അഭിഷേക് ശർമ്മയും സഞ്ജു സാംസണും

സെഞ്ച്വറിയടിച്ച് ഇഷാനെ താഴെയിറക്കി അഭിഷേക് വീണ്ടും ഒന്നാമത്; റാങ്കിങ്ങിൽ സഞ്ജുവിനും മുന്നേറ്റം

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരെയുള്ള മൂന്നാം മത്സരത്തിലെ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ഐ.സി.സിയുടെ ട്വന്റി20 പുരുഷ ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ഓപണർ അഭിഷേക് ശർമ. ഇതുവരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ മറികടന്നാണ് അഭിഷേകിന്റെ മുന്നേറ്റം. 897 പോയന്റുകളുമായാണ് ഇടം കൈയ്യൻ ഓപണർ ഒന്നാം സ്ഥാനത്തേക്ക് വീണ്ടും ഉയർന്നത്.

കഴിഞ്ഞ ദിവസം വെല്ലിങ്ടണിൽ നടന്ന മൂന്നാം ട്വന്റി20 മത്സരത്തിൽ അഭിഷേക് 38 പന്തുകളിൽ 11 സിക്സറുകളും ഒമ്പത് ഫോറുകളും ഉൾപ്പടെ 113 റൺസെടുത്ത ഇന്ത്യക്ക് വിജയം സമ്മാനിച്ചിരുന്നു. പിന്നാലെയാണ് ജൂലൈയിൽ തനിക്ക് നഷ്‌ടമായ ഒന്നാം സ്ഥാനത്തേക്ക് താരം വീണ്ടും കുതിച്ചത്. 2025 ജൂലൈയിലാണ് അഭിഷേക് ആദ്യമായി റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. ഒരു വർഷത്തോളം ഈ സ്ഥാനം നിലനിർത്തിയ താരം ട്വന്റി 20 ലോകകപ്പിലെയും തുടർന്നുള്ള പരമ്പരകളിലെയും മോശം പ്രകടനത്തെ തുടർന്നാണ് റാങ്കിങ്ങിൽ താഴോട്ട് ഇറങ്ങിയത്.

ട്വന്റി20 ലോകകപ്പിലും അയർലൻഡ് പരമ്പരയിലും മികച്ച പ്രകടനം നടത്തിയതോടെ ജൂലൈയിൽ ഇഷാൻ കിഷൻ അഭിഷേകിനെ പിന്തള്ളി മുന്നിലെത്തിയിരുന്നു. എന്നാൽ, ന്യൂസിലൻഡ് പരമ്പരയിൽ പരിക്ക് കാരണം ആദ്യ മത്സരത്തിൽ മാത്രം കളിച്ച താരത്തിന് പുതിയ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്നു. 866 പോയന്റാണ് താരത്തിനുള്ളത്. 883 പോയന്റുകളുള്ള പാകിസ്താൻ നായകൻ സാഹിബ്സാദ ഫർഹാനാണ് റാങ്കിങ്ങിൽ രണ്ടാമത്.

അതേസമയം, ന്യൂസിലൻഡ് പരമ്പരയിൽ ഇതുവരെ തിളങ്ങാൻ സാധിക്കാത്ത ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ അഞ്ച് സ്ഥാനങ്ങൾ താഴേക്കിറങ്ങി. 758 പോയന്റുകളുമായി താരം ഒമ്പതാം സ്ഥാനത്താണ്. പത്താം സ്ഥാനത്ത് 724 പോയന്റുകളുമായി തിലക് വർമയുമുണ്ട്.

മലയാളി താരം സഞ്ജു സാംസണും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. താരം ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 20ാം സ്ഥാനത്തേക്ക് ഉയർന്നു. 632 റാങ്കിങ് പോയന്റാണ് വിക്കറ്റ് കീപ്പർക്കുള്ളത്. ബൗളിങ് റാങ്കിങ്ങിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരങ്ങൾക്കും ഇടം പിടിക്കാനായില്ല. ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15ാം റാങ്കിലെത്തിയ അർഷ്ദീപ് സിങ്ങാണ് ബൗളിങ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയ ഇന്ത്യൻ താരം. പത്താം സ്ഥാനത്തുണ്ടായിരുന്ന അക്ഷർ പട്ടേൽ ഒരു സ്ഥാനം താഴോട്ട് ഇറങ്ങി നിലവിൽ 11ാമതാണ്. ബൗളിങ് റാങ്കിങ്ങിൽ അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ ഒന്നാമതും ഓസ്‌ട്രേലിയൻ താരം ആദം സാംപ രണ്ടാമതുമാണ്. അതേസമയം, ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.

Tags:    
News Summary - ICC T20I rankings: Abhishek Sharma reclaims No. 1 spot, Sanju Samson makes progess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.