രഞ്ജി ട്രോഫി ;കേരളത്തിന് തകർച്ച, ഷമിക്ക് മൂന്ന് വിക്കറ്റ്
തിരുവനന്തപുരം: രഞ്ജിട്രോഫിയിൽ കേരളത്തിനെതിരെ ബംഗാളിന് മേൽക്കൈ. മംഗലപുരം കെ.സി.എ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബംഗാളിൻറെ ബൗളിങ് മികവിന് മുന്നിൽ തകർന്നടിഞ്ഞ കേരളം രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റിന് 101 റൺസെന്ന നിലയിലാണ്. ആദ്യദിനത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ബംഗാൾ ഷഹബാസ് അഹമ്മദിൻറെ സെഞ്ച്വറി മികവിൽ 350 റൺസ് നേടി. ഷഹബാസ് അഹ്മദും സുമന്ത ഗുപ്തയും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗാളിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിറിങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ അഭിഷേക് പി. നായരുടെ വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത അഭിഷേക് ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. വൈകാതെ 12 റൺസെടുത്ത അഭിഷേക് ജെ. നായരും പ്രദീപ്ത പ്രമാണിക്കിൻറെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി. സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്ന് ചെറിയൊരു ചെറുത്തുനിൽപ്പിന് തുടക്കമിട്ടെങ്കിലും 23 റൺസെടുത്ത സച്ചിനെ പുറത്താക്കി ബംഗാൾ മത്സരത്തിൽ പിടിമുറുക്കി.
അവസാന ഓവറുകളിൽ മൂന്ന് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കൂടി വീണത് കേരളത്തിന് തിരിച്ചടിയായി. പതിവ് ശൈലിയിൽ തകർത്തടിച്ച വിഷ്ണു വിനോദാണ് ആദ്യം മടങ്ങിയത്. 47 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 41 റൺസാണ് വിഷ്ണു നേടിയത്. സൽമാൻ നിസാർ 11 റൺസുമായി മടങ്ങിയപ്പോൾ ആദിത്യ സർവാതെ പൂജ്യത്തിന് പുറത്തായി. കളി നിർത്തുമ്പോൾ മുഹമ്മദ് അസറുദ്ദീൻ അഞ്ചും ജലജ് സക്സേന അക്കൗണ്ട് തുറക്കാതെയും ക്രീസിലുണ്ട്. ബംഗാളിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും ഷഹബാസ് അഹമ്മദ് രണ്ടും പ്രദീപ്ത പ്രമാണിക് ഒരു വിക്കറ്റും വീഴ്ത്തി. ആറ് വിക്കറ്റിന് 172 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ബംഗാളിന് വേണ്ടി ഷഹബാസ് അഹമ്മദും സുമന്ത ഗുപ്തയും ചേർന്ന് കരുതലോടെയാണ് ഇന്നിങ്സ് മുന്നോട്ടു നീക്കിയത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസാണ് കൂട്ടിച്ചേർത്തത്. ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുമ്പ് സുമന്ത ഗുപ്തയെ (49) പുറത്താക്കി ജലജ് സക്സേനയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. 121 റൺസെടുത്ത ഷഹബാസ് അഹ്മദ് ആദിത്യ സർവാതെയുടെയും 17 റൺസെടുത്ത മുഹമ്മദ് ഷമി എം.ഡി. നിധീഷിൻറെ പന്തിൽ പുറത്തായതോടെ ബംഗാളിൻറെ ആദ്യ ഇന്നിങ്സ് 350 റൺസിന് അവസാനിച്ചു. കേരളത്തിന് വേണ്ടി ആദിത്യ സർവാതെ നാലും എൻ.പി. ബേസിൽ മൂന്നും എം.ഡി. നിധീഷ് രണ്ടും ജലജ് സക്സേന ഒന്നും വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.