ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസിനെതിരെ അനായാസം ജയിക്കാവുന്ന മത്സരമാണ് രാജസ്ഥാൻ റോയൽസ് സൂപ്പർ ഓവറിലേക്ക് കൊണ്ടുപോയി കൈവിട്ടത്. സീസണിൽ രാജസ്ഥാന്‍റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.
നിശ്ചിത 20 ഓവറിൽ ഡൽഹി അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തപ്പോൾ, രാജസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിലാണ് 188ൽ എത്തിയത്. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.
ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന് 11 റൺസ് മാത്രമാണ് എടുക്കാനായത്. ഷിംറോൺ ഹെറ്റ്മയറും റിയാൻ പരാഗുമാണു ബാറ്റിങ്ങിന് ഇറങ്ങിയത്. ഡൽഹിക്കുവേണ്ടി പന്തെറിഞ്ഞത് മിച്ചൽ സ്റ്റാർക്കും. രണ്ടു പന്തുകൾ നേരിട്ട പരാഗ് നാലു റൺസെടുത്തു റൺഔട്ടായി. തൊട്ടുപിന്നാലെയെത്തിയ ജയ്സ്വാളും റൺഔട്ടായി മടങ്ങി. ട്രിസ്റ്റൻ സ്റ്റബ്സും കെ.എൽ. രാഹുലുമാണ് ഡൽഹിക്കായി ഇറങ്ങിയത്. രാജസ്ഥാനായി പന്തെറിഞ്ഞത് സന്ദീപ് ശർമയും. ഡൽഹി നാലു പന്തിൽ ലക്ഷ്യത്തിലെത്തി.
ടീമിന്‍റെ തോൽവിയിൽ ആരാധകർ കട്ടകലിപ്പിലാണ്. ഇതിനിടെയാണ് ഡഗ്ഔട്ടിൽ നടന്ന രാജസ്ഥാൻ ടീം മീറ്റിങ്ങിന്‍റെ വിഡിയോ പുറത്തുവന്നത്. പരിശീലകൻ രാഹുൽ ദ്രാവിഡും സഞ്ജുവും ഇപ്പോൾ അത്ര രസത്തിലല്ലെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ. സൂപ്പര്‍ ഓവറിലേക്ക് മത്സരം നീങ്ങിയതോടെ ഡഗൗട്ടില്‍ രാജസ്ഥാന്‍ ടീമംഗങ്ങളുമായും സപ്പോര്‍ട്ടിങ് സ്റ്റാഫുമായും ദ്രാവിഡ് സംസാരിക്കുന്നതാണ് വിഡിയോ. മീറ്റിങ് നടക്കുമ്പോള്‍ അതിൽ പങ്കെടുക്കാതെ മാറി നിൽക്കുകയാണ് സഞ്ജു.
ഇതിനിടെ ഒരു താരം ചർച്ചയിൽ പങ്കെടുക്കാൻ വിളിക്കുന്നുണ്ടെങ്കിലും ഞാനില്ലെന്ന ഭാവത്തില്‍ സഞ്ജു കൈ കൊണ്ട് ആംഗ്യം കാട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മത്സരശേഷം രാഹുലിനോട് സംസാരിക്കാൻ സഞ്ജു തയാറായില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നു സഞ്ജുവിനെ രാജസ്ഥാന്‍ മാറ്റിയേക്കുമെന്നുവരെ ചർച്ചകൾ നടക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് പോകുന്നത് പരിഗണിക്കണമെന്ന് സഞ്ജുവിനെ ഉപദേശിക്കുന്നവരുമുണ്ട്.
മത്സരത്തിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ആറാം ഓവറിനിടെ പരിക്കേറ്റ് സഞ്ജു റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുന്നത്. താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും അടുത്ത മത്സരത്തിൽ കളിക്കുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.