വൈഭവിന് പിന്നാലെ 15-ാം വയസിൽ പുത്തൻ താരോദയം; ഡബ്ല്യൂ.പി.എല്ലിൽ അരങ്ങേറ്റത്തിന് കർണാടകക്കാരി

കൊച്ചി: ഐ.പി.എൽ സെൻസേഷനായ വൈഭവ് സൂര്യവംശിക്ക് പിന്നാലെ വനിത പ്രീമിയർ ലീഗും (ഡബ്ല്യൂ.പി.എൽ) ഒരു കൗമാര താരത്തെ വരവേൽക്കുകയാണ്. കർണാടകയിൽ നിന്നുള്ള 15 വയസുകാരി ഉമ കാഷ്‌വിയാണ് ഡബ്ല്യൂ.പി.എൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. കൊച്ചിയിൽ നടന്ന ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് താരത്തെ സ്വന്തമാക്കിയതോടെ ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി കാഷ്‌വി മാറി.

15 വയസും 202 ദിവസവും പ്രായമുള്ള കാഷ്‌വിയെ ഡൽഹി അടിസ്ഥാന വിലയായ 10 ലക്ഷം രൂപക്കാണ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. കഴിഞ്ഞ വർഷം 16-ാം വയസിൽ ഡൽഹി തന്നെ ടീമിലെത്തിച്ച ദിയ യാദവിന്റെ റെക്കോർഡാണ് താരം മറികടന്നത്.

വലം കൈ ഓഫ് സ്പിന്നറും മധ്യനിര ബാറ്ററുമാണ് കാഷ്‌വി. കർണാടക ജൂനിയർ ടീമിലൂടെ വളർന്ന വന്ന ഓൾറൗണ്ടർ ഇന്ത്യൻ കുപ്പായവും അണിഞ്ഞിട്ടുണ്ട്. ഈ വർഷം ഇന്ത്യക്ക് വേണ്ടി ശ്രീലങ്കക്കെതിരെ അണ്ടർ 19 ടീമിൽ കളിച്ചാണ് താരം ശ്രദ്ധ നേടിയത്. പരമ്പരയിൽ ട്വന്റി20യിൽ മൂന്ന് വിക്കറ്റുകളും ഏകദിനത്തിൽ രണ്ട് വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു.

2011ൽ ജനിച്ച കാഷ്‌വി ഏഴാം വയസിൽ ക്രിക്കറ്റ് കളിച്ച് തുടങ്ങിയിട്ടുണ്ട്. ഒമ്പതാം വയസിൽ ഇന്ത്യ നിപ്പോൺ കപ്പിൽ യങ് ടാലന്റ് അവാർഡ് നേടിയ നേടിയ താരം 12-ാം വയസിൽ ബെംഗളൂരുവിലെ ഇന്റർ-സ്കൂൾ ടൂർണമെന്റിൽ പുറത്താകാതെ 217 റൺസെടുത്തിരുന്നു.

കാഷ്‌വി കർണാടക അണ്ടർ 15 ടീമിനെയും കർണാടക വനിത ട്വന്റി 20 ലീഗിൽ ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെയും നയിച്ചിട്ടുണ്ട്. ഇവിടെ മികച്ച പ്രകടനം പുറത്തെടുത്തതിന് പുറമെ, 2025-26ലെ വനിതാ അണ്ടർ 15 ഏകദിന ട്രോഫിയിൽ താരം ടോപ് സ്‌കോററുമായിരുന്നു. 172 ശരാശരിയിൽ മൂന്ന് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറികളുമടക്കം 516 റൺസാണ് ഓൾറൗണ്ടർ അടിച്ചുകുട്ടിയത്. ഇതിന് പുറമെ, അണ്ടർ 19 ട്വന്റി 20 ലീഗിലും താരം മികവ് തെളിയിച്ചു. ക്വാർട്ടർ ഫൈനലിൽ വിദർഭക്കെതിരെ 3/18 എന്ന ബൗളിങ് പ്രകടനം കാഴ്ചവെച്ചതോടെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും കരസ്ഥമാക്കി. ഈ പ്രകടങ്ങളാണ് താരത്തെ ഈ വർഷമാദ്യം ഇന്ത്യൻ ടീമിലെത്തിച്ചത്.

ബാറ്റുകൊണ്ടും ബൗൾ കൊണ്ടും തിളങ്ങുന്ന കാഷ്‌വി ചില്ലറക്കാരിയല്ല എന്നാണ് ഈ പ്രകടനങ്ങൾ സൂചിപ്പിക്കുന്നത്. വൈഭവ് സൂര്യവംശിയെ പോലെ ഈ കർണാടകാരിയും ഡബ്ല്യൂ.പി.എല്ലിൽ വിരുന്നൊരുക്കുമോ എന്നതിനാൽ ആരാധകർ കാത്തിരിക്കുന്നത്.

Tags:    
News Summary - After Vaibhav Sooryavanshi, meet Uma Kashvi, Karnataka all-rounder became youngest player bought at WPL auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.