ഇന്ത്യVs സിംബാബ്‌വെ മത്സരം മഴയെടുത്താൽ ഇന്ത്യക്ക് സെമി മുടങ്ങുമോ? സാധ്യതകൾ ഇതാണ്...

സിഡ്നി: ട്വന്റി20 ലോകകപ്പ് ഗ്രൂപ് രണ്ടിൽനിന്ന് ഇതുവരെയും ഒരു ടീം പോലും ​സെമി ഉറപ്പാക്കിയിട്ടില്ല. ഇന്ത്യക്കൊപ്പം, പാകിസ്താൻ, ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക ടീമുകളും സാധ്യത പട്ടികയിൽ ഉറപ്പുകാത്തുനിൽക്കുന്നവരാണ്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താൻ ജയം പിടിച്ചതോടെയാണ് ചിത്രം മാറിമറിഞ്ഞത്. മൂന്ന് ജയം സ്വന്തമാക്കിയ ഇന്ത്യ അടുത്ത കളിയിൽ സിംബാബ്വെയെ വീഴ്ത്തിയാൽ അനായാസം അവസാന നാലിലെത്തും. ഇനി മത്സരം മഴ മുടക്കിയാലോ?

ഇത്തവണ ലോകകപ്പിൽ ടീമുകൾക്ക് അവസരം മുടക്കുന്ന വില്ലനാകുകയാണ് മഴ. നിരവധി നിർണായക കളികളാണ് മഴയിൽ ഒലിച്ചുപോയത്. രണ്ടെണ്ണം മഴയെടുത്ത അഫ്ഗാൻ ഒരു ജയം പോലുമില്ലാതെ മടങ്ങി.

ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ് രണ്ടിൽ മൂന്ന് ജയം സ്വന്തമാക്കിയ ഇന്ത്യ ആറു പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. ദക്ഷിണാഫ്രിക്കക്ക് അഞ്ചും പാകിസ്താൻ, ബംഗ്ലദേശ് ടീമുകൾക്ക് നാലും പോയിന്റുണ്ട്.

സിംബാബ്വെക്കെതിരെ അഞ്ചോവർ പോലു​മെറിയാതെ കളി മഴയിൽ മുങ്ങിയാൽ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിടും. ഇന്ത്യ സെമി ഉറപ്പാക്കുകയും ചെയ്യും. അഞ്ചു പോയിന്റുള്ള ദക്ഷിണാഫ്രിക്ക ജയിച്ചാൽ അവരും യോഗ്യത നേടും. ​എതിരാളികൾ ഡച്ചുകാരായതിനാൽ മികച്ച റൺറേറ്റിൽ ഒന്നാന്മാരാകാനും സാധ്യത മുന്നിലുണ്ട്. എന്നാൽ, നെതർലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്ക തോറ്റാൽ പാകിസ്താൻ- ബംഗ്ലദേശ് മത്സരം നിർണായകമാകും. ഇതിൽ ജയിക്കുന്ന ടീം സെമിയിലെത്തും.

നിലവിൽ, മഴയില്ലാതെ കളി തോൽക്കുന്നത് മാത്രമാണ് ഇന്ത്യക്ക് അപകടമാകുക. സിംബാബ്വെക്കെതിരെ അനായാസ ജയം പിടിക്കാനാകുമെന്നാണ് ഇന്ത്യൻ കണക്കുകൂട്ടൽ. ഞായറാഴ്ച ഉച്ച 1.30നാണ് ഇന്ത്യക്കു മത്സരം. 

Tags:    
News Summary - What Happens If India Vs Zimbabwe Match Gets Abandoned Due To Rain? Semi-Final Scenario Explained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.