ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നായകൻ രോഹിത് ശർമയുടെ ഫിറ്റ്നസിനെ ചൊല്ലി കഴിഞ്ഞ ദിവസം കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. രോഹിത്തിനെ 'തടിയൻ' എന്നായിരുന്നു അവർ അഭിസംബോധന ചെയ്തത്. അദ്ദേഹത്തിന് ഫിറ്റ്നസ് ഇല്ലെന്നും മോശം ക്യാപ്റ്റനാണെന്നും ഷമ എക്സിൽ കുറിച്ചു. താരത്തിന്‍റെ ഫിറ്റ്നസ് മോശമാണെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ബോഡി ഷെയ്മിങ് ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു ഇതിന് ഷമ നൽകിയ ന്യായം.
രോഹിത് ശർമയുടെ ഫിറ്റ്നസിനെ ചൊല്ലി ചർച്ചകൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ട്വന്‍റി-20 ടീമിന്‍റെ നായകൻ സൂര്യകുമാർ യാദവ്. ഒരു താരം 15-20 വർഷം ക്രിക്കറ്റ് കളിക്കുന്നത് വലിയ കാര്യമാണെന്നും ഫിറ്റ്നസിന് വേണ്ടി രോഹിത് ഒരുപാട് പണിയെടുക്കുന്നുണ്ടെന്നും സൂര്യ പറഞ്ഞു.
'നിങ്ങൾ അവനെ ക്യാപ്റ്റ്നായി നോക്കുകയാണെങ്കിൽ കഴിഞ്ഞ നാല് വർഷത്തിനിടെ നാല് ഐ.സി.സി ട്രോഫികളുടെ ഫൈനലിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അത് വലിയ ഒരു കാര്യമാണ്. അതോടൊപ്പം ഒരു കളിക്കാരൻ 15-20 വർഷം ക്രിക്കറ്റ് കളിക്കുന്നത് വലിയ കാര്യമാണ്. ഫിറ്റ്നസ് രോഹിത്തിന് എത്രത്തോളം പ്രധാനമാണെന്ന് എനിക്ക് അറിയാം. ഞാൻ അവനെ വളരെ അടുത്ത് നിന്നും കണ്ടിട്ടുണ്ട്. അവന് കഠിനപ്രയത്നം തന്നെ ചെയ്യാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അവൻ ഏറ്റവും മുകളിലാണ്. ന്യൂസിലാൻഡിനെതിരെയുള്ള ഫൈനലിന് എല്ലാവിധ ആശംസകളും നേരുന്നു,' സൂര്യകുമാർ യാദവ് പറഞ്ഞു.
മാർച്ച് ഒമ്പത് ഞായറാഴ്ചയാണ് ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഫൈനൽ. ആസ്ട്രേലിയയെ തോൽപ്പിച്ചെത്തുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചെത്തുന്ന ന്യൂസിലാൻഡുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഫൈനൽ അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.