ബ്രിസ്ബേൻ: സൂപ്പർ 12 ഗ്രൂപ് ഒന്നിൽ ചൊവ്വാഴ്ച ഇംഗ്ലണ്ടും ശ്രീലങ്കയും ജയിച്ചതോടെ സെമി ഫൈനലിൽ ആരൊക്കെയെന്ന സസ്പെൻസ് അവസാന മത്സരത്തിലേക്കു നീണ്ടു. നാലു മത്സരങ്ങളിൽ അഞ്ചു പോയന്റുമായി ന്യൂസിലൻഡാണ് ഇപ്പോഴും ഒന്നാമത്.
ന്യൂസിലൻഡിനെ തോൽപിച്ച് ഇംഗ്ലണ്ട് ഇത്രയും പോയന്റുമായി രണ്ടാം സ്ഥാനത്തേക്കു കയറി. ആതിഥേയരും നിലവിലെ ജേതാക്കളുമായ ആസ്ട്രേലിയ അഞ്ചു പോയന്റുമായി മൂന്നാം സ്ഥാനത്താണ്. അഫ്ഗാനിസ്താനെ തോൽപിച്ച് നാലു പോയൻറുമായി നിൽക്കുന്ന ശ്രീലങ്കക്ക് നേർത്ത സാധ്യതയേയുള്ളൂ. നാലാം മത്സരത്തിൽ അയർലൻഡിനെ തോൽപിച്ചാൽ കിവികൾക്കും അഫ്ഗാനെ വീഴ്ത്തിയാൽ ഓസീസിനും ലങ്ക കടന്നാൽ ഇംഗ്ലണ്ടിനും ഏഴു പോയന്റാവും.
നെറ്റ് റൺറേറ്റാണ് അപ്പോൾ രണ്ടു സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. ഇംഗ്ലണ്ടിനെ തോൽപിക്കുന്നത് കൂടാതെ ന്യൂസിലൻഡും ആസ്ട്രേലിയയും വീണാലേ ശ്രീലങ്കക്ക് കാര്യമുള്ളൂ.
നാലാം മത്സരത്തിൽ അഫ്ഗാനിസ്താനെ ആറു വിക്കറ്റിനാണ് ധസുൻ ഷനകയും സംഘവും പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറിൽ എട്ടു വിക്കറ്റിന് 144 റൺസെടുത്തു. ലങ്കക്കാർ 18.3 ഓവറിൽ നാലിന് 148 റൺസ് നേടി വിജയംകുറിച്ചു.
നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത വാനിന്ദു ഹസരങ്ക ഡി സിൽവയാണ് പ്ലെയർ ഓഫ് ദ മാച്ച്. 42 പന്തിൽ 66 റൺസ് നേടി പുറത്താവാതെ നിന്ന ധനഞ്ജയ ഡി സിൽവ ലങ്കയുടെയും 24 പന്തിൽ 28 റൺസ് കുറിച്ച ഓപണർ റഹ്മാനുല്ല ഗുർബാസ് അഫ്ഗാന്റെയും ടോപ് സ്കോററായി.
ഇന്നലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് 20 റൺസിനാണ് ന്യൂസിലൻഡിനെ തോൽപിച്ചത്. ടോസ് നേടിയ ഇംഗ്ലീഷുകാർ ബാറ്റിങ് തീരുമാനിച്ചു. 20 ഓവറിൽ ആറു വിക്കറ്റിന് 179 റൺസാണെടുത്തത്. 180 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവികൾക്ക് 20 ഓവറിൽ ആറിന് 159ൽ പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു.
ക്യാപ്റ്റൻ ജോസ് ബട്‍ലറുടെയും (47 പന്തിൽ 73) അലക്സ് ഹെയിൽസിന്റെയും (40 പന്തിൽ 52) അർധ സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. 36 പന്തിൽ 62 റൺസെടുത്ത ഗ്ലെൻ ഫിലിപ്സ് ന്യൂസിലൻഡ് ടോപ് സ്കോററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.