വൈഭവിനെ നിലനിർത്തി, ടീമിൽ മാറ്റമില്ല; ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിന് വിട്ടു; ജയിച്ചാൽ പരമ്പര
വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ശ്രേയസ്സ് അയ്യർ ന്യൂസിലൻഡിനെ ബാറ്റിങ്ങിനു വിട്ടു. വെല്ലിങ്ടണ്ണിലും വിജയം ആവർത്തിക്കാനായാൽ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.
അഞ്ച് മത്സര പരമ്പര അടിയറവ് വെക്കാതിരിക്കാൻ ആതിഥേയരായ കിവികൾക്കിത് ജീവന്മരണ പോരാട്ടമാണ്. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും സന്ദർശകർ നാല് വിക്കറ്റിന് ന്യൂസിലൻഡിനെ തോൽപിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. കൗമാര താരം വൈഭവ് സൂര്യവംശിയെ നിലനിർത്തി. കഴിഞ്ഞ കളിയിൽ മൂന്നാം നമ്പറിൽ ഇറങ്ങിയ വൈഭവിന് തിളങ്ങാനായിരുന്നില്ല. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും തന്നെയാണ് ഓപ്പണർമാർ.
നാലുവർഷത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ സീനിയർ പേസർ ഭുവനേശ്വർ കുമാറിലാണ് ശ്രദ്ധ മുഴുവൻ. തന്റെ നാല് ഓവർ സ്പെല്ലുകളിൽ യഥാക്രമം 49, 50 റൺസ് വീതം വഴങ്ങിയ ഭുവി, 12.37 എന്ന മോശം ഇക്കോണമി റേറ്റിലാണ് പന്തെറിഞ്ഞത്. നേടാനായത് ഒരു വിക്കറ്റ് മാത്രം. വെല്ലിങ്ടണിലെ കാറ്റ് ബാറ്റർമാർക്കും ബൗളർമാർക്കും ഒരുപോലെ വെല്ലുവിളിയാണ്. മിച്ചൽ സാന്റ്നർ നയിക്കുന്ന കിവീസ് മൂന്നാം മത്സരം ജയിച്ച് പരമ്പരയിൽ പ്രതീക്ഷ നിലനിർത്താനുള്ള ശ്രമമാവും നടത്തുക.
ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്. മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, നഥാൻ സ്മിത്ത് എന്നിവർക്കു പകരം മാത്യു ഫിഷർ, കൈൽ ജാമിസൺ, ആദം മിൽനെ എന്നിവർ ടീമിൽ ഇടംപിടിച്ചു.
ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി
ന്യൂസിലൻഡ് ടീം: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഡാരിൽ മിച്ചൽ, ആഡം മിൽനെ, ജേക്കബ് ഡഫി, മൈക്കൽ ബ്രേസ് വെൽ, മാറ്റ് ഫിഷർ, കൈൽ ജാമിസൻ, ടിം സീഫെർട്ട്, ഗ്ലെൻ ഫിലിപ്സ്, ഫിൻ അലൻ, ബിവോൺ ജേക്കബ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.