സൂര്യകുമാർ യാദവ്

ഏഷ്യകപ്പിലെ മാച്ച് ഫീസ് ഇന്ത്യൻസേനക്കും പഹൽഗാം ആക്രമണത്തിന്റെ ഇരകൾക്കുമായി നൽകുമെന്ന് സൂര്യകുമാർ യാദവ്

ന്യൂഡൽഹി: ഏഷ്യകപ്പ് ടൂർണമെന്റിലെ മുഴുവൻ മാച്ച് ഫീസും ഇന്ത്യൻസേനക്കും പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകൾക്കുമായി നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മുഴുവൻ മാച്ച് ഫീസും ഇന്ത്യൻസേനക്കും പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച ഇരകളുടെ കുടുംബാംഗങ്ങൾക്കുമായി നൽകാൻ തീരുമാനിച്ചുവെന്ന് സൂര്യകുമാർ യാദവ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.

ഏഷ്യകപ്പിലെ ഒരു മത്സരത്തിൽ നാല് ലക്ഷം രൂപയാണ് മാച്ച് ഫീസായി ലഭിക്കുക. ഇതുപ്രകാരം 35കാരനായ സൂര്യകുമാർ യാദവിന് ഏഴ് മത്സരങ്ങളിൽ നിന്ന് 28 ലക്ഷം രൂപയായിരിക്കും മാച്ച് ഫീസായി ലഭിക്കുക. ഈ തുകയാണ് ഇന്ത്യൻസേനക്കും പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കുമായി നൽകുമെന്ന് സൂര്യകുമാർ യാദവ് അറിയിച്ചിരിക്കുന്നത്.

ത്രില്ലർ പോരിനൊടുവിൽ ഏഷ്യകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ നിലനിർത്തിയിരുന്നു. കലാശപ്പോരിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 146 റൺസിന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

146 റൺസ് പിന്തുടർന്ന ഇന്ത്യ തുടക്കത്തിൽ വൻ തകർച്ച നേരിട്ടെങ്കിലും തിലക് വർമയുടെ ഗംഭീര ചെറുത്ത് നിൽപ്പിൽ വിജയം തിരിച്ചുപിടിക്കുകയായിരുന്നു. 53 പന്തിൽ പന്തിൽ 69 റൺസെടുത്ത തിലക് വർമ പുറത്താകാതെ നിന്നു.താരതമ്യേന ചെറിയ വിജയലക്ഷ്യം തേടി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മിന്നുംഫോമിലുള്ള അഭിഷേക് ശർമയെയാണ് (5) ആദ്യം നഷ്ടമായത്.

ഫഹീം അഷ്റഫിന്റെ പന്തിൽ ഹാരിസ് റൗഫ് പിടിച്ച് പുറത്താകുകയായിരുന്നു. തുടർന്നെത്തിയ നായകൻ സൂര്യകുമാർ യാദവ് (1) നിലയുറപ്പിക്കും മുൻപേ മടങ്ങി. ഷഹീൻ അഫ്രീദിയുടെ പന്തിൽ സൽമാൻ ആഗ പിടിച്ചാണ് പുറത്തായത്. സ്കോർ 20 റൺസിൽ നിൽക്കെ ഇന്ത്യക്ക് മൂന്നാമത്തെ വിക്കറ്റും നഷ്ടമായി. ഓപണർ ശുഭ്മാൻ ഗില്ല് (12) ഫഹീം അഷ്റഫിന് വിക്കറ്റ് നൽകി.

ഇതോടെ പരുങ്ങിലിലായ ഇന്ത്യയെ തിലക് വർമയും സഞ്ജു സാംസണും ചേർന്ന് കരകയറ്റുകയായിരുന്നു. 21 പന്തിൽ 24 റൺസെടുത്ത സഞ്ജു, അബ്രാറിനെ കൂറ്റൻ അടിക്കുള്ള ശ്രമത്തിൽ ഫർഹാന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ ശിവം ദുബെ, തിലക് വർമക്ക് മികച്ച പിന്തുണയേകിയതോടെ ഇന്ത്യ കൈവിട്ട കളി തിരിച്ചുപിടിക്കുകയായിരുന്നു.

Tags:    
News Summary - Suryakumar Yadav to donate Asia Cup match fee to Indian Army, Pahalgam victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.