സെഞ്ച്വറി നേടിയ മനോജ് തിവാരി ഭാര്യക്കും മക്കൾക്കുമുള്ള കത്ത് ഉയർത്തിക്കാട്ടുന്നു

ഇക്കളി ഇവിടെ തീരില്ല; തുടർച്ചയായ രണ്ടാം ശതകവുമായി ബംഗാൾ കായിക മന്ത്രി

ബംഗളൂരു: രാഷ്ട്രീയത്തിൽ പുതിയ ഇന്നിങ്സ് തുടങ്ങിയിട്ടും ക്രിക്കറ്റ് മൈതാനം വിട്ട് കളിക്കാനായിട്ടില്ലെന്ന് തെളിയിക്കുകയാണ് ബംഗാൾ കായിക-യുവജനക്ഷേമ മന്ത്രി മനോജ് തിവാരി. കർണാടകയിലെ ആളൂരിൽ മധ്യപ്രദേശിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി സെമി ഫൈനൽ പോരാട്ടത്തിൽ ടീം തകർച്ച നേരിട്ടപ്പോൾ സെഞ്ച്വറി പ്രകടനത്തിലൂടെ ബംഗാളിനെ താരം കരകയറ്റിയിരുന്നു. ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം ശതകവും ഫസ്റ്റ്ക്ലാസ് കരിയറിലെ 29ാം സെഞ്ച്വറിയുമാണ് തിവാരി അടിച്ചെടുത്തത്.

മധ്യപ്രദേശ് മുന്നോട്ടുവെച്ച 341 റൺസ് പിന്തുടർന്നിറങ്ങിയ ബംഗാൾ അഞ്ചിന് 54 എന്ന നിലയിൽ വൻ തകർച്ച നേരിടുമ്പോഴാണ് മുൻ നായകൻ കൂടിയായ തിവാരി രക്ഷകനായി അവതരിച്ചത്. യുവതാരം ഷഹബാസുമായി ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ അദ്ദേഹം 205 പന്ത് നേരിട്ട് 12 ബൗണ്ടറി സഹിതമാണ് സെഞ്ച്വറി കടന്നത്. ബാറ്റുയർത്തി സഹതാരങ്ങളെ അഭിവാദ്യം ചെയ്തതിനൊപ്പം ഭാര്യക്കും കുട്ടികൾക്കുമായി ഹൃദയസ്പർശിയായ കുറിപ്പും ഉയർത്തിക്കാട്ടിയിരുന്നു. 102 റൺസുമായി പുറത്താകുകയും ചെയ്തു. 183 റൺസാണ് തിവാരി-ഷഹബാസ് കൂട്ടുകെട്ട് പടുത്തുയർത്തിയത്. 209 പന്ത് നേരിട്ട ഷഹബാസ് 12 ബൗണ്ടറിയുടെ അകമ്പടിയോടെ 116 റൺസാണ് നേടിയത്. ഇരുവരുടെയും പോരാട്ട മികവിൽ ടീം സ്കോർ 273 റൺസിലെത്തി.

ബംഗളൂരുവിൽ ജാർഖണ്ഡിനെതിരെ നടന്ന ക്വാർട്ടർ മത്സരത്തിലും സെഞ്ച്വറിയും അർധസെഞ്ച്വറിയുമായി മനോജ് തിവാരി തിളങ്ങിയിരുന്നു. ആദ്യ ഇന്നിങ്‌സിൽ 73ഉം രണ്ടാം ഇന്നിങ്‌സിൽ 136ഉം റൺസ് വീതമാണ് അടിച്ചെടുത്തത്. ഇന്ത്യക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും കളിച്ച തിവാരി, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 9000ത്തിലധികം റൺസ് നേടിയിട്ടുണ്ട്.

2021ലെ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുൻ ഇന്ത്യൻ താരം കൂടിയായ തിവാരി തൃണമൂലിൽ ചേർന്നത്. ഹൗറ ജില്ലയിലെ ശിബ്പൂർ മണ്ഡലത്തിൽ ബി.ജെ.പിയുടെ രതിൻ ചക്രവർത്തിയെ 32,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപിച്ചത്.

Tags:    
News Summary - West Bengal Minister Manoj Tiwary scores second successive century in Ranji Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.