'വിരാട് കോഹ്‌ലി ദിനേശ് കാർത്തിക്കിന്‍റെ കരിയർ അവസാനിപ്പിച്ചു'; റണ്ണൗട്ടിനു പിന്നാലെ ട്വിറ്ററിൽ ആരാധകർ

ട്വന്‍റി20 ലോകകപ്പ് സൂപ്പർ 12ൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനു മുന്നോടിയായി വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കിന്‍റെ കായികക്ഷമതയെ കുറിച്ച് വലിയ ചോദ്യങ്ങളുയർന്നിരുന്നു. എന്നാൽ, പരിക്കിൽനിന്ന് മുക്തനായ താരം പ്ലെയിങ് ഇലവനിൽ ഇടംനേടി.

താരത്തിനു പകരം ഋഷഭ് പന്ത് കളിച്ചേക്കുമെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യ 15.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്ന നിലയിൽ നിൽക്കെയാണ് കാർത്തിക് ക്രീസിലെത്തുന്നത്. ആദ്യത്തെ രണ്ടു മത്സരങ്ങളിലും കാർത്തിക്കിന്‍റെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.

ബംഗ്ലാദേശിനെതിരെ ബൗണ്ടറിയോടെ ബാറ്റിങ് തുടങ്ങിയെങ്കിലും വിധി മറ്റൊന്നായിരുന്നു കാത്തുവെച്ചത്. 17ാമത്തെ ഓവറിലെ അവസാന പന്തിൽ വിരാട് കോഹ്‌ലി എക്സ്ട്രാ കവറിലേക്ക് പന്ത് അടിച്ചു. പിന്നാലെ റണ്ണിനായി ഏതാനും സ്റ്റെപ്പുകൾ മുന്നോട്ടു ഓടി വന്നു. ഇത് കണ്ട് കാർത്തികും റണ്ണിനായി ഓടി. എന്നാൽ, പന്ത് ഫീൽഡറുടെ കൈയിലേക്കാണെന്ന് മനസ്സിലാക്കിയ കോഹ്‌ലി പിന്നോട്ടുതന്നെ വന്നു. അപ്പോഴേക്കും കാർത്തിക് ക്രീസിന്‍റെ പകുതിയിലെത്തിയിരുന്നു.

പിന്നാലെ തിരിച്ച് ഓടിയെങ്കിലും ക്രീസിലെത്തുന്നതിനു മുമ്പേ ബൗളർ സ്റ്റംപ് ചെയ്തു. റീപ്ലേയിൽ ഔട്ട് എന്ന് വിധിച്ചതോടെ താരം ഏഴു റൺസുമായി നിരാശയോടെ മടങ്ങി. കോഹ്‌ലിയുമായുള്ള ആശയക്കുഴപ്പമാണ് കാർത്തിക്കിന്‍റെ റണ്ണൗട്ടിന് വഴിയൊരുക്കിയത്. പലതരത്തിലാണ് ഇതിനോട് ആരാധകർ ട്വിറ്ററിൽ പ്രതികരിച്ചത്.

'വിരാട് കോഹ്‌ലി ദിനേശ് കാർത്തിക്കിന്റെ കരിയർ അവസാനിപ്പിച്ചു... നന്ദി ഡി.കെ!' എന്നായിരുന്നു ഒരു ആരാധകൻ ട്വീറ്റ് ചെയ്തത്. നേരത്തെ കോഹ്‌ലി‍യും കാർത്തികും ബാറ്റ് ചെയ്യുമ്പോൾ സമാനരീതിയിൽ കോഹ്‌ലി ഔട്ടായതിന്‍റെ ചിത്രം ഒരു ആരാധകൻ പങ്കുവെച്ചു. മത്സരത്തിൽ അവസാന പന്തുവരെ നീണ്ട ആവേശത്തിനൊടുവിൽ ബംഗ്ലാദേശ് പൊരുതി തോൽക്കുകയായിരുന്നു. ഇന്ത്യ അഞ്ച് റൺസിനാണ് ജയിച്ചത്.


Tags:    
News Summary - 'Virat Kohli just ended Dinesh Karthik's career -Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.