ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ വെസ്റ്റേൺ ആസ്ട്രേലിയക്കെതിരെ 13 റൺസിനാണ് ഇന്ത്യ വിജയിച്ചത്. സൂര്യകുമാർ യാദവിന്‍റെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. താരം 35 പന്തുകളിൽനിന്ന് മൂന്നു വീതം ഫോറുകളും സിക്സറുകളും അടക്കം 52 റൺസെടുത്തു.
ഓപ്പണിങ് ഇറങ്ങിയ നായകൻ രോഹിത് ശർമയും ഋഷഭ് പന്തും നിരാശപ്പെടുത്തി. രോഹിത് മൂന്നു റൺസിനു പുറത്തായി. 17 പന്തുകളിൽനിന്ന് ഒമ്പതു റൺസാണ് പന്തിന്‍റെ സമ്പാദ്യം. ഏതാനും മാസങ്ങളായി ആരാധകരുടെയും വിമർശകരുടെയും റഡാറിലാണ് 25കാരനായ പന്ത്. ക്രിക്കറ്റിന്‍റെ ചെറുപതിപ്പിൽ താരത്തിന്‍റെ പ്രകടനത്തിന്‍റെ ഗ്രാഫ് അത്ര നല്ലതല്ല.
സന്നാഹ മത്സരത്തിലും പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ രോഷം പരസ്യമാക്കി. മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരുടെ അവസരങ്ങളാണ് പന്ത് ടീമിലെത്തിയതോടെ ഇല്ലാതായത്. എന്നിട്ടും താരത്തിൽനിന്ന് നിലവാരത്തിനൊത്ത പ്രകടനം ഉണ്ടാകാത്തതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.
ബി.സി.സി.ഐക്കു നേരെയാണ് ആരാധകരുടെ രോഷം മുഴുവനും. ഇന്ത്യയുടെ ട്വന്‍റി20 ടീമിൽനിന്ന് പന്തിനെ തിരിച്ചുവിളിക്കണമെന്നും പകരം സഞ്ജുവിനെ ആസ്ട്രേലിയയിലേക്ക് അയക്കാൻ ബി.സി.സി.ഐ തയാറാകണമെന്നും ആരാധകർ പറയുന്നു. ട്വന്‍റി20 ടീമിൽനിന്ന് പന്തിനെ ഒഴിവാക്കി മധ്യനിരയിൽ സഞ്ജു, രാഹുൽ ത്രിപാഠി എന്നിവരെ പരിഗണിക്കണമെന്ന് ഒരു ആരാധകൻ ട്വിററ്റിൽ കുറിച്ചു.
മറ്റു താരങ്ങളെ തഴഞ്ഞ് പന്തിനെ എന്തുകൊണ്ടാണ് ടീമിൽ ഉൾപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്ന് മറ്റൊരു ആരാധകൻ കുറിച്ചു. ട്വന്‍റി20 ലോകകപ്പ് ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ നേരത്തെ തന്നെ ആരാധകർ രംഗത്തുവന്നിരുന്നു. മത്സരത്തിൽ ഹർഷൽ പട്ടേലിന്‍റെ പ്രകടനവും നിരാശപ്പെടുത്തി.
ഒരു വിക്കറ്റ് പോലും താരത്തിന് നേടാനായില്ല. ആസ്ട്രേലിയ, ന്യൂസിലാൻഡ് ടീമുകൾക്കെതിരെയുള്ള വാം അപ് മത്സരങ്ങൾക്കു മുമ്പായി ഇന്ത്യക്ക് ഒരു സന്നാഹ മത്സരം കൂടിയുണ്ട്. ഒക്ടോബർ 23ന് മെൽബണിൽ പാകിസ്താനെതിരായാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.