സഞ്ജുവിന് പകരം വൈഭവ് - അഭിഷേക് കോംബോ; വെല്ലിങ്ടൺ വെടിക്കെട്ടിൽ പിറന്നത് 'ഹാട്രിക്ക്' റെക്കോർഡ്

വെല്ലിങ്ടൺ: ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ട്വന്റി 20യിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കി പരമ്പര നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം വെറും 13.2 ഓവറിൽ വിജയിച്ചാണ് ആരാധകർക്ക് വിരുന്നൊരുക്കിയത്. മലയാളി താരം സഞ്ജു സാംസണിനെ മാറ്റി ഇറക്കിയ വൈഭവ് സൂര്യവംശി - അഭിഷേക് ശർമ്മ ഓപ്പണിങ് ജോഡിയാണ്‌ ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.

അഭിഷേകും വൈഭവും മറുപടി ബാറ്റിങ് ആരംഭിച്ചത് മുതൽ ആക്രമിച്ചാണ് കളിച്ചത്. ഇരുവരും തകർത്തടിച്ചപ്പോൾ പിറന്നത് മൂന്ന് റെക്കോഡുകളാണ്. ഇതിൽ ആദ്യത്തേത് ട്വന്റി 20യിൽ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ 50 റൺസ് നേടുന്ന ടീമെന്ന നേട്ടമാണ്. വെറും 2.2 ഓവറിലാണ് ഇന്ത്യ 50 റൺസിലെത്തിയത്. നേരത്തെ ഈ റെക്കോർഡ് 2.4 ഓവറിൽ 50 റൺസിലെത്തിയ ന്യൂസിലൻഡിന്റെയും ദക്ഷിണാഫ്രിക്കയുടെയും പേരിലായിരുന്നു. ടെസ്റ്റ് രാജ്യങ്ങളിൽ വേഗതയേറിയതാണെങ്കിലും ഇന്ത്യ ഈ നേട്ടത്തിൽ ട്വന്റി 20യിൽ കളിക്കുന്ന എല്ലാ അന്താരാഷ്ട്ര രാജ്യങ്ങളിൽ പാപുവ ന്യൂ ഗിനിയ, റൊമാനിയ എന്നിവരുടെ റെക്കോഡിനൊപ്പമാണ്.

ട്വന്റി 20യിൽ ഏറ്റവും വേഗത്തിൽ 100 റൺസ് പൂർത്തിയാക്കുന്ന ടീം എന്നതാണ് രണ്ടാമത്തെ നേട്ടം. വെല്ലിങ്ടണിൽ നടന്ന മൂന്നാം മത്സരത്തിൽ ഇന്ത്യ അഞ്ച് ഓവറുകൾ അഥവാ 30 പന്തുകളിലാണ് ഇന്ത്യ സെഞ്ച്വറി പൂർത്തിയാക്കിയത്. 2021ൽ സെർബിയക്കെതിരെ 32 പന്തിൽ (5.2 ഓവർ) 100 റൺസ് തികച്ച റൊമാനിയയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോർഡ്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ വെസ്റ്റ് ഇൻഡീസിനെതിരെ 5.3 ഓവറിൽ ദക്ഷിണാഫ്രിക്കയും 100 റൺസിലെത്തിയിരുന്നു.

ട്വന്റി20യിൽ പവർപ്ലേയിൽ ഒരു ടീമിന്റെ എക്കാലത്തെയും ഉയർന്ന സ്‌കോറെന്ന ലോക റെക്കോർഡാണ് വൈഭവ് - അഭിഷേക് സഖ്യം മൂന്നാമതായി തകർത്തത്. ആദ്യ ആറ് ഓവറിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 118 റൺസാണ് അടിച്ചെടുത്തത്. 2021ൽ സെർബിയയ്‌ക്കെതിരെ റൊമാനിയ നേടിയ 116/0 എന്ന സ്കോറിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

അതേസമയം, മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശർമ്മ 38 പന്തിൽ 113 റൺസെടുത്തപ്പോൾ വൈഭവ് സൂര്യവംശി 19 പന്തിൽ 45 റൺസുമെടുത്തു. ഓപ്പണിങ് സ്ഥാനം നഷ്ടമായി മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങിയ സഞ്ജുവിന് 13 പന്തിൽ 18 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. പരമ്പരയിലെ നാലാം മത്സരം ഒക്ടോബർ 30ന് ഓക്ക്‌ലാൻഡിൽ നടക്കും. 

Tags:    
News Summary - Abhishek Sharma-Vaibhav Sooryavanshi Break 3 Records Carnage vs New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.