ട്വന്റി20 പരമ്പര; ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം അങ്കം ഇന്ന്

ബർമിങ്ഹാം: ടെസ്റ്റിലെ തോൽവിക്ക് ആദ്യ ട്വന്റി20യിൽ വിജയവുമായി പകരംവീട്ടിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ശനിയാഴ്ച രണ്ടാം മത്സരത്തിനിറങ്ങുന്നു. ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ട്വന്റി20യിൽ നായകസ്ഥാനത്ത് തുടർച്ചയായ 13ാം വിജയവുമായാണ് രോഹിത് ശർമ സതാംപ്ടണിലെ ഏജിസ് മൈതാനത്തുനിന്ന് തിരിച്ചുകയറിയത്. മറുവശത്ത് ഇംഗ്ലണ്ടിന്റെ പുതിയ ട്വന്റി20 നായകൻ ജോസ് ബട്‍ലർക്ക് ആദ്യ മത്സരം കയ്പേറിയതായി. രണ്ടാം മത്സരത്തിൽ ജയിച്ച് പരമ്പരയിൽ ഒപ്പംപിടിക്കാനാവും ബട്‍ലറുടെ ശ്രമം.

ടെസ്റ്റിനുശേഷം വിശ്രമം ലഭിച്ചശേഷം വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ എന്നിവർ തിരിച്ചെത്തുന്നത് ഇന്ത്യയുടെ കരുത്തുകൂട്ടും. ഇവർ അഞ്ചു പേരും കളിക്കാനാണ് സാധ്യതയെന്നിരിക്കെ ആരെല്ലാം പുറത്തിരിക്കും എന്ന് കണ്ടറിയേണ്ടി വരും. കോഹ്‍ലിയുടെ പതിവ് പൊസിഷനായ മൂന്നാം നമ്പറിൽ അവസരം ലഭിച്ച ദീപക് ഹൂഡ തകർപ്പൻ ഫോമിലാണ്. ഹൂഡയെ തൽസ്ഥാനത്ത് നിലനിർത്തുകയാണെങ്കിൽ ഇഷാൻ കിഷന്റെ പകരം ഓപണറുടെ റോളിലാവും കോഹ്‍ലി. ടെസ്റ്റ് താരങ്ങൾക്കെല്ലം വിശ്രമം നൽകിയതിനാൽ നിരവധി പുതുമുഖ താരങ്ങൾക്കൊപ്പമാണ് ബട്‍ലർ പൊരുതുന്നത്. ബാറ്റിങ്ങിലെ പ്രധാന ആശ്രയം ബട്‍ലർ തന്നെയാണ്. ആദ്യ കളിയിൽ നായകൻ പെട്ടെന്ന് പുറത്തായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം.

ടീം-ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, രവി ബിഷ്‍ണോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്.

ഇംഗ്ലണ്ട്: ജോസ് ബട്‍ലർ (ക്യാപ്റ്റൻ), മുഈൻ അലി, ഹാരി ബ്രൂക്, സാം കറൻ, റിച്ചാർഡ് ഗ്ലീസൻ, ക്രിസ് ജോർഡൻ, ലിയാം ലിവിങ്സ്റ്റൺ, ഡേവിഡ് മലാൻ, ടൈമൽ മിൽസ്, മാത്യു പാർകിൻസൺ, ജേസൺ റോയ്, ഫിൽ സാൾട്ട്, റീസ് ടോപ്‍ലി, ഡേവിഡ് വില്ലി.

ഹാർദിക് 2.0

സതാംപ്ടൺ: ട്വന്റി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കൃത്യസമയത്തുള്ള ബൂസ്റ്റാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ പ്രഹരശേഷിയുള്ള അപൂർവം പ്രതിഭകളിലൊരാളായ ഹാർദികിന്റെ ഫിറ്റ്നസും ഫോമും അതിനാൽതന്നെ ടീമിന് ഏറെ നിർണായകമാണ്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20യിൽ അർധ സെഞ്ച്വറിയും നാലു വിക്കറ്റ് നേട്ടവുമായി ഹാർദികിന്റെ ഓൾറൗണ്ട് മികവാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. 33 പന്തിൽ 51 റൺസും 33 റൺസിന് നാലു വിക്കറ്റുമായിരുന്നു ഹാർദികിന്റെ അക്കൗണ്ടിൽ. പരിക്കുമൂലം ഹാർദിക് ടീമിൽനിന്ന് പുറത്തായ സമയത്ത് ഇന്ത്യക്ക് ലക്ഷണമൊത്ത പകരക്കാരനെ കണ്ടെത്താനായിരുന്നില്ല. ഐ.പി.എല്ലിലെ തകർപ്പൻ പ്രകടനവുമായി ഹാർദിക് തിരിച്ചെത്തിയതോടെ ഇന്ത്യക്ക് ആശ്വാസമായി. നേരത്തേ, ഫിനിഷറുടെ റോളിൽ മാത്രം തിളങ്ങിയിരുന്ന ഹാർദിക് ഇപ്പോൾ നാല്, അഞ്ച് നമ്പറുകളിൽ അവസരത്തിനൊത്ത് ബാറ്റുവീശുന്നു. ആക്രമണോത്സുകത കൈവിടാതെതന്നെ ടീമിന്റെ ആവശ്യത്തിനനുസൃതമായി ബാറ്റേന്താനാവുമെന്ന് കഴിഞ്ഞ ഐ.പി.എല്ലിൽ ഹാർദിക് തെളിയിച്ചിരുന്നു. ഒപ്പം നാല് ഓവർ എറിയാവുന്ന തരത്തിൽ ബൗളിങ്ങിലും താളം കണ്ടെത്തുന്നതാണ് ടീമിന് പ്ലസ് പോയന്റാവുന്നത്. 

Tags:    
News Summary - T20I Series; India-England second match today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.