ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ വ്യാജ ടിക്കറ്റ് വിൽപന; നാലുപേർ അറസ്റ്റിൽ

അഹ്മദാബാദ്: ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിനായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. 1,32,000 കാണികളെ ഉൾക്കൊള്ളുന്ന അഹ്മദാബാദിലെ സ്റ്റേഡിയം ശനിയാഴ്ച നിറഞ്ഞുകവിയുമെന്നാണ് പ്രതീക്ഷ. മത്സരത്തിന്റെ ആവേശം ടിക്കറ്റിന് വൻ ഡിമാൻഡാണ് ഉണ്ടാക്കിയത്. ഇത് തട്ടിപ്പിനുള്ള അവസരമായി ഉപയോഗപ്പെടുത്തുന്ന സംഘങ്ങളും സജീവമാണ്. വ്യാജ ടിക്കറ്റുകൾ വിറ്റതിന് നാലുപേരെ അറസ്റ്റ് ചെയ്തതായി അഹ്മദാബാദ് സിറ്റി പൊലീസ് അറിയിച്ചു. 50 ടിക്കറ്റുകളാണ് തട്ടിപ്പ് സംഘം മൂന്ന് ലക്ഷം രൂപക്ക് വിറ്റത്. ജയ്മിൻ പ്രജാപതി (18), ധ്രുമിൽ താകോർ (18), രാജീവ് താകോർ (18) കുഷ് മീണ (21) എന്നിവരാണ് അറസ്റ്റിലായത്.

ആദ്യം ഒരു ഒറിജിനൽ ടിക്കറ്റ് വാങ്ങിയ സംഘം ഇത് സ്കാൻ ചെയ്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്യുകയും 200 പ്രിന്റ് എടുക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു വ്യാജ ടിക്കറ്റ് വിൽപന. വിറ്റ 50 എണ്ണമടക്കം 200 വ്യാജ ടിക്കറ്റുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 2000 മുതൽ 20,000 വരെ രൂപക്കാണ് ഓരോ വ്യാജ ടിക്കറ്റും സംഘം വിറ്റത്. ഇങ്ങനെ മൂന്ന് ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായ ന്യൂസിലാൻഡും ഏറ്റുമുട്ടിയപ്പോൾ ഗാലറി ഒഴിഞ്ഞുകിടന്നത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഈ ചീത്തപ്പേര് ഇന്ത്യ-പാക് മത്സരത്തോടെ ഇല്ലാതാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മത്സരത്തിന് മുമ്പ് മെഗാ സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളടക്കം പ​​​​ങ്കെടുക്കുന്ന പരിപാടിക്ക് പുറമെ ഗോൾഡൻ ടിക്കറ്റ് ലഭിച്ച പ്രമുഖരുടെ സാന്നിധ്യവും സ്റ്റേഡിയത്തിൽ ഉണ്ടാകും. ഇന്ത്യയുടെ ഇതിഹാസ താരം സചിൻ തെണ്ടുൽകർ, സിനിമ താരങ്ങളായ അമിതാഭ് ബച്ചൻ, രജനികാന്ത് എന്നിവർക്ക് ലോകകപ്പിന് മുമ്പ് ബി.സി.സി.ഐ ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ചിരുന്നു. പാകിസ്താൻ ക്രിക്കറ്റ് ബോർഡിലെ പ്രമുഖരും 25ഓളം മാധ്യമ സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികളും മത്സരത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അനിൽ പട്ടേൽ അറിയിച്ചിരുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിൽ ഏകദിന ലോകകപ്പിൽ ഏഴുതവണ ഏറ്റുമുട്ടിയപ്പോൾ ഏഴിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. സ്വന്തം മണ്ണിൽ അരങ്ങേറുന്ന മത്സരത്തിലും ജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ താരങ്ങളും ആരാധകരും.

Tags:    
News Summary - Sale of fake tickets for India-Pakistan match; Four people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.