ഞങ്ങൾ ആദ്യദിവസം ധോണിക്ക് ഒരു ബൈക്ക് നൽകി; അതുമായി അവൻ 'മുങ്ങി' -ചെന്നൈ സൂപ്പർ കിങ്സ് ഉടമ

ചെന്നൈ: മോട്ടോർ ബൈക്കുകളോട് ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിക്കുള്ള പ്രണയം അങ്ങാടിപ്പാട്ടാണ്. അതുപോലെ ചെന്നൈ നഗരവും ധോണിയു​ടെ ഇഷ്ടങ്ങളിലൊന്നാണ്. ഇതുരണ്ടും ചേർന്നൊരു കഥ പറയുകയാണ് ഐ.പി.എല്ലിൽ ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ഉടമ എൻ. ശ്രീനിവാസൻ. ബൈക്കുകളോടുള്ള ധോണിയുടെ ഇഷ്ടം അടിവരയിടുന്നതായി അത്.

2008ൽ ഐ.പി.എല്ലിന് തുടക്കമായ സമയത്തെ അനുഭവമാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ മുൻ പ്രസിഡന്റ് കൂടിയായ ശ്രീനിവാസൻ പങ്കുവെച്ചത്. 'ഐ.പി.എല്ലിന്റെ ഒരുക്കങ്ങൾക്കായി ധോണി ചെന്നെയിലെത്തിയ ആദ്യ ദിവസം തന്നെ ഞങ്ങൾ അദ്ദേഹത്തിന് ഒരു ബൈക്ക് നൽകി. അതുമായി അദ്ദേഹം 'അപ്രത്യക്ഷനാ'വുകയായിരുന്നു. ചെന്നൈ നഗരം മുഴുവൻ ആ ബൈക്കിൽ കറങ്ങിയ ശേഷമാണ് ധോണി തിരിച്ചെത്തിയത്'-ഒരു​ സ്വകാര്യ ചടങ്ങിൽ സംസാരിക്കവേ ശ്രീനിവാസൻ പറഞ്ഞു. പിന്നീട് മോട്ടോർ സൈക്കിളിൽ നഗരത്തിൽ കറങ്ങുന്നത് ധോണിയുടെ ശീലമായി മാറുകയായിരുന്നു. നഗരത്തിന്റെ സുപ്രധാന വഴികളെല്ലാം അദ്ദേഹത്തിന് പരിചിതമാവുകയും ചെയ്തു.



ഐ.പി.എല്ലിൽ ചെന്നൈയെ നാലു തവണ കിരീടനേട്ടത്തിലേക്ക് നയിച്ച ധോണി അഞ്ചു തവണ റണ്ണേഴ്സ് അപ് നേട്ടത്തിലുമെത്തിച്ചു. ചെന്നൈക്കാർ 'തല' എന്ന് സ്നേഹപൂർവം വിളിക്കുന്ന റാഞ്ചിക്കാരൻ, നഗരത്തിന്റെ വലിയ കായിക ഐക്കണായി മാറുകയായിരുന്നു. ആദ്യസീസണിൽതന്നെ ധോണി ടീമിനെ ഐ.പി.എൽ ഫൈനലിലെത്തിച്ചിരുന്നു. അന്ന് കലാശക്കളിയിൽ പക്ഷേ, രാജസ്ഥാൻ റോയൽസിനോട് അടിയറവു പറയേണ്ടിവന്നു.

Tags:    
News Summary - We gave MS Dhoni a bike and he just disappeared'- Chennai Super Kings owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.