മുഹമ്മദ് ഷമി
ഷമിയും പ്രമാണിക്കും കേരളത്തെ എറിഞ്ഞിട്ടു; ഒന്നാം ഇന്നിങ്സിൽ 141ന് പുറത്ത്; ബംഗാളിന് കൂറ്റൻ ലീഡ്
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി കേരളം. മുഹമ്മദ് ഷമിയുടെയും പ്രദീപ്ത പ്രമാണിക്കിന്റെയും തകർപ്പൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ആതിഥേയർ 141 റൺസിന് പുറത്ത്. 209 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളം വഴങ്ങിയത്.
മൂന്നാം ദിനം ആറ് വിക്കറ്റിന് 101 റൺസെന്ന നിലയിൽ ബാറ്റിങ് തുടര്‍ന്ന കേരളത്തിന് 40 റൺസ് കൂട്ടിചേർക്കുന്നതിനിടെ ബാക്കിയുള്ള നാലു വിക്കറ്റുകളും നഷ്ടമായി. കേരളത്തെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങിയ ബംഗാൾ, ലഞ്ചിന് പിരിയുമ്പോൾ രണ്ടു വിക്കറ്റിന് 65 റൺസെന്ന നിലയിലാണ്. ജലജ് സക്സേനയുടെ വിക്കറ്റാണ് മൂന്നാംദിനം കേരളത്തിന് ആദ്യം നഷ്ടമായത്. സ്കോര്‍ 121ൽ നില്‍ക്കെ ആറ് റണ്‍സെടുത്ത ജലജിനെ പ്രദീപ്ത പ്രമാണിക്കാണ് പുറത്താക്കിയത്. പിന്നാലെ വൈശാഖ് ചന്ദ്രനും (അഞ്ച്) എം.ഡി നിധീഷും (പൂജ്യം) എന്‍ പി ബേസിലും (പൂജ്യം) പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്സ് 141ൽ അവസാനിച്ചു. 65 പന്തിൽ 30 റണ്‍സുമായി മുഹമ്മദ് അസറുദ്ദീന് പുറത്താകാതെ നിന്നു.
ബംഗാൾ ഒന്നാം ഇന്നിങ്സിൽ 350 റൺസെടുത്തിരുന്നു. അങ്കൂർ പോളിന്റെയും (29 പന്തിൽ 12), സുദീപ് കുമാറിന്റെയും (17 പന്തിൽ 12) വിക്കറ്റുകളാണ് ബംഗാളിന് രണ്ടാം ഇന്നിങ്സിൽ നഷ്ടമായത്. 48 പന്തിൽ 40 റൺസുമായി അഭിമന്യു ഇശ്വരനും ഒരു റണ്ണുമായി സുദീപ് ചാറ്റർജിയുമാണ് ക്രീസിൽ. ആദ്യദിനത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ബംഗാൾ ഷഹബാസ് അഹമ്മദിന്റെ സെഞ്ച്വറി മികവിലാണ് 350 റൺസിൽ എത്തിയത്. ഷഹബാസ് അഹ്മദും സുമന്ത ഗുപ്തയും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗാളിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിറിങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ അഭിഷേക് പി. നായരുടെ വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത അഭിഷേക് ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. വൈകാതെ 12 റൺസെടുത്ത അഭിഷേക് ജെ. നായരും പ്രദീപ്ത പ്രമാണിക്കിൻറെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി. സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്ന് ചെറിയൊരു ചെറുത്തുനിൽപ്പിന് തുടക്കമിട്ടെങ്കിലും 23 റൺസെടുത്ത സച്ചിനെ പുറത്താക്കി ബംഗാൾ മത്സരത്തിൽ പിടിമുറുക്കി.
അവസാന ഓവറുകളിൽ മൂന്ന് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കൂടി വീണത് കേരളത്തിന് തിരിച്ചടിയായി. പതിവ് ശൈലിയിൽ തകർത്തടിച്ച വിഷ്ണു വിനോദാണ് ആദ്യം മടങ്ങിയത്. 47 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 41 റൺസാണ് വിഷ്ണു നേടിയത്. സൽമാൻ നിസാർ 11 റൺസുമായി മടങ്ങിയപ്പോൾ ആദിത്യ സർവാതെ പൂജ്യത്തിന് പുറത്തായി.
രണ്ടാംദിനം ആറ് വിക്കറ്റിന് 172 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ബംഗാളിന് വേണ്ടി ഷഹബാസ് അഹമ്മദും സുമന്ത ഗുപ്തയും ചേർന്ന് കരുതലോടെയാണ് ഇന്നിങ്സ് മുന്നോട്ടു നീക്കിയത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസാണ് കൂട്ടിച്ചേർത്തത്. ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുമ്പ് സുമന്ത ഗുപ്തയെ (49) പുറത്താക്കി ജലജ് സക്സേനയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. 121 റൺസെടുത്ത ഷഹബാസ് അഹ്മദ് ആദിത്യ സർവാതെയുടെയും 17 റൺസെടുത്ത മുഹമ്മദ് ഷമി എം.ഡി. നിധീഷിൻറെ പന്തിൽ പുറത്തായതോടെ ബംഗാളിൻറെ ആദ്യ ഇന്നിങ്സ് 350 റൺസിന് അവസാനിച്ചു.
കേരളത്തിന് വേണ്ടി ആദിത്യ സർവാതെ നാലും എൻ.പി. ബേസിൽ മൂന്നും എം.ഡി. നിധീഷ് രണ്ടും ജലജ് സക്സേന ഒന്നും വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.