ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്റ്റീവ് സ്മിത്ത്

ദുബൈ: ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യയോട് തോറ്റ് പുറത്തായതിന് പിന്നാലെ ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആസ്ട്രേലിയൻ താരവും മുൻ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്ത്. 35കാരനായ താരം ട്വന്‍റി20, ടെസ്റ്റ് മത്സരങ്ങളിൽ തുടരും.

ഇന്നലത്തെ തോൽവിക്ക് പിന്നാലെ തന്നെ വിരമിക്കൽ കാര്യം സ്മിത്ത് സഹതാരങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇന്നലത്തെ മത്സരത്തിൽ 73 റൺസ് നേടി ആസ്ട്രേലിയയുടെ ടോപ് സ്കോറർ സ്മിത്തായിരുന്നു. 

ആസ്ട്രേലിയയുടെ ഏറ്റവും മികച്ച ഏകദിന താരങ്ങളിലൊരാളായാണ് സ്മിത്തിനെ കണക്കാക്കുന്നത്. 2010ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിനത്തിൽ അരങ്ങേറിയ സ്മിത്ത് 170 മത്സരങ്ങളിൽ നിന്നായി 5800 റൺസ് നേടിയിട്ടുണ്ട്. 12 സെഞ്ച്വറികളും 35 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. ലെഗ് സ്പിന്നർ കൂടിയായ സ്മിത്ത് 28 വിക്കറ്റുകളും സ്വന്തമാക്കി. 2015ലും 2023ലും ഏകദിന ലോകകപ്പ് നേടിയ ആസ്ട്രേലിയൻ ടീമിൽ അംഗമായിരുന്നു. മൈക്കൽ ക്ലർക്കിന് പിന്നാലെ ആസ്ട്രേലിയൻ ക്യാപ്റ്റനായ സ്മിത്ത് 64 ഏകദിനങ്ങളിൽ ടീമിനെ നയിച്ചിട്ടുണ്ട്. പാറ്റ് കമ്മിൻസിന്‍റെ പരിക്കിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ ആസ്ട്രേലിയയെ നയിച്ചത് സ്മിത്താണ്. 

ഏകദിനത്തിൽ ആസ്ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിലെ 12ാമനാണ് സ്മിത്ത്. 2016ൽ ന്യൂസിലാൻഡിനെതിരെ നേടിയ 164 റൺസാണ് ഉയർന്ന സ്കോർ. മികച്ച ഫീൽഡറായ സ്മിത്ത് 90 ക്യാച്ചുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 

തന്‍റെ ഏകദിന കാലഘട്ടം വളരെ മനോഹരമായിരുന്നെന്ന് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് സ്മിത്ത് പറഞ്ഞു. മനോഹരമായ ഒരുപാട് ഓർമകളും നിമിഷങ്ങളുമുണ്ട്. പ്രഗത്ഭരായ താരങ്ങൾക്കൊപ്പം കളിക്കാനായതും രണ്ട് ലോകകപ്പ് സ്വന്തമാക്കിയ ടീമിന്‍റെ ഭാഗമായതും വലിയ കാര്യമാണ് -സ്മിത്ത് പറഞ്ഞു. 

ഇന്നലെ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ആസ്ട്രേലിയയെ നാല് വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. അർധ സെഞ്ച്വറി നേടിയ ചേസ് മാസ്റ്റർ വിരാട് കോഹ്‌ലിയാണ് (98 പന്തിൽ 84) ഇന്ത്യയുടെ വിജയ ശില്പി. കളിയിലെ താരവും കോഹ്‌ലിയാണ്. ബുധനാഴ്ചത്തെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക - ന്യൂസിലൻഡ് പോരാട്ടത്തിൽ ജ‍യിക്കുന്ന ടീമിനെ ഇന്ത്യ ഞായറാഴ്ച ഫൈനലിൽ നേരിടും. ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ട്രോഫി ഫൈനലാണിത്. സ്കോർ: ആസ്ട്രേലിയ - 49.3 ഓവറിൽ 264ന് പുറത്ത്, ഇന്ത്യ - 48.1 ഓവറിൽ ആറിന് 267. 


Tags:    
News Summary - steve smith announces retirement from ODI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.