സഞ്ജു താഴോട്ട് ഇറങ്ങട്ടെ, മൂന്നാം നമ്പറിൽ വൈഭവ് അനുയോജ്യനല്ല: മുൻ ഇന്ത്യൻ താരം

ചെന്നൈ: യുവതാരം വൈഭവ് സൂര്യവംശി മൂന്നാം നമ്പറിൽ അനുയോജ്യനല്ലെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. വൈഭവ് വെള്ളത്തിൽ നിന്ന് ചാടിയ ഒരു മീനിനെപോലെയാണെന്നാണ് തോന്നിയതെന്നും നേരിട്ട എട്ട് പന്തിലും ആഞ്ഞടിക്കാൻ മാത്രമാണ് താരം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, വൈഭവ് എന്നിവരെ ഒരുമിച്ച് കളിപ്പിക്കുകയാണെങ്കിൽ വിക്കറ്റ് കീപ്പർ ബാറ്ററാണ് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടതെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ട്വന്റി 20യിൽ വൈഭവിനെ ഇറക്കിയിരുന്നു.

ആദ്യ മത്സരത്തിൽ പരിക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായാണ് വൈഭവിന് അവസരം ലഭിച്ചത്. എന്നാൽ, തന്റെ പതിവ് ഓപ്പണിങ് സ്ഥാനത്ത് നിന്ന് മാറി മൂന്നാം നമ്പറിൽ ഇറങ്ങിയ താരത്തിന് വെറും നാല് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

"അതൊരു പരാജയമാണ്. വൈഭവിനെപ്പോലൊരു യുവതാരത്തിന്റെ കാര്യത്തിൽ 'പരാജയം' എന്ന് വിധിയെഴുതാൻ സമയമായിട്ടില്ല. എങ്കിലും അവൻ വെള്ളത്തിൽ ചാടിയ മീനിനെപ്പോലെയാണെന്നാണ് തോന്നിയത്. നേരിട്ട എട്ട് പന്തുകളിലും അവൻ ആഞ്ഞടിക്കാൻ മാത്രമാണ് ശ്രമിച്ചത്. അപ്പോഴാണ് 'ശാന്തനാകൂ, അല്പം കൂടി പിടിച്ചുനിൽക്കൂ, ശരീരത്തോട് ചേർന്ന് കളിക്കാൻ നോക്കൂ, പന്ത് കൂടുതൽ ശ്രദ്ധിച്ചു കാണൂ' എന്ന് അവനോട് ഒരു സീനിയർ താരം പറയേണ്ടത്. പന്ത് കൂടുതൽ ശ്രദ്ധിച്ചു നോക്കൂവെന്ന ചെറിയ ഉപദേശമായിരിക്കും ഒരു ബാറ്റർ ചിലപ്പോൾ കേൾക്കാൻ ആഗ്രഹിക്കുന്നത്.

ചുറ്റുമുള്ള ആവേശം കാരണം പലപ്പോഴും ആ പിന്തുണ വൈഭവിന് നഷ്ടമായി. ആറാം ഓവറിൽ ക്രീസിലിറങ്ങുക എന്നത് അവന് അനുയോജ്യമായ ഒരു സ്ഥാനമല്ല. ഈ കോമ്പിനേഷൻ മുമ്പും ഇന്ത്യ പരീക്ഷിച്ചിട്ടുണ്ട്. അന്ന് സഞ്ജു സാംസണ് മൂന്നാം നമ്പറിലേക്ക് ഇറങ്ങേണ്ടി വന്നിട്ടുണ്ട്. ഈ കോമ്പിനേഷനുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കിൽ, വൈഭവ് തന്നെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നില്ല. എങ്കിലും വൈഭവിനെ സംബന്ധിച്ച് ഇതൊരു പരാജയമായിരുന്നു," അശ്വിൻ പറഞ്ഞു.

അതേസമയം, രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ഒരു ഘട്ടത്തിൽ പതറിയ ഇന്ത്യയെ അർധ സെഞ്ച്വറി നേടിയ തിലക് വർമ്മ, മികച്ച പിന്തുണ നൽകിയ നമൻ ധിർ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ പ്രകടനമാണ് ടീമിന് വിജയം സമ്മാനിച്ചത്. അവസാന ഓവറിലെ ആവേശപ്പോരിൽ ജയിച്ചതോടെ പരമ്പരയിൽ ഇന്ത്യ 2 - 0ന് മുന്നിലെത്തി. ഒക്ടോബർ 27ന് വെല്ലിങ്ങ്ടണിലാണ് പരമ്പരയിലെ മൂന്നാം മത്സരം. 

Tags:    
News Summary - R Ashwin's Verdict on Vaibhav Sooryavanshi's No. 3 Role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.