‘ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാരെ സഹായിക്കാൻ പ്രത്യേക പന്തുകള്‍ നൽകുന്നു’; ഗുരുതര ആരോപണവുമായി മുൻ പാകിസ്താൻ താരം

കറാച്ചി: ലോകകപ്പില്‍ ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും തകർപ്പൻ ബൗളിങ്ങുമായി എതിരാളികളെ വിറപ്പിക്കു​മ്പോൾ ഗുരുതര ആരോപണങ്ങളുമായി പാകിസ്താന്‍ മുൻ താരം ഹസന്‍ റാസ. ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സഹായകരമാകുന്ന രീതിയിലുള്ള പ്രത്യേക പന്തുകള്‍ നല്‍കിയിട്ടുണ്ടെന്നും ഇതുകൊണ്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വേട്ട തുടരുന്നതെന്നും ഹസന്‍ റാസ പാക് ടെലിവിഷന്‍ ചാനലായ എ.ബി.എന്‍ ന്യൂസിലെ ചര്‍ച്ചയില്‍ ആരോപിച്ചു. സീമും സ്വിങ്ങും കിട്ടാനാണ് ഇന്ത്യക്ക് മാത്രം പ്രത്യേക പന്തുകള്‍ നല്‍കുന്നതെന്നും ഹസന്‍ റാസ പറഞ്ഞു.

ലോകകപ്പില്‍ മത്സരഫലങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കാന്‍ എന്തെങ്കിലും കള്ളക്കളി നടത്തുന്നുണ്ടോ എന്ന ടെലിവിഷന്‍ അവതാരകന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഹസന്‍ റാസയുടെ ആരോപണം. ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ മാത്രം എങ്ങനെയാണ് ഇത്രയും സ്വിങ്ങും സീമും ലഭിക്കുന്നതെന്ന അവതാരകന്‍റെ ചോദ്യത്തിന്, ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പന്ത് പരിശോധിക്കണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ഹസന്‍ റാസ ആവശ്യപ്പെട്ടു. ഇന്ത്യ പന്തെറിയാന്‍ വരുമ്പോള്‍ പന്ത് മാറ്റുന്നുണ്ട്. ഐ.സി.സിയോ ബി.സി.സി.ഐയോ ആവും ഇത് ചെയ്യുന്നത്. സ്വിങ്ങിനായി പന്തിൽ ഒരു അധികപാളി ചേർത്തിട്ടുണ്ടാകാം. അതുപോലെ തേര്‍ഡ് അമ്പയര്‍ മത്സരങ്ങളില്‍ ഇന്ത്യക്ക് അനുകൂലമായാണ് തീരുമാനമെടുക്കുന്നതെന്നും ഹസന്‍ റാസ പറഞ്ഞു.

പാകിസ്താന് വേണ്ടി 1996 മുതല്‍ 2005 വരെ ഏഴ് ടെസ്റ്റും 16 ഏകദിനങ്ങളും കളിച്ച താരമാണ് ഹസൻ റാസ. 1996ൽ 14ാം വയസ്സിൽ ടെസ്റ്റിൽ അരങ്ങേറി ചരിത്രം കുറിച്ചിരുന്നു. മുമ്പും പലതവണ വിവാദ പ്രസ്താവനകളിലൂടെ റാസ ശ്രദ്ധ നേടിയിരുന്നു.

ലോകകപ്പിൽ ബുംറ-ഷമി-സിറാജ് ത്രയം ഇതുവരെ 38 വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. ബുംറ ഏഴ് കളികളില്‍ 15 വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി മൂന്ന് കളികളില്‍ 14 വിക്കറ്റും മുഹമ്മദ് സിറാജ് ഏഴ് കളികളില്‍ ഒമ്പത് വിക്കറ്റുമാണ് വീഴ്ത്തിയത്.

Tags:    
News Summary - 'Special balls given to help Indian bowlers in World Cup'; Former Pakistani player with serious allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.