ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾ ദുബൈയിൽ വെച്ച് നടത്തുന്നതിൽ ഒരുപാട് വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബൈയിൽ വെച്ചാണ് നടക്കുന്നത്. ഇത് ഇന്ത്യക്ക് ആനൂകൂല്യം നൽകുന്നുവെന്ന തരത്തിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നു. മറ്റ് ടീമുകൾ യാത്ര ചെയ്തും വ്യത്യസ്ത ഗ്രൗണ്ടിൽ കളിച്ചും മുന്നോട്ട് നീങ്ങുമ്പോൾ ഇന്ത്യക്ക് മാത്രം ഒരു ഗ്രൗണ്ട് എന്നുള്ളത് വലിയ അഡ്വാന്‍റേജാണെന്ന് ഒരുപാട് പേർ വാദിച്ചു.
ഈ വിമർശനങ്ങളെയും ആരോപണങ്ങളെയും പൂർണമായും തള്ളികളയുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. 'ഓരോ തവണയും പിച്ച് വ്യത്യസ്തമായ വെല്ലുവിളികള്‍ നല്‍കുന്നുണ്ട്. ഞങ്ങള്‍ ഇവിടെ കളിച്ച മൂന്ന് മത്സരങ്ങളിലും പിച്ച് വ്യത്യസ്തമായി പെരുമാറിയിട്ടുണ്ട്. ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ടല്ല, ദുബൈയാണ്. ഞങ്ങള്‍ ഇവിടെ അധികം മത്സരങ്ങളൊന്നും കളിക്കാറില്ല. ഈ പിച്ച് ഞങ്ങൾക്കും പുതിയതാണ്.
ഞായറാഴ്ച ന്യൂസിലാൻഡിനെതിരെയുളള മത്സരത്തിൽ ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ അവരുടെ പന്ത് സീം ചെയ്യുകയും അല്‍പം സ്വിങ് ചെയ്യുകയും ചെയ്യുന്നതായി കണ്ടു. ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ ഞങ്ങളുടെ ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ ഇതൊന്നുമില്ലായിരുന്നു. ആദ്യ റണ്ട് മത്സരങ്ങിൽ അധികം സ്പിന്നൊന്നും നമ്മൾ കണ്ടില്ല,എന്നാൽ ഇന്ന് അത് കണ്ടു.', രോഹിത് പറഞ്ഞു
ദുബൈയിൽ മൂന്നാല് പിച്ചുണ്ടെന്നും ഇതിൽ എവിടെയാണ് കളിക്കുന്നതെന്ന് അറിയില്ലെന്നും രോഹിത് പറയുന്നു. 'ഇവിടെ നാലോ അഞ്ചോ ,പിച്ചുണ്ട്. സെമി ഫൈനലില്‍ ഏത് പിച്ചിലാണ് കളിക്കേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ, എന്തു സംഭവിച്ചാലും നമ്മള്‍ അതിനോട് പൊരുത്തപ്പെടുകയും അതിന് അനുസരിച്ച് കളിക്കുകയും ചെയ്യും,' രോഹിത് ചൂണ്ടിക്കാട്ടി.
ഇന്ന് (മാർച്ച് നാല്) ഉച്ചക്ക് നടക്കുന്ന ഒന്നാം സെമിഫൈനലിൽ ഇന്ത്യ ആസ്ട്രേലിയയെ നേരിടും. രണ്ടാം സെമിയിൽ ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റുമുട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.