വീണ്ടും ജദേജക്ക് മുമ്പിൽ വീണ് സ്മിത്ത്; ഇന്ത്യൻ താരത്തിന് സ്വന്തമായത് അപൂർവ റെക്കോഡ്

അഹ്മദാബാദ്: ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർമാരില്‍ ഒരാളാണ് ആസ്ട്രേലിയയുടെ സ്റ്റീവൻ സ്മിത്ത്. ടെസ്റ്റില്‍ താരത്തെ പുറത്താക്കൽ ഏതൊരു ബൗളറും നേരിടുന്ന വെല്ലുവിളിയാണ്. എന്നാൽ, സ്മിത്തിനെ ടെസ്റ്റ് കരിയറില്‍ ഏഴ് തവണ പുറത്താക്കിയ ഒരാളുണ്ട്, ഇന്ത്യൻ ആൾറൗണ്ടർ രവീന്ദ്ര ജദേജ.

ബോർഡർ-ഗവാസ്‍കർ ട്രോഫിയില്‍ അഹമ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിലും ജദേജക്ക് മുന്നിൽ വീണതോടെ രാജ്യാന്തര ക്രിക്കറ്റില്‍ നാലാം തവണയാണ് സ്റ്റീവൻ സ്മിത്തിനെ ജദേജ ബൗള്‍ഡാക്കുന്നത്. ഇതുവരെ മറ്റൊരു ബൗളർക്കും രണ്ടില്‍ കൂടുതല്‍ തവണ സ്മിത്തിനെ ബൗള്‍ഡാക്കാനായിട്ടില്ല. പരമ്പരയിൽ മൂന്നാം തവണയാണ് ലോക രണ്ടാം നമ്പർ താരമായ സ്മിത്തിനെ ജദേജ പുറത്താക്കുന്നത്. അഹമ്മദാബാദില്‍ നാലാമനായി ക്രീസിലെത്തിയ സ്മിത്ത് ഉസ്മാന്‍ ഖാജക്കൊപ്പം പ്രതിരോധിച്ച് കളിച്ച് വൻ കൂട്ടുകെട്ട് പടുത്തുയർത്താൻ ലക്ഷ്യമിട്ടെങ്കിലും ആ പ്രതീക്ഷ ജദേജ തകർക്കുകയായിരുന്നു. 135 പന്ത് പ്രതിരോധിച്ച സ്മിത്ത് 38 റൺസാണ് നേടിയത്.

ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ കളിച്ച് പരിചയമേറെയുള്ള സ്മിത്ത് മുമ്പ് ഇന്ത്യയില്‍ എത്തിയപ്പോഴെല്ലാം റണ്ണൊഴുക്കിയിട്ടുണ്ട്. 13 ഇന്നിങ്സ് ഇന്ത്യയിൽ കളിച്ചപ്പോൾ മൂന്ന് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയുമടക്കം 698 റൺസാണ് സമ്പാദ്യം. എന്നാല്‍, ഇത്തവണ ഒരിക്കല്‍ പോലും 50 കടക്കാന്‍ ആയിട്ടില്ല. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജദേജയും സ്മിത്തിനെ വട്ടം കറക്കുകയായിരുന്നു. ഈ പരമ്പരയില്‍ 37, 25 നോട്ടൗട്ട്, 0, 9, 26, 38 എന്നിങ്ങനെയാണ് സ്മിത്തിന്‍റെ സംഭാവന. ഇതുവരെ 95 ടെസ്റ്റുകൾ കളിച്ച സ്മിത്ത് 59.89 ശരാശരിയിൽ 8744 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 30 സെഞ്ച്വറികളും 37 അർധ സെഞ്ച്വറികളുമുണ്ട്.

ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിലെ ആദ്യ ദിനം കളിനിർത്തുമ്പോൾ ഇന്ത്യക്കെതിരെ ആസ്ട്രേലിയ മികച്ച നിലയിലാണ്. ഓപണർ ഉസ്മാൻ ഖാജ പുറത്താവാതെ നേടിയ സെഞ്ച്വറിയാണ് ആസ്ട്രേലിയക്ക് മികച്ച തുടക്കം നൽകിയത്. ആദ്യ ദിനം കളി നിർത്തുമ്പോൾ സന്ദർശകർ നാലിന് 255 എന്ന നിലയിലാണ്. 104 റൺസ് നേടിയ ഖാജക്കൊപ്പം 49 റൺസുമായി കാമറൂൺ ഗ്രീൻ ആണ് ക്രീസിൽ. അഭേദ്യമായ അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 85 റൺസ് ചേർത്തിട്ടുണ്ട്.

ഓപണർ ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. 32 റൺസെടുത്ത താരത്തെ അശ്വിന്റെ പന്തിൽ ജദേജ പിടികൂടുകയായിരുന്നു. തുടർന്നെത്തിയ മാർനസ് ലബൂഷെയ്നിന് അധികം ആയുസുണ്ടായില്ല. 20 പന്ത് നേരിട്ട് മൂന്ന് റൺസ് മാത്രം നേടിയ താരത്തെ മുഹമ്മദ് ഷമി ബൗൾഡാക്കുകയായിരുന്നു. 38 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന്റെ സ്റ്റമ്പ് ജദേജ തെറിപ്പിച്ചു. പീറ്റർ ഹാൻഡ്സ്കോമ്പിനെ ഷമിയും ഇതേ രീതിയിൽ മടക്കി. എന്നാൽ, പി​ന്നീടെത്തിയ കാമറൂൺ ഗ്രീൻ ഖാജക്കൊപ്പം പിടിച്ചു നിൽക്കുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ടും അശ്വിൻ, ജദേജ എന്നിവർ ഓരോന്നും വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരം അനായാസം ജയിച്ച ഇന്ത്യയെ മൂന്നാമത്തേതിൽ ആസ്ട്രേലിയ വീഴ്ത്തിയിരുന്നു. 

Tags:    
News Summary - Smith falls before Jadedah; The Indian player owned Rare Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.