‘അതെ, അവൻ സ്വാർഥനാണ്’..! കോഹ്‍ലിയെ വിമർശിക്കുന്നവരോട് വെങ്കിടേഷ് പ്രസാദ്

ഇതിഹാസ താരം സചിൻ തെണ്ടുൽക്കറുടെ ഏകദിന സെഞ്ച്വറി റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി. തന്‍റെ 35ാം ജന്മദിനത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തിൽ 49ാം സെഞ്ച്വറിയായിരുന്നു കോഹ്ലി നേടിയത്. എന്നാൽ, കോഹ്‍ലിയുടെ ചരിത്ര നേട്ടങ്ങൾക്കിടയിലും താരത്തിന് നേരെ വിമർശന ശരങ്ങളുമായി നിരവധിപേർ രംഗത്തുവന്നിട്ടുണ്ട്.

വിരാട് കോഹ്‌ലിയെ സ്വാർത്ഥനെന്ന് വിശേഷിപ്പിക്കുകയും ലോകകപ്പിൽ വ്യക്തിഗത നാഴികക്കല്ലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ആരോപിക്കുകയും ചെയ്ത ആളുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ്.

കോഹ്‍ലിയെ സ്വാർഥനെന്ന് തന്നെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാൽ, താരം സ്വാർഥത കാണിക്കുന്നത് ടീമിന് വിജയം നേടിക്കൊടുക്കാനും കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും വേണ്ടിയാണെന്നും പറഞ്ഞു.

"വിരാട് കോഹ്‌ലി സ്വാർഥനാണെന്നും വ്യക്തിപരമായ നാഴികക്കല്ലുകളിൽ അഭിനിവേശമുള്ളവനാണെന്നുമൊക്കെയുള്ള രസകരമായ വാദങ്ങൾ കേൾക്കുന്നു. അതെ കോഹ്‌ലി സ്വാർഥനാണ്, നൂറു കോടി ആളുകളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ തക്കവണ്ണം സ്വാർത്ഥനാണ്, ഇത്രയധികം നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും അതിലേറെ മികവിനായി പരിശ്രമിക്കാനും, പുതിയ നാഴികക്കല്ലുകൾ സ്വന്തംപേരിലാക്കാനും തക്ക സ്വാർത്ഥനാണ്. തന്റെ ടീമിന്റെ വിജയം ഉറപ്പാക്കാനുള്ള സ്വാർത്ഥതയുള്ളവനാണ്. അതെ, കോലി സ്വാർത്ഥനാണ്’’. -വെങ്കിടേഷ് പ്രസാദ് എക്സിൽ കുറിച്ചു.

അതേസമയം, ഈഡൻ ഗാർഡനിൽ കോഹ്‍ലി 121 പന്തിൽ പത്ത് ഫോറടക്കം 101 റൺസാണെടുത്തത്. 277 ഇന്നിങ്സുകളിലാണ് താരം 49 സെഞ്ച്വറികൾ നേടിയത്. എന്നാൽ, സചിൻ 452 ഇന്നിങ്സുകളിലാണ് (463 മത്സരം) അതേ നേട്ടം കൈവരിച്ചത്.

കോഹ്‍ലിയുടെ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അർധ സെഞ്ച്വറിയുടെയും കരുത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 326 റൺസെടുത്തിരുന്നു. സ്വപ്നം പോലെ തോന്നുന്നുവെന്നാണ് ബാറ്റിങ്ങിനുശേഷം കോഹ്ലി പ്രതികരിച്ചത്.

‘സ്വപ്നം പോലെ തോന്നുന്നു. എനിക്ക് കളിക്കാനും ടീമിന്റെ വിജയത്തിൽ പാങ്കാളിയാവാനും അവസരം നൽകിയതിന് ദൈവത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ മഹത്തായ വേദിയിൽ, ഈ വലിയ ജനക്കൂട്ടത്തിന് മുന്നിൽ അതും ജന്മദിനത്തിൽ സെഞ്ച്വറി നേടാനായത് വലിയ കാര്യമാണ്’ -കോഹ്ലി പറഞ്ഞു.

Tags:    
News Summary - Venkatesh Prasad Defends Kohli Amid Criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.