റൺമല കയറി സായ് സുദർശൻ! 15 മത്സരങ്ങളിൽ 759 റൺസ്; ഓറഞ്ച് ക്യാപ് പട്ടികയിൽ ഒന്നാമത്

മുല്ലൻപുർ (പഞ്ചാബ്): ഐ.പി.എൽ എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് 20 റൺസിന് തോറ്റ് പുറത്തായിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. ഉജ്ജ്വല ഫോം തുടർന്ന ഓപണർ സായ് സുദർശന്റെ മികവിൽ ഒരുവേള കളി ടൈറ്റൻസിന്റെ വഴിക്കുവന്നെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ടു. ടീം ഫൈനലിലെത്താതെ മടങ്ങിയതിലെ നിരാശ തുറന്നു പറഞ്ഞ സായ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയാറെടുപ്പിലാണ്.

ഐ.പി.എല്ലിൽ 759 റൺസുമായി നിലവിൽ ഓറഞ്ച് ക്യാപ് പട്ടികയിൽ ഒന്നാമതുണ്ട് ചെന്നൈ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ. 15 മത്സരങ്ങളിൽ 54.21 ശരാശരിയിൽ ഒരു സെഞ്ച്വറിയും ആറ് അർധ ശതകങ്ങളുമുൾപ്പെടെയാണ് ഇത്രയും റൺസ് സ്കോർ ചെയ്തത്. ഒരു സീസണിൽ 750ൽ അധികം റൺസ് നേടുന്ന അഞ്ചാമത്തെ ബാറ്ററാണ് സായ്.

2022ൽ ഐ.പി.എൽ അരങ്ങേറ്റം നടത്തിയ സായ് തുടക്കം മുതൽ ഗുജറാത്ത് ടൈറ്റൻസ് താരമാണ്. കഴിഞ്ഞ സീസൺ വരെ 20 ലക്ഷമായിരുന്നു പ്രതിഫലമെങ്കിൽ ഇക്കുറി അത് 8.25 കോടിയിലേക്ക് കുതിച്ചു. അതു ശരിവെക്കുന്ന പ്രകടനമാണ് ഓപണിങ് ബാറ്റർ നടത്തിയത്. രണ്ടു മത്സരങ്ങളിൽ മാത്രം 20ൽ താഴെ റൺസിന് പുറത്തായതൊഴിച്ചാൽ സീസണിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്ററാണ് സായ്. മേയ് 18ന് ഡൽഹിക്കെതിരെ നേടിയ 108 റൺസ് ഐ.പി.എൽ കരിയറിലെ ഉയർന്ന സ്കോറുമായി. ആകെ 40 മത്സരങ്ങളിൽ ഇടംകൈ ബാറ്ററുടെ സമ്പാദ്യം 1793 റൺസ്. രഞ്ജി ട്രോഫിയിൽ തമിഴ്നാടിനായും മിന്നി. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച സായ് ആകെ കളിച്ച മൂന്നിൽ രണ്ടു മത്സരങ്ങളിലും അർധശതകങ്ങൾ നേടിയെങ്കിലും ഇന്ത്യൻ ടീമിലെ സ്ഥാനം നിലനിർത്താനായില്ല. ഒരു ട്വന്റി20യിലും ഇറങ്ങി.

കഴിഞ്ഞ സീസണിൽ സറേക്കുവേണ്ടി ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിച്ച അനുഭവസമ്പത്തുമായാണ് സായ് ഇന്ത്യയിലേക്ക് മടങ്ങിയത്. ഐ.പി.എല്ലിലെയും രഞ്ജി ട്രോഫിയിലെയും പ്രകടനം ആദ്യമായി ടെസ്റ്റ് ടീമിലുമെത്തിച്ചു. വിരാട് കോഹ്‌ലിയും രോഹിത് ശർമയും വിരമിച്ച ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നവരിൽ പ്രധാനിയാണ് സായ്.

ടൈറ്റൻസ് പുറത്തായ സ്ഥിതിക്ക് ഇന്ത്യ എ ടീമിനായി കളിക്കാൻ നേരത്തേതന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന കാര്യത്തിൽ ബി.സി.സി.ഐ കേന്ദ്രങ്ങൾ ബന്ധപ്പെടുന്നുണ്ടെന്ന് സായ് വെളിപ്പെടുത്തി. താരത്തിന്റെ പ്രകടനത്തെ മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലകൻ മഹേല ജയവർധനെ ശ്ലാഘിച്ചു. ഇംഗ്ലണ്ടിലെ പിച്ചുകൾ വെല്ലുവിളി ഉയർത്തുമെങ്കിലും അതു മറികടക്കാനുള്ള പ്രതിഭ സായിക്കുണ്ടെന്ന് ജയവർധനെ ചൂണ്ടിക്കാട്ടി.

സായ് സുദർശൻ @ ഐ.പി.എൽ 2025

Vs പഞ്ചാബ് 74

Vs മുംബൈ 63

Vs ബംഗളൂരു 49

Vs ഹൈദരാബാദ് 5

Vs രാജസ്ഥാൻ 82

Vs ലഖ്നോ 56

Vs ഡൽഹി 36

Vs കൊൽക്കത്ത 52

Vs രാജസ്ഥാൻ 39

Vs ഹൈദരാബാദ് 48

Vs മുംബൈ 5

Vs ഡൽഹി 108*

Vs ലഖ്നോ 21

Vs ചെന്നൈ 41

Vs ഗുജറാത്ത് 80

ആകെ 759, ശരാശരി 54.21, സ്ട്രൈക് റേറ്റ് 156.21, അർധശതകം 6, സെഞ്ച്വറി 1, ഫോർ 88, സിക്സ് 21

Tags:    
News Summary - Sai Sudarshan - 759 runs in 15 matches; First in the Orange Cap list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.