അർധ സെഞ്ച്വറിയുമായി ഡാരിൽ മിച്ചൽ, കട്ടക്ക് ഒപ്പം നിന്ന് ബിവോൺ ജേക്കബ്സ്; വെല്ലിങ്ടണിൽ ഇന്ത്യയ്ക്ക് 199 വിജയലക്ഷ്യം

വെല്ലിങ്ടൺ: മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് മുന്നിൽ 199 റൺസ് വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് എടുത്തത്. ഡാരിൽ മിച്ചലിന്റെ അർധ സെഞ്ച്വറി കരുത്തിലാണ് ടീം മികച്ച സ്കോർ പടുത്തുയർത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിന് രണ്ടാം ഓവറിൽ തന്നെ തിരിച്ചടി നേരിട്ടിരുന്നു. രണ്ട് റൺസ് മാത്രമെടുത്ത ഓപ്പണർ ടിം ഷീഫെട്ടിനെ അർശ്ദീപ് സിങ് മടക്കുകയായിരുന്നു. അതോടെ ഒന്നിച്ച ഫിൻ അലൻ - ഡാരിൽ മിച്ചൽ സഖ്യം അർധ സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തി.

സ്കോർ ബോർഡിലേക്ക് 86 റൺസ് ചേർത്തതിന് പിന്നാലെ നിതീഷ് കുമാർ റെഡ്ഡി ഫിൻ അലനെ (25 പന്തിൽ 40) പുറത്താക്കി. ക്രീസിൽ തുടർന്ന മിച്ചൽ നാലാമനായി ഇറങ്ങിയ ഗ്ലെൻ ഫിലിപ്സിനെ കൂട്ടുപിടിച്ച് ന്യൂസിലൻഡ് സ്കോർ ഉയർത്താൻ ശ്രമിച്ചു.

എന്നാൽ, 17 റൺസ് മാത്രമെടുത്ത് ഫിലിപ്സ് മടങ്ങി. റിടേൺ ക്യാച്ചിൽ ആ ഓവർ എറിഞ്ഞ ബൗളർ അക്ഷർ പട്ടേൽ തന്നെയാണ് വിക്കറ്റ് വീഴ്ത്തിയത്. അതോടെ ക്രീസിലെത്തിയ ബിവോൺ ജേക്കബ്സ് മിച്ചലിനൊപ്പം ചേർന്ന് ടീം സ്കോർ 198ൽ എത്തിക്കുകയായിരുന്നു. 52 പന്തിൽ അഞ്ച് വീതം സിക്സറുകളും ഫോറുകളും അടക്കം 89 റൺസെടുത്ത് മിച്ചൽ പുറത്താവാതെ നിന്നപ്പോൾ ജേക്കബ്സ് 23 പന്തിൽ പുറത്താവാതെ 39 റൺസെടുത്തു.

അതേസമയം, മത്സരത്തിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെയാണ് നിലനിർത്തിയതെങ്കിലും ഓപ്പണിങ്ങിൽ സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിയാണ് ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യയ്ക്ക് വെല്ലിങ്ടണ്ണിലും വിജയം ആവർത്തിക്കാനായാൽ പരമ്പര സ്വന്തമാക്കാം.

അഞ്ച് മത്സര പരമ്പര അടിയറവ് വെക്കാതിരിക്കാൻ ആതിഥേയരായ കിവികൾക്കിത് ജീവന്മരണ പോരാട്ടമാണ്. മൂന്ന് മാറ്റങ്ങളുമായാണ് കിവീസ് ഈ പോരിനിറങ്ങിയത്. മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, നഥാൻ സ്മിത്ത് എന്നിവർക്കു പകരം മാത്യു ഫിഷർ, കൈൽ ജാമിസൺ, ആദം മിൽനെ എന്നിവർ ടീമിൽ ഇടംപിടിച്ചു. 

Tags:    
News Summary - Ind vs NZ: India need 199 runs in third T20I against New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.