെത്തിയിട്ടില്ല.

Tags:    
News Summary - Who Is Umar Nazir Mir: Jammu And Kashmir Fast Bowler Who Dismissed Rohit Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.