സഞ്ജു സാംസൺ

‘സഞ്ജു ഒരു ടീം പ്ലെയർ, ഇത്തരം താരങ്ങളെയാണ് ടീമിന് ആവശ്യം...’; പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ

മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിൽ കൗമാരതാരം വൈഭവ് സൂര്യവംശിക്ക്, ഓപ്പണറായി ഇറങ്ങാൻ അവസരം നൽകുന്നതിനായി സഞ്ജു ഓപ്പണർ സ്ഥാനത്തുനിന്ന് മാറികൊടുത്തിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് കുറിച്ച 199 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും വെടിക്കെട്ട് തുടക്കമാണ് നൽകിയത്.

ഒന്നാം വിക്കറ്റിൽ ഇരുവരും 43 പന്തിൽ 133 റൺസാണ് അടിച്ചുകൂട്ടിയത്. 38 പന്തിൽ ഒമ്പത് ഫോറും 11 സിക്സുമടക്കം 113 റൺസുമായി അഭിഷേക് തകർത്തടിച്ചപ്പോൾ, 19 പന്തിൽ 45 റൺസാണ് വൈഭവ് നേടിയത്. മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു സാംസൺ 13 പന്തിൽ 18 റൺസെടുത്തു. 13.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. ആറ് വിക്കറ്റ് ജയവുമായി അഞ്ചു മത്സര പരമ്പരയും (3-0) ഇന്ത്യ സ്വന്തമാക്കി. തന്റെ യൂട്യൂബ് ചാനലായ ‘വസീം ജാഫർ ഒഫീഷ്യലിൽ’ സംസാരിക്കവെയാണ് വസീമിന്‍റെ സഞ്ജു പ്രശംസ. ബാറ്റിങ് സ്ഥാനം വിട്ടുകൊടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് 48കാരനായ ജാഫർ ചൂണ്ടിക്കാട്ടി. ടീമിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകിയ സഞ്ജുവിനെ അദ്ദേഹം പ്രശംസിച്ചു. സഞ്ജുവിനെപ്പോലെയുള്ള താരങ്ങൾ എല്ലാ ടീമുകൾക്കും ആവശ്യമാണെന്നും ജാഫർ പ്രതികരിച്ചു.

“സഞ്ജുവും ഏറെ അഭിനന്ദനം അർഹിക്കുന്നു. ഓപ്പണിങ് സ്ഥാനത്ത് നിരവധി സെഞ്ച്വറികളും റൺസും നേടിയിട്ടുള്ള ഒരു താരത്തിന് തന്റെ ബാറ്റിങ് സ്ഥാനം വിട്ടുകൊടുക്കുക അത്ര എളുപ്പമല്ല. സഞ്ജു ഒരു ടീം പ്ലെയറാണ്. അദ്ദേഹത്തെപ്പോലെയുള്ള താരങ്ങളെയാണ് ടീമിന് ആവശ്യം. പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടാൻ അദ്ദേഹത്തിന് കഴിയും. വൈഭവിനായി തന്റെ ബാറ്റിങ് സ്ഥാനം വിട്ടുകൊടുത്ത സഞ്ജു അഭിനന്ദനം അർഹിക്കുന്നു” -വസീം ജാഫർ പറഞ്ഞു.

വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്ങിനെയും വസീം പുകഴ്ത്തി. ഐപിഎല്ലിൽനിന്ന് വ്യത്യസ്തമാണ് അന്താരാഷ്ട്ര ക്രിക്കറ്റെന്നും അതിനാൽ രാജ്യാന്തര മത്സരങ്ങളിൽ കൂടുതൽ റൺസ് നേടാൻ യുവതാരം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലൻഡിനെതിരെ നേടിയ 45 റൺസ് വൈഭവിന് വലിയ ആത്മവിശ്വാസം നൽകുമെന്നും ജാഫർ കൂട്ടിച്ചേർത്തു.

“വൈഭവും ഇന്ന് നന്നായി കളിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ കുറച്ചുകൂടി റൺസ് നേടേണ്ടതുണ്ട്. ഐപിഎല്ലും അന്താരാഷ്ട്ര ക്രിക്കറ്റും രണ്ടും വ്യത്യസ്തമാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് മറ്റൊരു തരത്തിലുള്ള വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ നിലവാരത്തിലും റൺസ് നേടാൻ കഴിയുമെന്ന ആത്മവിശ്വാസം താരത്തിന് ആവശ്യമാണ്. 45 റൺസ് മാത്രമാണ് നേടിയതെങ്കിലും ആ ഇന്നിങ്സ് വൈഭവിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്” -ജാഫർ കൂട്ടിച്ചേർത്തു.

പേസർ ഭുവനേശ്വർ കുമാറിന്റെ പ്രകടനത്തെക്കുറിച്ചും ജാഫർ സംസാരിച്ചു. മൂന്ന് മത്സരങ്ങളിൽനിന്ന് ഒരു വിക്കറ്റ് മാത്രം നേടിയ ഭുവനേശ്വർ, ഓവറിൽ ശരാശരി 11.58 റൺസ് വഴങ്ങി ഏറെ പ്രയാസപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രാഞ്ചൈസി ക്രിക്കറ്റിൽനിന്ന് വ്യത്യസ്തമായ വെല്ലുവിളിയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലുള്ളതെന്നും പരിചയസമ്പന്നനായ പേസർ തന്റെ പഴയ മികവ് വീണ്ടെടുക്കാൻ സമയം എടുക്കുകയാണെന്നും ജാഫർ വ്യക്തമാക്കി. “ഭുവിയും ഫോമിലേക്ക് തിരിച്ചെത്താൻ സമയം എടുക്കുകയാണ്. നേരത്തെ ചർച്ച ചെയ്തതുപോലെ, ഭുവിയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ കരുതിയിരുന്നു. ആ അവസരം ലഭിക്കാൻ അദ്ദേഹം തീർച്ചയായും അർഹനായിരുന്നു. ആ തീരുമാനം തെറ്റായിരുന്നില്ല. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമ്പോൾ പഴയ താളം വീണ്ടെടുക്കാൻ കുറച്ച് സമയമെടുക്കും” -ജാഫർ പ്രതികരിച്ചു.

ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വെറും 13.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് വിജയം സ്വന്തമാക്കിയത്. അഭിഷേക് ശർമ 38 പന്തിൽ ഒമ്പത് ബൗണ്ടറിയുടെയും 11 സിക്സറിന്റെയും അകമ്പടിയോടെയാണ് കരിയറിലെ നാലാം ട്വന്റി20 സെഞ്ച്വറി സ്വന്തം പേരിൽ കുറിച്ചത്. രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കെയാണ് പരമ്പര വിജയം. നാലാം ടി20 മത്സരം ഒക്ടോബർ 30 വെള്ളിയാഴ്ച ഓക്‌ലൻഡിൽ നടക്കും.

Tags:    
News Summary - Former Indian player Wasim Jaffer praise Sanju Samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.