അഡലെയ്ഡ്: മഴ തടസ്സപ്പെടുത്തിയ ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് വിജയലക്ഷ്യം 16 ഓവറിൽ 151 റൺസാക്കി ചുരുക്കി. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ബംഗ്ലാദേശ് 11.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുത്തിട്ടുണ്ട്.
ജയിക്കാൻ 29 പന്തിൽ ഇനിയും 52 റൺസ് വേണം. ഓപ്പണർ ലിറ്റണ്‍ ദാസ് ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കമാണ് നൽകിയത്. 21 പന്തില്‍ താരം അർധ സെഞ്ച്വറി കുറിച്ചു. ടീം ഏഴു ഓവറിൽ 66 റൺസെടുത്ത് നിൽക്കെയാണ് ഇന്ത്യയുടെ വില്ലനായി മഴയെത്തുന്നത്. അൽപസമയത്തിനകം 16 ഓവറാക്കി ചുരുക്കി മത്സരം പുനരാരംഭിക്കുകയായിരുന്നു.
27 പന്തിൽ 60 റൺസെടുത്ത് ലിറ്റൺ ദാസ് റണ്ണൗട്ടായി. പിന്നാലെ 25 പന്തിൽ 21 റൺസുമായി നജ്മുൽ ഹുസൈൻ ഷാന്റോയും മടങ്ങി. അഫീഫ് ഹുസൈൻ അഞ്ചു പന്തിൽ മൂന്നു റൺസെടുത്തു.
നായകൻ ഷക്കീബ് അൽ ഹസനും യാസിർ അലിയുമാണ് ക്രീസിലുള്ളത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണർ കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി എന്നിവരുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തത്.
മത്സരത്തിന്റെ തുടക്കത്തിൽ നായകൻ രോഹിത് ശർമ (എട്ട് പന്തിൽ രണ്ട് റൺസ്) പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ കോഹ്‌ലിയെ കൂട്ടുപിടിച്ച് രാഹുൽ തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചത്തോടെ സ്‌കോർ ഉയർന്നു. 32 പന്തിൽ 52 റൺസെടുത്താണ് രാഹുൽ പുറത്തായത്. കഴിഞ്ഞ മത്സരങ്ങളിൽ നിറംമങ്ങിയ താരം, വിമർശകർക്ക് ബാറ്റിങ്ങിലൂടെ മറുപടി നൽകി.
ഇന്ത്യയുടെ സ്‌കോർ 78 എത്തിനിൽക്കെ രാഹുൽ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവും കോഹ്‌ലിയും ചേർന്ന് സ്കോർ ബോർഡ് മുന്നോട്ടു ചലിപ്പിച്ചു. 16 പന്തിൽ 30 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്.
ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് കൂറ്റൻ സ്‌കോറിലേക്ക് എത്തുന്നതിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ ആർ. അശ്വിനും കോഹ്‌ലിയും തകർത്തടിച്ചതോടെ സ്‌കോർ 184ൽ എത്തുകയായിരുന്നു. 44 പന്തിൽ 64 റൺസുമായി കോഹ്‌ലി പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി അസൻ മഹ്മൂദ് മൂന്നും ഷക്കീബ് അൽ ഹസൻ രണ്ടു വിക്കറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.